ad
Deshabhimani

വളരും 
ഇടതുപക്ഷ ബദൽ

the left alternative
വെബ് ഡെസ്ക്

Published on Apr 03, 2025, 12:00 AM | 2 min read


സമരങ്ങളുടെയും സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും ചരിത്രമുറങ്ങുന്ന മധുരയിൽ സിപിഐ എമ്മിന്റെ 24–-ാം പാർടി കോൺഗ്രസിന്‌ തുടക്കമായി. ഇനി അഞ്ചുദിവസം സാർവദേശീയ, ദേശീയ രാഷ്‌ട്രീയ സ്ഥിതിഗതികൾ ഇഴകീറി പരിശോധിക്കപ്പെടും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്‌ട്രീയപ്രമേയം, രാഷ്‌ട്രീയ അവലോകന റിപ്പോർട്ട്‌, സംഘടനാ റിപ്പോർട്ട്‌ എന്നിവ പ്രതിനിധികൾ ചർച്ചചെയ്യും. ദേശീയ രാഷ്‌ട്രീയത്തിൽ പടരുന്ന ആശങ്കയുടെ ഇരുണ്ട കാർമേഘങ്ങളെ ചെറുത്ത്‌ കൂടുതൽ മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടങ്ങൾക്ക്‌ കോൺഗ്രസ്‌ രൂപം നൽകുമെന്ന്‌ ഉദ്‌ഘാടന സമ്മേളനംതന്നെ വ്യക്തമായ സൂചന നൽകുന്നു. ഹിന്ദുത്വ–- നവ ഉദാരവാദ നയങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ, വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിന്‌ സമരാങ്കണത്തിലിറങ്ങാൻ ഇന്ത്യൻ ജനതയെ ആഹ്വാനം ചെയ്‌താണ്‌ മഹാസമ്മേളനത്തിന്‌ തുടക്കമായത്‌. പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ സ്‌മരണ തുടിച്ച വേദിയിലായിരുന്നു ഉദ്‌ഘാടനം.


വെല്ലുവിളിയും എതിർപ്പും എത്ര കഠിനമായാലും ഇന്ത്യൻ രാഷ്‌ട്രീയത്തെ ശരിയായ പാതയിൽ നയിക്കാനുള്ള സമരങ്ങളിൽ സിപിഐ എം മുന്നിലുണ്ടാകുമെന്ന്‌ പാർടി കോൺഗ്രസ്‌ ഉദ്‌ഘാടനം ചെയ്‌ത പിബി കോ–- ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. നവ ഉദാരവാദ–- നവ ഫാസിസ്റ്റ്‌ നയങ്ങളെ ചെറുക്കാൻ ഇടതുപക്ഷ ബദലിനു മാത്രമേ കഴിയൂ എന്ന സന്ദേശം നൽകിയ ഉദ്‌ഘാടന സമ്മേളനം രാജ്യത്തെ ഇടതുപക്ഷ പാർടികളുടെ ഐക്യത്തിനും വേദിയായി. ഇന്ത്യയും ലോകവും നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാർഥ ചിത്രങ്ങളായിരുന്നു ഉദ്‌ഘാടന സമ്മേളനത്തിൽ നിറഞ്ഞത്‌. ശക്തി എത്ര കുറവെങ്കിലും ഇടതുപക്ഷത്തിനു മാത്രമേ യഥാർഥ തിരുത്തൽ ശക്തിയാകാനാകൂ. അതുകൊണ്ടുതന്നെ ഇടതുപക്ഷ പാർടികളുടെ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളുമാണ്‌ രാജ്യം ഇന്ന്‌ ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കപ്പെട്ടു. സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ അഭിവാദ്യം ചെയ്‌തു.


ഇന്ത്യ വളരെ അപകടകരമായ രാഷ്‌ട്രീയ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌ എന്നതിൽ ഇടതുപക്ഷനേതാക്കൾക്കെല്ലാം ഒരേ സ്വരമായിരുന്നു. മോദി സർക്കാർ ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡ മുന്നോട്ടു കൊണ്ടുപോവുകയും നവ ഉദാരനയങ്ങൾ തീവ്രമായി നടപ്പാക്കുകയും ചെയ്യുന്നു. മുസ്ലിംവിഭാഗം അടക്കമുള്ള ന്യൂനപക്ഷങ്ങളും ദളിത്‌വിഭാഗങ്ങളും സ്ഥിരമായി വേട്ടയാടപ്പെടുകയാണ്‌. അധികാര സംവിധാനങ്ങളുടെ പിന്തുണയും സഹായവും ഈ വേട്ടക്കാർക്ക് ലഭിക്കുന്നുണ്ട്‌. ഹിന്ദുത്വ ഏകോപനത്തിനായി വർഗീയധ്രുവീകരണം സ്ഥിരമായി നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം–- ഇന്ത്യയുടെ നേർചിത്രമാണ്‌ അവിടെ വിരിഞ്ഞത്‌. ഇതിനെ ചെറുക്കുന്നതിന്‌ കുറുക്കുവഴികളില്ല. നിരന്തരമായ ആശയപ്രചാരണവും ജനങ്ങളെ അണിനിരത്തിയുള്ള സമരവും മാത്രമാണ്‌ പരിഹാരം.


ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പൊതുദൗർബല്യവും ചർച്ചയായ ഉദ്‌ഘാടന സമ്മേളനം അത്‌ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വിരൽചൂണ്ടി. ദേശീയ രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സമരശക്തിയായി ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌ സിപിഐ എമ്മിന്‌ മാറാൻ കഴിഞ്ഞിട്ടുണ്ട്‌. തൊഴിലാളി–- കർഷക സമരങ്ങളിലടക്കം ഇത്‌ കണ്ടതാണ്‌. കാഞ്ചീപുരത്ത് സാംസങ് തൊഴിലാളികളുടെ 38 ദിവസത്തെ പണിമുടക്ക്‌ വിജയം മറ്റൊരു ഉദാഹരണം. എന്നാൽ, ഇതിനെ പാർടിയുടെ ജനകീയ അടിത്തറയായി വികസിപ്പിക്കുന്നതിലും പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടായി മാറ്റുന്നതിലുമുള്ള ദൗർബല്യം തുടരുകയാണ്‌. തെരുവിലെ പോരാട്ടവീറ്‌ ബാലറ്റിലേക്ക്‌ പരിവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇടതുപക്ഷത്തിന്റെ യഥാർഥ ശക്തി പാർലമെന്റിലെ എണ്ണമായി മാറുന്നില്ല. ഇത്‌ ഇടതുപക്ഷത്തിന്റെ ഇടപെടൽശേഷി കുറയ്‌ക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുന്നിടത്തോളം ഇത്‌ പരിഹരിച്ചേ മതിയാകൂ. ഇടതുപക്ഷത്തിന്‌ നേതൃത്വം നൽകുന്ന പാർടിയെന്ന നിലയിൽ സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വർധിപ്പിച്ചുകൊണ്ടുമാത്രമേ ഇതിന്‌ പരിഹാരം കാണാനാകൂ.


സമരങ്ങളിലേക്ക് എത്തുന്നവരെയും വർഗ-ബഹുജന സംഘടനകളിലെ അംഗങ്ങളെയും രാഷ്ട്രീയവൽക്കരിച്ചു മാത്രമേ സ്വതന്ത്രശക്തി വളരൂ. ഇത്തരത്തിലുള്ള ചർച്ചയും തീരുമാനങ്ങളും പാർടി കോൺഗ്രസിൽ ഉണ്ടാകുമെന്ന സൂചന പ്രത്യാശ നൽകുന്നതാണ്‌. ഒപ്പം ഇടതുപക്ഷ ഐക്യം വികസിപ്പിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദൽ രൂപപ്പെടുത്താനുമുള്ള ആഹ്വാനം 24–--ാം കോൺഗ്രസിൽ ഉയരുകതന്നെ ചെയ്യും. സാമ്രാജ്യത്വ ദാസ്യ–- നവ ഉദാരവാദനയങ്ങൾ തുടരുന്ന കേന്ദ്ര ഭരണകൂടത്തിനു കീഴെ ഒരു സംസ്ഥാനത്ത്‌ ബദലുകൾ സാധ്യമാണെന്ന്‌ തെളിയിക്കുന്ന കേരളവും പരാമർശിക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ശത്രുതാപരവും വിവേചനപരവുമായ നിലപാടുകൾക്കു മുന്നിൽ കീഴടങ്ങാതെയാണ്‌ അത്‌ സാധ്യമാക്കുന്നത്‌. ഇത്‌ മറ്റു സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ നൽകുന്ന ഊർജം ചെറുതല്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home