Deshabhimani

മഴക്കാല രോഗങ്ങള്‍

പനി പിടിച്ചവര്‍ 92,032, പകര്‍ച്ചവ്യാധിമരണം 67

Monsoon-related diseases
വെബ് ഡെസ്ക്

Published on Oct 03, 2026, 03:28 AM | 1 min read

കൊച്ചി


ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് പിടിതരാതെ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. സെപ്‌തംബറിലും ജില്ലയിലെ പനിച്ചൂടിന് കുറവുണ്ടായില്ല. 20,257 പേർക്കാണ്‌ പനി ബാധിച്ചത്. ഇതോടെ ഈ മഴക്കാലത്ത് ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം 92,032 ആയി. ജൂണില്‍ 26,738 പേരും ജൂലൈയില്‍ 24,375 പേരും ആഗസ്‌തില്‍ 20,662 പേരും പനിബാധിതരായി. അഞ്ചുപേര്‍ മരിച്ചു. പനിച്ചൂട് കുറയ്ക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ കൃത്യമായ പ്രതിരോധങ്ങള്‍ ഉണ്ടാകുന്നില്ല.

എലിപ്പനി, ഡെങ്കി, എച്ച്1 എന്‍1, വെസ്റ്റ്നൈല്‍ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ശ്വാസകോശ അണുബാധ, ഇന്‍ഫ്ലുവന്‍സ, മസ്തിഷ്കജ്വരം എന്നിവയും ജില്ലയിലെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സെപ്‌തംബര്‍ 30ന് ചൂര്‍ണിക്കരയില്‍ ഷിഗെല്ലയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വീണ്ടും ഷിഗെല്ല പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു.


മൂന്നിലൊരാള്‍ക്ക് ഡെങ്കി


ഡെങ്കിയാണ് അതിവേഗം പടരുന്നത്. ലക്ഷണവുമായി വന്ന 706 പേരിൽ 236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളുമായെത്തിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും കൊതുകിന്റെ പ്രജനന ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കൊച്ചി നഗരസഭയുടെ മാലിന്യനീക്കം നിലച്ചതും കൊതുക് പെരുകാന്‍ കാരണമായി. എട്ടുപേര്‍ക്ക് മലേറിയയും പിടിപെട്ടു.


മഴക്കാലമരണം 67


മഴക്കാലത്ത് ജില്ലയില്‍ പകര്‍ച്ചവ്യാധിമരണം 67 ആയി. ആറുമരണം സെപ്‌തംബറില്‍ റിപ്പോര്‍ട്ട് ചെയ്‌തു. അഞ്ചും എലിപ്പനി മരണമാണ്, ഒരാള്‍ എച്ച്1 എന്‍1 ബാധിച്ചും മരിച്ചു. മഴക്കാലത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. അമ്പത്തിയാറുകാരനായ എടവനക്കാട് സ്വദേശി, മുടക്കുഴയില്‍ നാല്‍പത്തിരണ്ടുകാരന്‍, നോര്‍ത്ത് പറവൂരില്‍ എഴുപത്തിയൊന്നുകാരി, എടത്തലയില്‍ നാല്‍പ്പത്തിയഞ്ചുകാരന്‍, തമ്മനത്ത് മുപ്പത്തിയേഴുകാരന്‍ എന്നിവർ കഴിഞ്ഞമാസം എലിപ്പനിമൂലം മരിച്ചു. കുന്നത്തേരി സ്വദേശിയായ അറുപത്തിയാറുകാരിയാണ് എച്ച്1 എന്‍1 ബാധിച്ച് മരിച്ചത്.


ഉയര്‍ന്ന് എലിപ്പനി, 
മഞ്ഞപ്പിത്തം

മുന്‍മാസങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്തബാധ നിരക്ക് ഉയരുന്നുണ്ട്. 127 പേരാണ് രോഗബാധിതരായത്. 56 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 1125 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സയും 3636 പേര്‍ക്ക് വയറിളക്കരോഗങ്ങളും ബാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home