പോരാട്ടപ്പാതയിൽ നമ്മൾ

കണ്ണൂർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സിപിഐ എം ജില്ലാ ഘടകമാണ് കണ്ണൂർ. വനിതകളടക്കമുള്ള പാർടി അംഗങ്ങളുടെ വർധനയിലും ജില്ല സവിശേഷമായ മുന്നേറ്റം എല്ലാക്കാലത്തും കാഴ്‌ചവച്ചു. അംഗങ്ങളുടെ ഗുണപരമായ ഇടപെടലിന് എന്തൊക്കെ ചെയ്യാനാകുമെന്ന ഗൗരവമാർന്ന ചർച്ചകളും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടാകും. 4421 ബ്രാഞ്ചുകളിലും 249 ലോക്കൽ കമ്മിറ്റികളിലും 18 ഏരിയാ കമ്മിറ്റികളിലുമായി 65,550 പാർടി അംഗങ്ങളാണ് ജില്ലയിലുള്ളത്. വർഗ- ബഹുജന- സംഘടനാ അംഗങ്ങളുടെയും ബഹുജന സ്വാധീനത്തിന്റെയും കാര്യത്തിലും കണ്ണൂരിന്റെ മനസ്സ് എന്നും ഇടതോരത്താണ്. പാർടിയിലെ വനിതാ അംഗസംഖ്യ കേരളത്തിൽ ഏറ്റവും കൂടുതലുള്ളതും കണ്ണൂരിലാണ്. ആകെയുള്ള പാർടി അംഗങ്ങളിൽ 32.99 ശതമാനവും വനിതകൾ. കഴിഞ്ഞ സമ്മേളന കാലയവളവിൽമാത്രം അഞ്ച് ശതമാനം വനിതാ അംഗങ്ങളുടെ വർധനയുണ്ടായി. ജില്ലയിൽ രണ്ട് ലോക്കൽ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിലെ പാർടി അംഗങ്ങളിൽ 47 ശതമാനവും സ്ത്രീകളാണ്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കലിലെ നൂഞ്ഞമ്പായി ബ്രാഞ്ചിൽ 24 അംഗങ്ങളിൽ 16 പേരും വനിതകളാണ്. 1964ൽ സിപിഐ എം രൂപംകൊണ്ടശേഷം ജില്ലയിൽ അതിനെ നയിച്ചത് പ്രൗഢ നേതൃനിരയായിരുന്നു. അവരിൽ ചിലർ പാർടിയുടെ പരമോന്നത നേതൃസമിതിയായ പൊളിറ്റ് ബ്യൂറോവരെ എത്തി. പാർടിയുടെ ആദ്യ ജില്ലാ സെക്രട്ടറി എ വി കുഞ്ഞന്പുവായിരുന്നു. '64ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാൻ നേതൃത്വം നൽകിയ 32 വിപ്ലവകാരികളിൽ ഒരാൾകൂടിയായിരുന്നു എ വി. 1967ൽ എ വി കുഞ്ഞമ്പു സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് കുറച്ചുകാലം മൊറാഴ സമരനായകൻ കെ പി ആർ ഗോപാലൻ ജില്ലാ സെക്രട്ടറിയായി. ആ വർഷം ഡിസംബറിൽ പെരളശേരിയിൽ നടന്ന ജില്ലാ പ്ലീനത്തിൽ എം വി രാഘവൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാട്യം ഗോപാലൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, ടി ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, പി ശശി, പി ജയരാജൻ, എം വി ജയരാജൻ, കെ കെ രാഗേഷ് തുടങ്ങിയ നേതാക്കൾ ജില്ലയിലെ പാർടിയെ നയിച്ചു.








0 comments