നേതാജിക്കൊപ്പം ബാല്യം പങ്കിട്ട രാധ ഇനി ഓർമ

രാധ
ചെർപ്പുളശേരി
സുഭാഷ് ചന്ദ്രബോസിനെ (നേതാജി) നേരിൽ കാണുകയും അദ്ദേഹത്തോടൊപ്പം ബാല്യം ചെലവഴിക്കുകയും ചെയ്ത ചെർപ്പുളശേരി കാറൽമണ്ണ പൊതുവാട്ടിൽ രാധ (രാധമ്മ–88) ഇനി ഓർമ. തായ്‌ലൻഡിൽ ജനിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അപൂർവമായ അധ്യായത്തിന് സാക്ഷിയായ രാധയുടെ വിയോഗത്തോടെ ജീവിക്കുന്ന ഓർമകൂടിയാണ് മായുന്നത്. ബാങ്കോക്കിലെ ഐഎൻഎ ക്യാമ്പിലായിരുന്നു രാധയുടെ ബാല്യം. ഞെരളത്ത് രാമപ്പൊതുവാളിന്റെ സഹോദരി നാരായണിക്കുട്ടി പൊതുവാൾസ്യാരുടെയും കൃഷ്ണപ്പൊതുവാളിന്റെയും ദത്തുപുത്രിയായ രാധ നേതാജിയുടെ കുടുംബാംഗത്തെപ്പോലെയാണ് വളർന്നത്. ഒരിക്കൽ നേതാജി നൽകിയ നാണയം നഷ്ടപ്പെട്ടപ്പോൾ ഏറെ കരഞ്ഞ കഥ രാധ പലവട്ടം ഓർത്തെടുത്ത് പറഞ്ഞിരുന്നു. ചരിത്രത്തിലെ മഹാനായ നേതാവിനെക്കുറിച്ച് പറയുമ്പോഴും രാധയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് തനിക്കൊപ്പം കളിച്ചുനടന്ന പ്രിയപ്പെട്ട ബോസിന്റെ ഓർമകളായിരുന്നു. യുദ്ധകാലത്തെ ബോംബാക്രമണങ്ങളും ഭീതിയോടെ ഒളിച്ചിരുന്ന ബാല്യവും രാധയുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. വിദേശിയെന്ന നിലയിൽ മാറ്റിനിർത്തപ്പെട്ടപ്പോഴും പൂക്കാട്ടിരി സ്കൂളിലെ ബാലൻ മാഷ് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക കൈമാറി രാധയെ ജാഥ നയിക്കാൻ മുന്നിൽനിർത്തി. ക്ഷേത്രപ്രവേശന വിലക്ക് നീങ്ങിയതിന്റെ സന്തോഷത്തിൽ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതും ബാലൻ മാഷായിരുന്നു. ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത നിരവധി അനുഭവങ്ങൾ ബാക്കിവച്ചുള്ള രാധയുടെ വിയോഗം കാറൽമണ്ണയ്ക്ക് തീരാനഷ്ടമാണ്. ഭർത്താവ്: പരേതനായ രാജഗോപാലൻ നായർ. മകൾ: ശ്രീലത (അധ്യാപിക, പിടിഎം ഹയർ സെക്കൻഡറി സ്കൂൾ, തൃക്കടീരി). മരുമകൻ: ഐ ആർ പ്രസാദ് (ഇൻഫർമേഷൻ ഓഫീസർ, പാലക്കാട്). സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ







0 comments