സ്വകാര്യബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം
ബസുടമയുടെ സഹോദരനെ കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം

തൃശൂർ
സ്വകാര്യബസിന്റെ സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ യുവാവിനെ വധിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം. മൂന്നാം പ്രതി അനൂപിനെ (40) യാണ് ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം പിഴയടയ്‌ക്കാനും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്. ബസുടമയായ മരോട്ടിച്ചാല്‍ സ്വദേശി ബിജുവിനെയും, സഹോദരൻ റിജുവിനെയും ആക്രമിക്കുകയും റിജു കൊല്ലപ്പെടുകയും ചെയ്ത കേസിലാണ് ശിക്ഷ. മരോട്ടിച്ചാൽ രാഗം ജങ്‌ഷനിൽ 2010 ജൂലൈ നാലിനാണ് സംഭവം. കല്ലൂർ– - മരോട്ടിച്ചാൽ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസിന്റെ സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടര്‍ന്ന് ബിജുവിന്റെ ബസ് തല്ലിപ്പൊളിച്ചിരുന്നു. ഇതിൽ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിൽ ഒന്നാം പ്രതിയായ കീടായി ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒല്ലൂര്‍ സര്‍ക്കിൾ ഇൻസ്പെക്ടര്‍ എം കെ കൃഷ്ണനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ തുടങ്ങും മുന്പ് ഒന്നാം പ്രതി കീടായി ബൈജുവും പിന്നീട് നാലാം പ്രതി മോനച്ചനും മരിച്ചു. രണ്ട്, ആറ്, ഏഴ് പ്രതികള്‍ക്ക് കോടതി നേരത്തേ ജീവപര്യന്തം വിധിച്ചിരുന്നു. ഒളിവിലായിരുന്ന അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്ത് പുനര്‍വിചാരണ നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡര്‍ അഡ്വ. കെ പി അജയ്‍കുമാർ ഹാജരായി.








0 comments