ഡിസിസിക്കെതിരെ പരാതി
ടെൻഡറിൽ കമീഷൻ: മേയർക്ക് ഡിസിസി ക്വാട്ട

തൃശൂർ
തൃശൂർ കോർപറേഷനിൽ നടക്കുന്ന പ്രവൃത്തികളിൽ കരാറുകാരിൽ നിന്ന് കമീഷൻ പിരിക്കാൻ മേയർക്ക് ഡിസിസിയുടെ ക്വാട്ട. കോർപറേഷനിലെ സാമ്പത്തിക ക്രമക്കേടുകളും തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പും സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും എഐസിസിക്കും പരാതി നൽകി. ഇൗ കത്ത് സമൂഹമാധ്യമത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കുവച്ചു. തൃശൂർ കോർപറേഷനെ വലിയ സാന്പത്തിക സ്രോതസ്സാക്കി മാറ്റണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. നഗരപരിധിയിൽ പുതിയ വൻകിട സ്ഥാപനങ്ങൾക്ക് അനുമതിക്കായി വരുന്പോൾ ഡിസിസിയുമായി ബന്ധപ്പെടുത്തണം. ഇത്തരം വിഷയം കൗൺസിലിൽ അജൻഡയായി വരുന്പോൾ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എതിർക്കരുതെന്നും ഡിസിസി നിർദേശം നൽകിയതായാണ് ആരോപണം. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണബാങ്കിൽ പുതിയ നിയമനങ്ങൾ നടത്താൻ പാടില്ലെന്നാണ് സഹകരണവകുപ്പ് ചട്ടം. എന്നാൽ ഡിസിസിയുടെ ബിനാമിയായ ജില്ലാ സഹകരണവകുപ്പ് ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടലിലൂടെ നിയമനാനുമതി നൽകുന്നു. ഡിസിസി പ്രസിഡന്റ് ലീഗൽ അഡ്വൈസറായ ബാങ്കിൽ അടുത്തിടെ മൂന്ന് നിയമനം നടത്തി. ഇതിലെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിരിച്ച ഫണ്ടിലും എഐസിസി അനുവദിച്ച തുകയിലും തിരിമറി നടത്തിയെന്നും പരാതിയിലുണ്ട്. ഡിസിസിയുടെ പേരിലുണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റ കാർ വിറ്റുകിട്ടിയ തുകയും അധിക തുകയും ഉപയോഗിച്ച് വാങ്ങിയ പുതിയ കാർ പ്രസിഡന്റിന്റെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തതും പ്രധാന ആരോപണമാണ്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ജില്ലാ പഞ്ചായത്ത് അംഗമായി മത്സരിക്കുന്പോൾ രേഖപ്പെടുത്തിയ സ്വത്ത് വിവരവും ഇപ്പോഴുള്ള സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്. ആരോപണങ്ങൾ സംബന്ധിച്ച കത്ത് പുറത്തുവന്നതോടെ ജില്ലാ കോൺഗ്രസിലെ ആഭ്യന്തരഭിന്നത രൂക്ഷമാകുകയാണ്.








0 comments