ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്
6 മാസത്തിനുശേഷം മെന്റർ അധ്യാപകർ


സ്വന്തം ലേഖകൻ
Published on Nov 12, 2026, 12:06 AM | 1 min read
എടക്കര
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഒടുവിൽ സർക്കാർ നടപടി. ആദിവാസി മേഖലയിൽ മെന്റർ അധ്യാപകരെ നിയമിച്ച് ഉത്തരവിറങ്ങി. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ആറ് മാസം പിന്നിടുമ്പോഴാണ് സർക്കാർ കണ്ണുതുറക്കുന്നത്.
ജില്ലയിൽ നൂറുകണക്കിന് ആദിവാസി കുട്ടികളുടെ പഠനം അവതാളത്തിലായിട്ടും മെന്റർ അധ്യാപകരെ നിയമിച്ചിരുന്നില്ല. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനും എൽഡിഎഫ് സർക്കാർ നിയമിച്ച മുഴുവൻ ഗോത്രവിഭാഗം മെന്റർ അധ്യാപകരെയും യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. 2022മുതൽ ജോലിചെയ്യുന്ന അധ്യാപകരെയാണ് പുതിയ സർക്കാർ അധികാരമേറ്റശേഷം പിരിച്ചുവിട്ടത്. ഇതോടെ നിലമ്പൂർ കാടിനകത്ത് കഴിയുന്ന ഗുഹാവാസികളായ ചോലനായ്ക്കർ, കാട്ടുനായ്ക്കർ വിഭാഗം കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പഠനം താളംതെറ്റി. അധ്യാപക പിന്തുണയില്ലാത്തതിനാൽ ആദിവാസി കുട്ടികൾ പഠനം നിർത്തി കൊഴിഞ്ഞ് പോയി.
"ഗോത്ര ബന്ധു' പദ്ധതി പ്രകാരം മാസം 21,900 രൂപ വേതനത്തിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നരെയാണ് എൽഡിഎഫ് സർക്കാർ നിയമിച്ചിരുന്നത്. ഇതോടെ ടിടിസിയും ബിഎഡ്ഡും കഴിഞ്ഞ പട്ടിക വർഗക്കാർക്ക് ജോലിയും ലഭിച്ചിരുന്നു. അധ്യാപനത്തോടൊപ്പം ഇവർ ഓരോ ഉന്നതികളിലുമെത്തി വിദ്യാർഥികളെ സ്‌കൂളിലെത്തിച്ചു. പിരിച്ചുവിട്ട മെന്റർമാരുടെ പ്രക്ഷോഭത്തെ തുടർന്ന് തിരിച്ചെടുക്കുമെന്ന് അറിയിച്ചെങ്കിലും തുടർനടപടി നീട്ടിക്കൊണ്ടുപോയി. മൂന്നുമാസംമുമ്പ് പരീക്ഷയും അഭിമുഖവും നടന്നെങ്കിലും നിയമനം നടത്തിയിരുന്നില്ല. ഇതിലും വിമർശമുയർന്നിരുന്നു. തുടർന്നാണ് ഉത്തരവ് ഇറക്കിയത്. വ്യാഴംമുതൽ ജില്ലയിലെ 29 മെന്റർ അധ്യാപകർ ജോലിയിൽ പ്രവേശിക്കും.








0 comments