Deshabhimani

ചെമ്പൈ സംഗീതോത്സവം

ബന്ദിഷുകളിൽ അലിഞ്ഞൊഴുകി

ചെമ്പൈ സംഗീതോത്സവത്തില്‍ ഗായത്രി അശോകന്റെ ഹിന്ദുസ്ഥാനി സംഗീത വിരുന്ന്

ചെമ്പൈ സംഗീതോത്സവത്തില്‍ ഗായത്രി അശോകന്റെ ഹിന്ദുസ്ഥാനി സംഗീത വിരുന്ന്

വെബ് ഡെസ്ക്

Published on Nov 12, 2026, 12:33 AM | 1 min read

ഗുരുവായൂര്‍

ചെമ്പൈ സംഗീതോത്സവ സദസ്സില്‍ നിറഞ്ഞ പുരുഷാരത്തെ ഹിന്ദുസ്ഥാനി ബന്ദിഷുകളാല്‍ ആസ്വാദനത്തിന്റെ ഉന്നതികളിലേക്കുയര്‍ത്തി ഗായത്രി അശോകനും ഗോട്ടുവാദ്യ(ചിത്രവീണ)ത്തിന്റെ മാസ്മരിക ശബ്ദവീചികളില്‍ സദസ്സിനെ പുളകിതമാക്കി ഉഷ വിജയകുമാറും അ‍ഞ്ചാംനാളിനെ ധന്യമാക്കി. മാരു ബിഹാഗ് രാഗം സ്വരവിന്യാസത്തില്‍ അവതരിപ്പിച്ചായിരുന്നു ഗായത്രി അശോകന്‍ തന്റെ കച്ചേരിക്ക് തുടക്കമിട്ടത്. ശേഷം ശ്രീകൃഷ്ണന്റെ ഓടക്കുഴൽ നാദത്തിന്റെ മാസ്മരികതയും അതിൽ ലയിച്ചുപോകുന്ന രാധയുടെയും പ്രകൃതിയുടെയും ഭാവങ്ങള്‍ വര്‍ണിക്കുന്ന കൃഷ്ണ ഭജന്‍ ‘ ബജേ മുരളിയാ... ’ ബന്ദിഷ് (കീര്‍ത്തനം) ആലപിച്ചതോടെ സദസ്സ്‌ ഒന്നടങ്കം ലയിച്ചു. തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടിലെ ഭക്തകവയിത്രി മീരാഭായിയുടെ ‘പായോജി മേനേ രാം രതൻ ധൻ പായോ..’ എന്ന ഭജന്‍ അവതരിപ്പിച്ചു. സന്യാസകവി ബ്രഹ്മാനന്ദൻ രചിച്ച സരസ്വതി വന്ദനം ‘ജയ ജഗദീശ്വരി’ കീര്‍ത്തനവും പ്രാര്‍ഥനാ ഗീതമായ ‘തുംഹോ ദാത്താ’ കീര്‍ത്തനവും പാടിയ ശേഷം ശ്രീകൃഷ്ണഭക്തി വഴിഞ്ഞൊഴുകുന്ന മീരാഭായി ഭജന്‍ ‘ഐസി ലാഗി ലഗന്‍’ ബന്ദിഷും പാടി. ആനന്ദ് ജയറാം (വയലിന്‍), ജയപ്രകാശ് ഹാര്‍മോണിയം, ഡോ. രത്നശ്രീ അയ്യര്‍(തബല) എന്നിവര്‍ പക്കമേളക്കാരായി. ചക്രവാകം രാഗത്തിൽ ‘ഗജനായുതം ’ ദീക്ഷിതര്‍ കൃതി വായിച്ചാണ്‌ ഉഷ വിജയകുമാർ ഗോട്ടുവാദ്യക്കച്ചേരി ആരംഭിച്ചത്‌. തുടർന്ന്‌ ‘ചിന്നനാഡേന.’ എന്ന ത്യാഗരാജ കീര്‍ത്തനം, ഊത്തുകുടി വെങ്കിടേശ്വര സുബ്ബയ്യര്‍ രചിച്ച ‘അലൈപായുതേ’. കീര്‍ത്തനം കാനഡ രാഗത്തിലും ത്യാഗരാജ കൃതിയായ ‘നീദു ചരണമുലേ’ എന്ന കീര്‍ത്തനം സിംഹേന്ദ്രമധ്യമരാഗത്തിലും ‘മ-ദു ഗാരു യശോദ’ എന്ന അന്നമാചാര്യ കൃതി കുറിഞ്ചി രാഗത്തിലും അവതരിപ്പിച്ചു. നെല്ലൈ കെ വിശ്വനാഥൻ (വയലിൻ), ശ്രീനാഥ് വിശ്വനാഥ് ( മൃദംഗം), വൈക്കം എൻ ഗോപാലകൃഷ്ണൻ (ഘടം), താമരൈക്കുടി രാജശേഖരൻ (മുഖർശംഖ് ) എന്നിവർ പക്കമേളക്കാരായി. കുന്നക്കുടി ബാലമുരളിയുടെ സംഗീതക്കച്ചേരിയും ആസ്വാദകരെ അനന്ദത്തിലാഴ്ത്തി. ഡോ. തിരുവനന്തപുരം എസ് സമ്പത്ത്(വയലിന്‍), പ്രൊഫ. വൈക്കം വേണുഗോപാല്‍(മൃദംഗം),തിരുവനന്തപുരം ആര്‍ രാജേഷ്(ഘടം), ബാംഗ്ലൂര്‍ രാജശേഖര്‍(മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളക്കാരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home