ആകാശം നോക്കാൻ മറക്കണ്ട നാളെ ഡബിൾ ഷോയാ

പയ്യന്നൂർ രസകരമായ ആകാശക്കാഴ്ചകൾ കാണാൻ ഞായറാഴ്‌ച അവസരമൊരുങ്ങുന്നു. നഗ്നനേത്രംകൊണ്ട് തന്നെ ഇവയെല്ലാം കാണാനാവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാഴ്ചയാണ് ആദ്യത്തേത്. സൂര്യാസ്തമയത്തിനു ശേഷം 6.54 നു ആകാശത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തുനിന്നുയർന്നുവന്ന് തെക്ക് - കിഴക്ക് ഭാഗത്തേക്ക് പോയി മറയുന്നതാണ് കാണുക. ഭൂമിയിൽ നിന്ന് 400 കി. മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28000 കി. മീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ലബോറട്ടറിയാണിത്. തിളക്കമുള്ള നക്ഷത്രം പോലെ ഇത് കടന്നുപോകുന്നത് കാണാം. മറ്റൊന്ന് ശനി സൂര്യന്റെയും ഭൂമിയുടെയും എതിർവശത്തു വരുന്ന പ്രതിഭാസമാണ് (സാറ്റേൺ ഓപ്പോസിഷൻ). ഈ സമയം ശനി ഭൂമിയോട് കൂടുതൽ അടുത്തുവരുന്നതുകൊണ്ട് ശനിയെ കൂടുതൽ തിളക്കത്തിൽ കാണാം. നാലിന് സന്ധ്യയ്ക്ക് നേർകിഴക്ക് ഭാഗത്ത് മീനം നക്ഷത്ര ഗണത്തിൽ ശനിയെ കാണാം. പുലരുംവരെ ശനി ആകാശത്തുണ്ടാകും. ടെലസ്കോപ്പിലൂടെ നോക്കിയാൽ ശനിയുടെ ഉപഗ്രഹങ്ങളായ റിയ, ഡയോണ, എൻസലേഡസ്, ടെത്തീസ് എന്നിവയേയും കാണാം. ശനിയുടെ തെക്ക് ഭാഗത്തായി ആൻഡ്രോമേഡ ഗാലക്സിയേയും കാണാം. വിസ്മയങ്ങൾ ടെലസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ (ആസ്ട്രോ) വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി വാന നിരീക്ഷണ ക്ലാസുമുണ്ടാകുമെന്ന് ആസ്ട്രോ ഡയറക്ടർ ഗംഗാധരൻ വെള്ളൂർപറഞ്ഞു. ഫോൺ : 9446680876.








0 comments