ആരോഗ്യമേഖലയെയും ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നു

കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം ലോകത്തിനുതന്നെ മാതൃകയെന്ന് പ്രശംസിക്കപ്പെട്ടതാണ്. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം അതിനെ കൂടുതൽ ശക്തിപ്പെടുത്തി. കേന്ദ്രസർക്കാരിനുകീഴിലെ നിതി ആയോഗ് നിരവധിതവണ സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തെ രാജ്യത്തിനുതന്നെ മാതൃകയെന്ന് വിശേഷിപ്പിച്ചു. മാതൃ, ശിശു മരണനിരക്കിലടക്കം സംസ്ഥാനം നേടിയ പുരോഗതി ലോകത്തെ വികസിതരാജ്യങ്ങൾക്കും മുന്നിൽ നിൽക്കുന്നതാണ്. എന്നാൽ, യുഡിഎഫ് അധികാരത്തിലേറി ആഴ്ചകൾക്കകം ഇതിന് അപവാദമാകുന്ന വാർത്തകൾ ദൈനംദിനമെന്നോണം പുറത്തുവരുന്നു. സംസ്ഥാനത്തെ വൈദ്യുതിമേഖലയിൽ ഇരുണ്ട കാലം തിരിച്ചുവന്നു. അതുതന്നെ ആരോഗ്യമേഖലയിലും രൂപപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. വൈദ്യുതി ഇല്ലെങ്കിൽ ശസ്ത്രക്രിയ മാറ്റിവച്ചുകൂടേ എന്ന ആരോഗ്യമന്ത്രിയുടെ ചോദ്യത്തിൽനിന്ന് അത് വ്യക്തം.
ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാത്തതും മരുന്ന് മാറി ചികിത്സ നടത്തുന്നതും വൈദ്യുതി ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നതുമടക്കം നിരവധി സംഭവങ്ങൾ ഇതിനകം വാർത്തയായി. ഏറ്റവും താഴെക്കിടയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾതൊട്ട് ഇല്ലായ്‌മകളുടെ പരാതികൾ ഉയരുന്നു. മരുന്നുകളുടെ അഭാവത്തോടൊപ്പം വേണ്ടത്ര ജീവനക്കാരും ഡോക്ടർമാരും ഇല്ലാത്തതിന്റെ ആക്ഷേപങ്ങളുമുണ്ട്. ജീവനക്കാരുടെ കൂട്ടായ്‌മയ്‌ക്ക് കോട്ടംതട്ടുന്ന നടപടികൾ വകുപ്പിന് നേതൃത്വം നൽകുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമാകുന്നത് സ്വാഭാവികം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ തൻപ്രമാണിത്തം പ്രകടിപ്പിക്കാനുള്ളതായി അധികാരത്തെ കാണുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്ത് അതിലേറെ ഗൗരവം നിറഞ്ഞതാണ്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നതിനിടെയായിരുന്നു ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ പ്രതികാരനടപടിയുമായി മന്ത്രി മുന്നിട്ടിറങ്ങിയത്. രോഗപ്രതിരോധത്തിനായിരുന്നില്ല മുൻഗണന. ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ നടപടിയെടുത്താണ് ഇതിന് തുടക്കംകുറിച്ചത്. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചായിരുന്നു നടപടിയെന്ന് പിന്നീട് തെളിവുകൾ സഹിതം പുറത്തുവന്നു. എന്നിട്ടും ജീവനക്കാർക്കുനേരെ ഭീഷണിയും പ്രതികാരനടപടി തുടരുമെന്ന പരസ്യപ്രഖ്യാപനവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന് ആക്കംകൂട്ടുന്നവിധത്തിൽ നടപടികളുമുണ്ടായി. ഇത് ഈ മേഖലയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ദൈനംദിനപ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിച്ചു.
മഴക്കാലപൂർവ ശുചീകരണം മുടങ്ങിയതിനാൽ പകർച്ചവ്യാധികൾ സംസ്ഥാനത്താകെ പടർന്നപ്പോഴും അതിനെ മറച്ചുവച്ച് നിസ്സാരവൽക്കരിക്കാനായിരുന്നു മന്ത്രിക്ക് വ്യഗ്രത. നിരവധി ജീവനുകളാണ് പകർച്ചവ്യാധിമൂലം ഏതാനും ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്ത് നഷ്ടമായത്. രോഗങ്ങൾ നിയന്ത്രണവിധേയമായി എന്ന് അവകാശപ്പെടുന്നതിനിടെ ഷിഗല്ലയടക്കം വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് തുടങ്ങി. കൂടുതൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം കുടുംബാരോഗ്യകേന്ദ്രങ്ങളിലടക്കം നടപ്പാക്കിയിട്ടാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. എല്ലാ ആശുപത്രികളിലും ആധുനിക ചികിത്സാസംവിധാനങ്ങൾ ഉറപ്പാക്കാനും മരുന്നും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനും സാധിച്ചിരുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കാനും എൽഡിഎഫ് സർക്കാരിന് സാധിച്ചു. പത്തുവർഷത്തിനിടെ നിരവധിതവണയാണ് കേന്ദ്രസർക്കാരിൽനിന്നും രാജ്യാന്തരമേഖലയിൽനിന്നും സംസ്ഥാനത്തെ ആരോഗ്യമേഖല മികവിനുള്ള അംഗീകാരം നേടിയത്.
അന്നത്തെ പ്രതിപക്ഷത്തോടൊപ്പം ചേർന്ന്, ജീവനക്കാരുടെ ഒറ്റപ്പെട്ട വീഴ്ചകളെ വലുതാക്കി പൊതുജനാരോഗ്യമേഖലയാകെ തകർന്നു എന്നു പ്രചരിപ്പിച്ച വലതുപക്ഷ മാധ്യമങ്ങൾക്കും ഇന്ന് മിണ്ടാട്ടമില്ല. എന്തിനുവേണ്ടിയായിരുന്നു അന്നത്തെ മുറവിളിയെന്ന് ഇതിലൂടെ വ്യക്തം. പൊതുജനാരോഗ്യമേഖലയുടെ വിശ്വാസ്യത തകർത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതൽ വഴിതുറക്കുകയായിരുന്നു ലക്ഷ്യം. അതിന് സഹായമാകുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും ഉണ്ടാകുന്നത്. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും പട്ടിണികിടക്കാൻ ഇടയാകരുതെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ തുടങ്ങിവച്ച പൊതിച്ചോറ് വിതരണം നിർത്തുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും നിർധനരോഗികളെ സഹായിക്കാനല്ല. തങ്ങളെക്കൊണ്ട് ചെയ്യാൻ സാധിക്കാത്തത് മറ്റാരും ചെയ്യേണ്ട എന്ന കുടിലബുദ്ധിമാത്രമാണ് ഇതിനുപിന്നിൽ. മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ജനരോഷം ശക്തമായപ്പോൾ സ്വയം പിന്മാറേണ്ടിവന്നു. ഇത്തരത്തിൽ പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരികതന്നെ ചെയ്യും.










0 comments