Deshabhimani

print edition പരാജയപ്പെടുന്ന
ട്രിപ്പിൾ എൻജിൻ ഭരണസംവിധാനം

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 12, 2026, 12:00 AM | 2 min read

രാജ്യതലസ്ഥാനമായ ഡൽഹി പതിവുപോലെ ശൈത്യകാല ശ്വാസംമുട്ടലിലാണ്‌. ദീപാവലികൂടി കഴിഞ്ഞതോടെ ഡൽഹിയിലെ വായുമലിനീകരണം എല്ലാ സീമകളും ലംഘിച്ചുകഴിഞ്ഞു. ദീപാവലിപ്പിറ്റേന്നായ തിങ്കളാഴ്‌ച ഡൽഹിയിലെ വായുനിലവാരസൂചിക (എക്യുഐ) 2000 വരെ എത്തിയതായാണ്‌ അന‍ൗദ്യോഗിക കണക്ക്‌. സർക്കാർ കണക്കുപ്രകാരം എക്യുഐ 500 വരെയാണ്‌. ഇ‍ൗ സൂചികയുടെ മേൽത്തട്ട്‌ അഞ്ഞൂറാക്കി നിയന്ത്രിച്ചിട്ടുമുണ്ട്‌. 500ൽ കൂടുതലായാൽ അത്‌ രേഖപ്പെടുത്താൻ ഒ‍ൗദ്യോഗിക സംവിധാനങ്ങൾക്ക്‌ കഴിയില്ല.


​വായുനിലവാരം തീർത്തും മോശമാകുന്നതിന്‌ കാരണമായത്‌ ദീപാവലി പ്രമാണിച്ചുള്ള പടക്കംപൊട്ടിക്കലാണ്‌. പടക്കംപൊട്ടിക്കുന്നതിന്‌ പല നിയന്ത്രണങ്ങളും സുപ്രീംകോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല. അംഗീകൃത ഹരിതപടക്കങ്ങളുടെ നിയന്ത്രിത ഉപയോഗംമാത്രമാണ്‌ കോടതി അനുവദിച്ചിരുന്നത്‌. രാവിലെ ആറുമുതൽ ഏഴുവരെയും രാത്രി എട്ടുമുതൽ പത്തുവരെയും മാത്രമാണ്‌ പടക്കങ്ങളുടെ ഉപയോഗത്തിന്‌ അനുമതിയുണ്ടായിരുന്നത്‌. ഹരിതപടക്കങ്ങൾ ഉപയോഗിച്ചില്ലെന്നുമാത്രമല്ല, ദീപാവലിരാത്രിയിൽ ഏറെ വൈകിയും പടക്കംപൊട്ടിക്കൽ തടസ്സമില്ലാതെ തുടർന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ, വൃദ്ധസദനങ്ങൾ, മറ്റു നിയന്ത്രിതമേഖലകൾ എന്നിവിടങ്ങളിൽ 300 മീറ്റർ ദൂരപരിധിയിൽ പടക്കങ്ങളുടെ ഉപയോഗം വിലക്കിയിരുന്നു. ഇ‍ൗ വ്യവസ്ഥയും ലംഘിച്ചു.


​ദീപാവലിരാത്രിയോടെതന്നെ ഡൽഹി കടുത്ത പുകമഞ്ഞിൽ മുങ്ങി. ഇ‍ൗ ഘട്ടത്തിലാണ്‌ എക്യുഐ 2000 വരെ എത്തിയത്‌. ദീപാവലിദിനത്തിൽ പടക്കങ്ങളുടെ അനിയന്ത്രിത ഉപയോഗം തടയുന്നതിന്‌ നടപടിയൊന്നും അധികൃതർ സ്വീകരിച്ചില്ല. നിയമലംഘകരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ, ആരോഗ്യമന്ത്രി ജെ പി നദ്ദയടക്കം കുട്ടികൾക്കൊപ്പം പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അതേസമയം പ്രധാനമന്ത്രിയും ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും ദീപാവലിദിനം ആഘോഷിച്ചത്‌ താരതമ്യേന വായുമലിനീകരണം കുറഞ്ഞ സ്ഥലങ്ങളിലാണ്‌. ദീപാവലിനാളിൽ ഛത്തിസ്‌ഗഡിലെ ബസ്‌തറിലായിരുന്നു മോദി. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഗുജറാത്തിലാണ്‌ ദീപാവലി ആഘോഷിച്ചത്‌. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവാകട്ടെ ഇന്ത്യയിൽപ്പോലും നിൽക്കാതെ വിദേശത്തേക്ക്‌ പറന്നു. ശൈത്യകാലത്ത്‌ കേന്ദ്രമന്ത്രിമാരടക്കം ബിജെപിയുടെ ഭൂരിഭാഗം നേതാക്കളും ഡൽഹി പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്‌.


​സർക്കാർ പുറത്തുവിടുന്ന ഒ‍ൗദ്യോഗിക വായുമലിനീകരണ കണക്കുകൾ തട്ടിപ്പാണെന്ന്‌ പ്രതിപക്ഷപാർടികൾ ആരോപിക്കുന്നു. ദീപാവലിരാത്രി വായുമലിനീകരണം ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ നഗരത്തിൽ എക്യുഐ അളക്കുന്നതിനുള്ള 59 കേന്ദ്രങ്ങളിൽ 38 എണ്ണവും പണിമുടക്കിയതായാണ്‌ ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ കൃത്യമായ നിർദേശപ്രകാരമാണിതെന്ന്‌ പ്രതിപക്ഷമായ ആം ആദ്‌മി പാർടി ആരോപിക്കുന്നു.


​ദീപാവലിരാത്രിയിലെ മലിനീകരണക്കണക്കുകൾ ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയും (ഡിപിസിസി) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും (സിപിസിബി) പുറത്തുവിട്ടിരുന്നില്ല. വിമർശം ശക്തമായതോടെ ഡിപിസിസി കണക്കുകൾ പുറത്തുവിട്ടു. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഇതിലുള്ളത്‌. വായുവിലെ ദോഷകരമായ പിഎം 2.5 കണികാദ്രവ്യങ്ങളുടെ തോത്‌ ഡൽഹി ജഹാംഗീർപുരിയിൽ 4985 മൈക്രോഗ്രാമിലെത്തി. ദേശീയ വായുനിലവാര മാനദണ്ഡങ്ങൾപ്രകാരം പിഎം 2.5 തോത്‌ ശരാശരി 60 മൈക്രോഗ്രാമിൽ കൂടാൻ പാടില്ല. ജഹാംഗീർപുരിയിൽ രേഖപ്പെടുത്തിയത്‌ ഇതിന്റെ 83 ഇരട്ടിയാണ്‌. മലിനീകരണം രൂക്ഷമായ മറ്റൊരു മേഖലയായ മുണ്ട്‌കയിൽ പിഎം 2.5 തോത്‌ 4000 മൈക്രോഗ്രാമിന്‌ അടുത്തെത്തി. ദീപാവലിരാത്രി രേഖപ്പെടുത്തിയ മലിനീകരണക്കണക്കുകൾ പുറത്തുവിടാൻ സിപിസിബി തയ്യാറായിട്ടില്ല.


​അധികാരത്തിൽ എത്തിയാൽ ഡൽഹിയിലെ വായുമലിനീകരണം ഗണ്യമായി കുറയ്‌ക്കുമെന്നാണ്‌ ബിജെപി അവകാശപ്പെട്ടിരുന്നത്‌. തെരഞ്ഞെടുപ്പിനുമുമ്പായി ബിജെപി പുറത്തുവിട്ട വികസിത്‌ ഡൽഹി സങ്കൽപ്പ്‌ പത്രപ്രകാരം 2030ഓടെ വായുനിലവാരസൂചികയിലെ മലിനീകരണത്തോത്‌ പകുതിയാക്കി കുറയ്‌ക്കും. പിഎം 2.5ന്റെ അളവും 2030ഓടെ പകുതിയാക്കുമെന്ന്‌ ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാൽ, അധികാരത്തിലേറി 19 മാസം പിന്നിടുമ്പോൾ വായുമലിനീകരണം അൽപ്പംപോലും കുറയ്‌ക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, പതിന്മടങ്ങ്‌ വർധിക്കുകയാണ്‌ ചെയ്‌തത്‌.


500 കി.മീ മൺറോഡ്‌ ടാർ റോഡാക്കും, യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പൊടിനീക്കലും വെള്ളംതളിക്കലും വ്യാപകമാക്കും, കൂറ്റൻ വായുശുദ്ധീകരണ ടവറുകൾ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ സ്ഥാപിക്കും, വാഹനമലിനീകരണം ഗണ്യമായി കുറയ്‌ക്കും തുടങ്ങി വാഗ്‌ദാനങ്ങളും ബിജെപി മുന്നോട്ടുവച്ചിരുന്നു. നിലവിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും മാത്രമല്ല, ഡൽഹിയിലെ രണ്ടു മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപിയുടെ ഭരണമാണ്‌. രാജ്യതലസ്ഥാനത്തിന്റെ അയൽസംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകളാണ്‌. എന്നാൽ, ബിജെപിയുടെ ട്രിപ്പിൾ എൻജിൻ ഭരണസംവിധാനങ്ങൾ ഡൽഹിയിലെയും സമീപസംസ്ഥാനങ്ങളിലെയും ശൈത്യകാല വായുമലിനീകരണം കുറയ്‌ക്കുന്നതിൽ പൂർണപരാജയമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home