ലോഗോയിലും പണപ്പിരിവിലും വിവാദം
കോൺ–ലീഗ് ‘കലഹോത്സവം’

കായംകുളം
കായംകുളം ഉപജില്ലാ കലോത്സവ നടത്തിപ്പില്‍ കോൺഗ്രസ്, ലീഗ് അധ്യാപക സംഘടനകൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷം. ഉപജില്ലാ കലോത്സവ ലോഗോ തെരഞ്ഞെടുപ്പും വിവാദത്തിലായി. ഉപജില്ലയ്ക്ക് കീഴിലെ വിദ്യാർഥികളിൽനിന്നാണ് ലോഗോ ക്ഷണിച്ചത്. നൂറോളം ലോഗോ തള്ളി പബ്ലിസിറ്റി കമ്മിറ്റി പുറത്തുള്ള സ്വന്തക്കാരുടെ ലോഗോ തെരഞ്ഞെടുത്തത് പുതിയ വിവാദം കത്തിച്ചിരിക്കുകയാണ്. ഹയർ സെക്കന്‍ഡറി വിഭാഗം കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയ്ക്കാണ് പബ്ലിസിറ്റിയുടെ ചുമതല. ഉപജില്ലയിൽ നിന്നുള്ളവ ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളടക്കം ശക്തമായ പ്രതിഷേധത്തിലാണ്. ചട്ടംലംഘിച്ച് തെരഞ്ഞെടുത്ത കലോത്സവ ലോഗോ നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി പ്രകാശിപ്പിച്ചിരുന്നു. ഇതിനിടയിൽ കലോത്സവത്തിന്റെ പേരിൽ നടക്കുന്ന സാമ്പത്തിക സമാഹരണവും വിവാദത്തിലാണ്. പണപ്പിരിവില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെപിസിസി അംഗവും നഗരസഭാ കൗൺസിലറുമായ യു മുഹമ്മദ് രംഗത്തെത്തി. സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റിയുടെ കത്ത് നൽകി വ്യാപകമായ തോതിൽ പിരിവ് നടത്തിയെന്നാണ് മുഹമ്മദിന്റെ പരാതി. സ്‌റ്റേജിന്റെ പേരിൽ പൊതുജനങ്ങളെ തെറ്റിധരിപ്പിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ അടിയന്തര അന്വേഷണമാണ് മുഹമ്മദ് ആവശ്യപ്പെട്ടത്. മുസ്ലിംലീഗ് അധ്യാപക സംഘടനയ്ക്കാണ് സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചുമതല.
കലോത്സവം 16 മുതൽ
കായംകുളം
കായംകുളം ഉപജില്ലാ സ്‌കൂൾ കലോത്സവം 16 മുതൽ 20 വരെ നടക്കും. ഗവ. ഗേൾസ് ഹൈസ്‌കൂളിൽ പന്തലിന് കാൽനാട്ടി. നഗരസഭാധ്യക്ഷൻ ശരത്‌ലാൽ ബെല്ലാരി കാൽനാട്ടി. കായംകുളത്തെ വിവിധ സ്‌കൂളുകളിലായി ഒന്പത് വേദികളില്‍ കലോത്സവം നടക്കും. അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.









0 comments