തട്ടുകടവുപുഴയിൽ കയാക്കിങ് തുടങ്ങുന്നു

തട്ടുകടവിൽ എത്തിച്ച കയാക്കുകൾ
പറവൂർ
മുസിരിസ് പൈതൃക പദ്ധതിയിൽ തട്ടുകടവുപുഴയിൽ ഞായർമുതൽ കയാക്കിങ് ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് മുസിരിസ് പ്രദേശം ചുറ്റിക്കാണാനുള്ള രണ്ട് വാട്ടർടാക്‌സികളുടെ സർവീസ് ഞായർ പകൽ 3.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഒറ്റയ്ക്കും രണ്ടുപേർക്ക് ഒരുമിച്ചും തുഴയാവുന്ന 25 കയാക്കുകൾ തട്ടുകടവിൽ എത്തിച്ചു. ലൈഫ് ജാക്കറ്റുകൾ ഇവിടെനിന്ന് നൽകും. ‘ബോണ്ട് സഫാരി' എന്ന ഗ്രൂപ്പാണ് കയാക്കിങ് നടത്തിപ്പ് കരാറെടുത്തത്. തിങ്കൾമുതൽ കയാക്കിങ് പൂർണതോതിൽ സജ്ജമാകും.
രാവിലെ 5.30 മുതൽ വൈകിട്ട് 6.30 വരെയാണ് സമയം. സൂര്യോദയം, സൂര്യാസ്‌തമയം എന്നിവ കയാക്കിങ്ങിലൂടെ അനുഭവവേദ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ആറ് സീറ്റുകളുള്ള രണ്ട് വാട്ടർടാക്‌സികളാണ് പുതുതായി തട്ടുകടവിൽനിന്ന് സർവീസ് തുടങ്ങുക. ബോട്ടുകളുടെ കാലാവധി കഴിഞ്ഞതിനാൽ തട്ടുകടവിൽനിന്നുള്ള ബോട്ട്‌സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ 24 സീറ്റുകളുള്ള വലിയ ബോട്ടുകളും പ്രവർത്തനസജ്ജമാകും. കയാക്കിങ് മുസിരിസ് പദ്ധതിയുടെ കീഴിലെ മറ്റു ബോട്ട്ജെട്ടികളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ കെ എസ് ഷൈൻ പറഞ്ഞു.








0 comments