പൊരിവെയിൽ തോറ്റു, പ്രതിഷേധച്ചൂടിൽ

ജന്തര്‍ മന്തറില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകൻ
Published on Oct 03, 2026, 01:44 AM | 1 min read
കോഴിക്കോട്
ജനാധിപത്യ സംരക്ഷണ പോരാട്ടത്തെ അടിച്ചമർത്താനും സമരത്തിന് നേതൃത്വം നൽകുന്നവരെ തെരുവിൽ വലിച്ചിഴക്കുന്ന കാടത്തത്തിനുമെതിരെ ജില്ലയിലും തിളച്ചുയർന്ന് രോഷം. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കമുള്ളവരെ രാജ്യതലസ്ഥാനത്ത് അറസ്റ്റുചെയ്തതറിഞ്ഞ് ജില്ലയുടെ തെരുവുകളിൽ പ്രതിഷേധം ആളിപ്പടർന്നു.
ജനാധിപത്യത്തിന്റെ ആരാച്ചാരായി മാറുന്ന കേന്ദ്രസർക്കാരിനും പൗരരുടെ വോട്ടവകാശത്തിനുമേൽ കത്തിവയ്ക്കുന്ന തെരഞ്ഞെടുപ്പ് കമീഷണറുടെ നടപടികൾക്കുമെതിരെയായിരുന്നു യുവജനനേതാക്കളും സമരക്കാരും തെരുവിലിറങ്ങിയത്. ഇവരെ അടിച്ചമർത്തുന്നതറിഞ്ഞെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കമുള്ളവരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാർടി പ്രവർത്തകർ ഒത്തുചേർന്നത്. കോഴിക്കോട് നഗരത്തിലും ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
സിപിഐ എം ജില്ലാ കമ്മിറ്റി നടക്കുന്നതിനിടെയാണ് നേതാക്കളുടെ അറസ്റ്റ് വിവരമറിഞ്ഞത്. യോഗം നിർത്തിവച്ച് നേതാക്കൾ പ്രതിഷേധത്തിന് ആഹ്വാനംചെയ്തു. പകൽ ഒന്നിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിന് സമീപത്തുനിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. മാവൂർ റോഡിലൂടെ പുതിയ സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ, എ പ്രദീപ്‌കുമാർ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി വിശ്വനാഥൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, പി നിഖിൽ, എസ് കെ സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.








0 comments