Deshabhimani

ജ്വലിച്ചു ജന്തർമന്തർ

.

എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി സംഘടിപ്പിച്ച ജന്തർ മന്തർ ഐക്യദാർഢ്യം ‘ഉയരട്ടെ ജന്തർ മന്തർ, സമരമുഖത്തെ പാട്ടും പറച്ചിലും’ പരിപാടിയിൽ സി രാവുണ്ണി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 12:47 AM | 1 min read

തൃശൂർ

നാടാകെ പടരുന്ന ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ സാംസ്‌കാരിക നഗരിയിലെ വിദ്യാർഥികളുടെയും യുവതയുടെയും ഐക്യദാർഢ്യം. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി സംഘടിപ്പിച്ച യുവതയുടെ സംഗമം നാടിന്റെ ശബ്ദമായി മാറി. രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ യുവത ഒന്നായി അണിനിരന്നു. തെരുവ്‌ പ്രതിഷേധത്തിൽ ജ്വലിച്ചപ്പോൾ യുവതയുടെയും വിദ്യാർഥികളുടെയും ശബ്ദം നാടിന്റെയാകെയായി പടർന്നു. പാട്ടുപാടിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രസംഗിച്ചും കവിത ചൊല്ലിയുമെല്ലാം സംഘപരിവാറിനെ എതിരിടുന്ന മനുഷ്യരുടെ ഐക്യനിരയായി ‘ഉയരട്ടെ ജന്തർ മന്തർ, സമരമുഖത്തെ പാട്ടും പറച്ചിലും’ മാറി. ​ഭരണഘടനയും, ഗാന്ധി, അംബേദ്‌കർ, ഭഗത്‌സിങ്‌ എന്നിവരുടെ ചിത്രങ്ങളും കൈയിലേന്തി നൂറ് കണക്കിനുപേർ വിദ്യാർഥി കോർണറിൽനിന്ന്‌ കോർപറേഷന്‌ മുന്നിലേക്ക്‌ മാർച്ച്‌ നടത്തി. തുടർന്ന്‌ അവിടെ ഒത്തുചേർന്ന്‌ ഐക്യദാർഢ്യത്തിന്റെ നിലപാട്‌ തറ സൃഷ്ടിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ്‌ റോസ്സൽ രാജ്‌ അധ്യക്ഷനായി. സി രാവുണ്ണി, ടി എസ്‌ ദീപ, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്‌മ അജയ്‌ഘോഷ്‌, ജില്ലാ പ്രസിഡന്റ്‌ പി എച്ച്‌ നിയാസ്‌, ട്രഷറർ സുകന്യ ബൈജു, ആഷിക്‌ വലിയകത്ത്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്ത്‌, പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌, നവ്യ കൃഷ്ണ, വി എസ്‌ ആദിത്യ, എ ആർ അജയ്‌രാജ്‌, പി എ അശ്വിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home