print edition അടിച്ചമർത്തൽ വിജയിക്കില്ല: എം എ ബേബി


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:46 AM | 1 min read
ന്യൂഡൽഹി : ജന്തർമന്തറിലെ വിദ്യാർഥി– യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെയും പൊലീസിന്റെയും നീക്കങ്ങൾ വിജയിക്കില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഭരണഘടനയുടെ 19(1) ഡി പ്രകാരം സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ജന്തർമന്തറിന് ചുറ്റുമായുള്ള 16 മെട്രോ സ്‌റ്റേഷനുകൾ ബിജെപി സർക്കാർ അടച്ചു. ജനങ്ങൾ സമരകേന്ദ്രത്തിലേക്ക് എത്താതിരിക്കുന്നതിനുള്ള ഇൗ നീക്കം വിജയിക്കില്ല.
ലാത്തികളെയും കണ്ണീർവാതക പ്രയോഗത്തെയും പുകബോംബുകളെയും അതിജീവിച്ച വിദ്യാർഥി– യുവജന പ്രക്ഷോഭകർ ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വം നിറഞ്ഞ അടിച്ചമർത്തൽ നടപടികൾക്ക് മുന്നിൽ മുട്ടുമടക്കില്ല. മന്ത്രി ധർമേന്ദ്ര പ്രധാനെ നീക്കാനും വിദ്യാഭ്യാസ മേഖലയിലെ കൂട്ടക്കുഴപ്പങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി ഉറപ്പുവരുത്താനും സർക്കാർ നിർബന്ധിതരാകും. അതിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനും വിദ്യാർഥികളും യുവാക്കളും തയ്യാറാകില്ല– എം എ ബേബി സമൂഹമാധ്യമത്തിൽ കുറിച്ചു.










0 comments