ഷിഗെല്ല രോഗബാധ
കൈവെടിയരുത് ജാഗ്രത


സ്വന്തം ലേഖകൻ
Published on Nov 12, 2026, 12:27 AM | 1 min read
മലപ്പുറം
ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം എന്നീ പ്രദേശങ്ങളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി വിനോദ് അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ട് സമ്പര്‍ക്ക കേസുകള്‍ ഉള്‍പ്പെടെ ആകെ 75 ഷിഗെല്ല കേസുകളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ബാക്ടീരിയയാണ് ഷിഗെല്ല. രോഗബാധ പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. മലിനമായ ജലത്തിലൂടെയും പഴകിയതോ ശരിയായി പാകംചെയ്യാത്തതോ ആയ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗബാധിതരുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം വളരെ വേഗത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. വയറിളക്കം, മലത്തോടൊപ്പം രക്തവും പഴുപ്പും കലര്‍ന്നുപോകുക, അടിവയറ്റില്‍ കഠിനമായ വേദന, പനി, ഛര്‍ദി, നിര്‍ജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അണുബാധ തലച്ചോറിനെയും വൃക്കകളെയും ബാധിക്കാനും ജീവഹാനിവരെ സംഭവിക്കാനും ഇടയുണ്ട്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയുംചെയ്തു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഭക്ഷ്യ നിര്‍മാണ, സംഭരണ, വിതരണ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളില്‍ പൊതുസദ്യകള്‍ ഒരുകാരണവശാലും നടത്താന്‍ പാടില്ല.










0 comments