print edition നരനായാട്ടിൽ കേന്ദ്രത്തിന്റെ വാദം തള്ളി; ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഡൽഹി ഹൈക്കോടതി


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:43 AM | 1 min read
ന്യൂഡൽഹി : വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നരനായാട്ടിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി അവഗണിച്ച അതേ ദിവസം സമാന ഹർജികൾ അടിയന്തരമായി പരിഗണിച്ചും കേന്ദ്രസർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചും ഡൽഹി ഹൈക്കോടതി. ഒറ്റപ്പെട്ട സംഭവമല്ല നടന്നതെന്ന് പറഞ്ഞ ചീഫ് ജസ്‌റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ, ജസ്‌റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ച്, അങ്ങനെയായിരുന്നുവെങ്കിൽ ഇതല്ല സംഭവിക്കുകയെന്നും വിമർശിച്ചു. ഹർജികളിൽ നാലാഴ്‌ചക്കകം കേന്ദ്രവും പൊലീസും മറുപടി നൽകണം.
ഒറ്റപ്പെട്ട സംഭവമാണെന്ന കേന്ദ്രസർക്കാർ വാദം തള്ളി. പ്രതിഷേധക്കാരുടേത് നിയമവിരുദ്ധമായ ഒത്തുചേരലാണെങ്കിൽ അത് കൈകാര്യം ചെയ്യാൻ നടപടിക്രമമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ വിമർശിച്ചു. സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും സൂക്ഷിക്കാനും ഉത്തരവിട്ടു.
വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ് പാർലമെന്റ് മാർച്ച് എന്നും സംഘർഷം പൊലീസാണ് ഉണ്ടാക്കിയതെന്നും മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ വാദിച്ചു. പെൺകുട്ടികൾക്ക് നേരെ പൊലീസിന്റെ ലൈംഗീകാതിക്രം നടന്നുവെന്നും തലയ്‌ക്ക് അടിക്കുന്നത് അനുവദിക്കാനാവില്ലെന്നും മറ്റൊരു മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചൂണ്ടിക്കാട്ടി. പ്രശസ്‌തിക്ക് വേണ്ടിയുള്ള ഹർജികളാണിതെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.എങ്ങനെയാണ് പ്രശസ്‌തിക്ക് വേണ്ടിയുള്ള ഹർജിയാകുന്നെന്ന് അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് ചോദിച്ചു.










0 comments