Deshabhimani

യോഗ്യതയില്ലാത്തവരെ നിയമിക്കാൻ ശ്രമം

മെന്റർ അധ്യാപകരുടെ 
നിയമന ഉത്തരവ് മരവിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 12, 2026, 12:54 AM | 1 min read

പാലക്കാട്

മാസങ്ങൾക്കുമുന്പ്‌ പിരിച്ചുവിട്ട മെന്റർ അധ്യാപകർക്ക്‌ പകരം കഴിഞ്ഞ ദിവസം നിയമിച്ചവരുടെ നിയമന ഉത്തരവ്‌ മരവിപ്പിച്ചു. നിയമനപ്പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ്‌ ജില്ലാ പട്ടികവർഗ വികസന ഓഫീസർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്‌. ഇതോടെ ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള സർക്കാർ–എയ്ഡഡ് പ്രൈമറി സ്കൂളുകളിലേക്കായി 30 മെന്റർ അധ്യാപകരെ നിയമിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിറക്കിയത്. എന്നാൽ, രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ നിശ്ചിത യോഗ്യതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം ശക്തമായതോടെ ചൊവ്വാഴ്ച പട്ടിക മരവിപ്പിച്ചു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ ഉറപ്പാക്കാനുമായി 2017-ൽ എൽഡിഎഫ് സർക്കാരാണ്‌ ഗോത്രബന്ധു പദ്ധതിക്ക് കീഴിൽ മെന്റർ അധ്യാപകരെ നിയമിച്ച്‌ തുടങ്ങിയത്‌. വർഷംതോറും കരാർ പുതുക്കി നൽകിയിരുന്ന അധ്യാപകരെ യുഡിഎഫ്‌ അധികാരമേറ്റതോടെ പിരിച്ചുവിട്ടു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലാണ് മെന്റർ അധ്യാപകരുള്ളത്. ആദിവാസി കുട്ടികളുടെ ഉ‍ൗര്‌ ഭാഷയിലുള്ള സംസാരം മനസിലാക്കുകയും അവർക്ക്‌ അതേഭാഷയിൽ പാഠഭാഗം വിശദീകരിക്കുന്നതും ഇവരായിരുന്നു. ഇവരുടെ സാമൂഹിക-വിദ്യാഭ്യാസ–-ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനും ഈ അധ്യാപകരുടെ സാന്നിധ്യം നിർണായകമായിരുന്നു. അട്ടപ്പാടി മേഖലയിലെ 26 പേർ ഉൾപ്പെടെ 56 മെന്റർ അധ്യാപകരാണ് ജില്ലയിലാകെ പ്രവർത്തിച്ചിരുന്നത്. പുതുതായി പ്രസിദ്ധീകരിച്ച പട്ടികയിൽ മുന്പ്‌ ജോലി ചെയ്‌ത ഭൂരിഭാഗം പേരെയും ഒഴിവാക്കി. യുഡിഎഫിന്‌ താൽപ്പര്യമുള്ളവരെയാണ്‌ വിദ്യാഭ്യാസ യോഗ്യതപോലും പരിഗണിക്കാതെ നിയമിക്കാൻ തീരുമാനിച്ചത്‌. ടിടിസി, ഡിഎൽഎഡ് ആണ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഇവരുടെ അഭാവത്തിൽ ബിഎഡ്, എംജിഎൽസി അധ്യാപന പരിചയമുള്ളവർ, പിവിടിജി വിഭാഗത്തിൽനിന്നുള്ള പ്ലസ്ടു യോഗ്യതയുള്ളവർ എന്നിവരെ പരിഗണിക്കാമെന്നിരിക്കെ, മതിയായ യോഗ്യതയുള്ളവരെ തഴഞ്ഞ് അനർഹരെ തിരുകിക്കയറ്റാൻ ശ്രമിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക്‌ കാരണമായത്. അട്ടപ്പാടി ബ്ലോക്ക്‌ പരിധിയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home