Deshabhimani

സെൻസറാണ് മുഖ്യം...! ഇവിടത്തെ കൃഷി സ്മാർട്ടാണ്

കുത്തനൂർ പഞ്ചായത്തിലെ മുപ്പുഴ പാടശേഖരത്തിൽ വിത്തുൽപ്പാദന പാടശേഖരത്തിൽ സെൻസർ 
അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കൃഷിക്ക് തുടക്കം കുറിച്ചപ്പോൾ

കുത്തനൂർ പഞ്ചായത്തിലെ മുപ്പുഴ പാടശേഖരത്തിൽ വിത്തുൽപ്പാദന പാടശേഖരത്തിൽ സെൻസർ 
അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കൃഷിക്ക് തുടക്കം കുറിച്ചപ്പോൾ

avatar
ആർ ജനാർദനൻ

Published on Nov 12, 2026, 12:50 AM | 1 min read

കുഴൽമന്ദം

വിത്തുൽപ്പാദന കൃഷി ഇടത്തിൽ സെൻസർ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കൃഷി പരീക്ഷണത്തിന് തുടക്കം. കുത്തനൂർ കൃഷിഭവൻ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി വലിയകളം ബി സജിലിന്റെ മുപ്പുഴ പാടശേഖരത്തിൽ രവിൻ കൃഷി (ഐഐടി സഹായത്താൽ ഉണ്ടാക്കിയ ആപ്പാണ് രവിൻ കൃഷി) നൽകുന്ന സെൻസർ അടിസ്ഥാനമാക്കിയുള്ള സേവനം ഇൻസ്റ്റാൾ ചെയ്തു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ, മണ്ണിലെ ഈർപ്പം അളക്കുന്ന സെൻസറുകൾ, മറ്റ് ലോട്ട് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വെള്ളവും വളപ്രയോഗവും നിയന്ത്രിക്കാനാണ് സംവിധാനം. ജലത്തിന്റെ അളവ്, വിളയുടെ വളർച്ച, ഫീൽഡിലെ സാഹചര്യങ്ങൾ എന്നിവ തത്സമയം അളന്ന്, ആവശ്യമായ വെള്ളവും പോഷകങ്ങളും മാത്രം നൽകും. ഇതുവഴി വളപ്രയോഗം കുറയ്ക്കാനും ചെലവ് ലാഭിക്കാനും കഴിയും. കർഷകന്റെ രീതികളും കൃഷിഭവന്റെ ശുപാർശകളും സംയോജിപ്പിച്ച് വിള കലണ്ടർ തയ്യാറാക്കുന്നു. സീസണിൽ ഫീൽഡിൽ വരാൻ സാധ്യതയുള്ള കീട-രോഗങ്ങൾ പ്രവചിക്കാനും സംവിധാനത്തിന് കഴിയും. പത്ത് ഏക്കർ ഫീൽഡിൽ മൂന്ന്- നാല് സെൻസർ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനും ഈർപ്പം നിരീക്ഷിക്കുന്ന ഉപകരണങ്ങളും ഉൾപ്പെടും. വിത്തുൽപ്പാദന പദ്ധതിയുടെ രണ്ടാം വിളയ്ക്കായി സജിലിന്റെ ഫീൽഡിലാണ് പരീക്ഷണം നടത്തുന്നത്. രവിൻ കൃഷി ഏക്കർ അടിസ്ഥാനത്തിൽ സേവനം നൽകും. കൃഷിഭവൻ സേവനച്ചെലവ് വഹിക്കും. വളത്തിന്റെ വില കൂടുന്ന സാഹചര്യത്തിൽ ഇൻപുട്ട് ഉപയോഗം കുറയ്ക്കുക, വിളവ് കാര്യക്ഷമത വർധിപ്പിക്കുക, വിത്ത് വിതച്ചതുമുതൽ കൊയ്‌ത്തുവരെ ഡാറ്റാധിഷ്ഠിത മാർഗനിർദേശം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ മാതൃക വ്യാപിപ്പിക്കുമെന്ന് കുത്തനൂർ കൃഷി ഓഫീസർ ടി അശ്വിൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home