print edition എന്തിനാണ് പൊലീസ്; പ്രതിക്കൊപ്പം ഫുഡ് അടിക്കാനോ? ആഭ്യന്തരവകുപ്പിനെ നിർത്തിപ്പൊരിച്ച് കോടതി

സ്വന്തം ലേഖിക
Published on Jul 23, 2026, 01:33 AM | 2 min read
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ സംരക്ഷിക്കാൻ ഒത്തുകളിച്ച പൊലീസിന് ഹൈക്കോടതിയുടെ നിശിതവിമർശം. ഭരണസംവിധാനം പരാജയപ്പെട്ടെന്നും കഴിഞ്ഞ 15വർഷത്തെ ഭരണത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി ജഡ്‌ജി എ ബദറുദീൻ ഓർമിപ്പിച്ചു.
‘‘പ്രതി പോയിടത്തെല്ലാം പൊലീസ് പിന്നാലെ പോയി ആഘോഷമാക്കി. കൂടെനടന്ന് ഫുഡ് അടിച്ചു. പ്രതി കീഴടങ്ങാനെത്തിയപ്പോൾ നടപടിക്രമം പാലിക്കാതെ അറസ്റ്റ്ചെയ്‌ത് പുറത്തിറങ്ങാൻ പഴുതുണ്ടാക്കി. എന്തിനാണ് ഇവിടെ പൊലീസ്? പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ? പണമുള്ളവർക്ക് ഹുങ്കുകൊണ്ട് എന്തുംചെയ്യാമെന്നാണോ? അറസ്റ്റ് ചെയ്യുമ്പോൾ കാരണം അറിയിക്കണമെന്ന് ഡിവെെഎസ്‌പിക്ക് അറിയില്ലേ. ആദ്യമായിട്ടാണോ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്? പ്രതിയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി പാരിതോഷികം കൈപ്പറ്റിയെന്ന് സംശയിക്കണം. പദവിയിൽ തുടരാൻ അയാൾക്ക് അർഹതയില്ല. ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണിത്. അന്വേഷകസംഘത്തെ മാറ്റി തലയൂരാനാണ് സർക്കാർ ശ്രമിച്ചത്. റാമിനെ അറസ്റ്റ്ചെയ്യാൻ നടപടിക്രമം അറിയാത്ത പൊലീസ് ആർക്കൊപ്പമാണെന്ന് എല്ലാവർക്കുമറിയാം’’ ജാമ്യം ലഭിക്കാൻ അവസരമൊരുക്കുംവിധമാണ് പ്രവർത്തിച്ചത്.
പൊലീസ് തലപ്പത്ത് വൻ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കണം. അറസ്റ്റിന് കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷൻസ് കോടതിയിൽ ഹാജരാക്കിയത് ഇതിന് തെളിവാണ്. ഡോ. റാമിന് തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയിൽനിന്ന് ജാമ്യം ലഭിക്കാനിടയായതും വിശദമായി അന്വേഷിക്കണം. പൊലീസ് അതിന് തയ്യാറല്ലെങ്കിൽ പ്രതിയുമായി ബന്ധപ്പെട്ടവരുടെ ഫോൺ വിവരം പരിശോധിക്കും. ലോൺ ആപ്പിലെ വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതുകൊണ്ട് നിധിൻ രാജ് ആത്മഹത്യ ചെയ്‌തെന്ന വാദം ആരാണ് വിശ്വസിക്കുകയെന്നും കോടതി ചോ ദിച്ചു. റിമാൻഡ് ചെയ്‌തപ്പോൾ സെഷൻസ് കോടതിയിൽ ഹാജരാക്കിയ മുഴുവൻ രേഖകളും അന്വേഷണ ഉദ്യോഗസ്ഥൻ വെള്ളിയാഴ്‌ച കോടതിയിൽ നേരിട്ട് ഹാജരാക്കണം. സുപ്രീംകോടതി നിർദേശം പാലിക്കാൻ സ്വീകരിച്ച നടപടികൾ വിവരിച്ച് ഡിവൈഎസ്‌പി സത്യവാങ്മൂലവും പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന്റെ പകർപ്പും ഹാജരാക്കണം.
ജാമ്യാപേക്ഷ പരിഗണിക്കുംമുമ്പ് സുപ്രീംകോടതിയുടെ അറസ്റ്റ് മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക കോടതിയോടും ആവശ്യപ്പെട്ടു. ജാമ്യം നൽകിയ സാഹചര്യം ചൂണ്ടിക്കാട്ടി നിധിൻ രാജിന്റെ മാതാപിതാക്കളായ ലത, രാജൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. അതിനിടെ ഡോ. എം കെ റാമിനെ അറസ്റ്റുചെയ്യാൻ അനുമതി തേടി അന്വേഷകസംഘം തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയിൽ ഹർജി നൽകി.










0 comments