കൽപ്പാത്തി രഥോത്സവം: അഞ്ചാം തിരുനാൾ ഇന്ന്

പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ അഞ്ചാം തിരുനാൾ ഉത്സവം വ്യാഴാഴ്ച നടക്കും. കൊടിയേറി അഞ്ചാംനാൾ അർധരാത്രി ജനക്കൂട്ടത്തിനുമുന്നിൽ ദേവതകളെ പല്ലക്കിൽ എഴുന്നള്ളിച്ച് നടക്കുന്ന ഉത്സവമാണ് അഞ്ചാം തിരുനാൾ. രാത്രി 11ന് രഥ പ്രയാണം ആരംഭിക്കും. തുടർന്ന് 11.30 മുതൽ 12.30 വരെ പുതിയ കൽപ്പാത്തി ഗ്രാമവീഥിയിൽ നടക്കുന്ന ദേവതാ സംഗമമാണ് അഞ്ചാം തിരുനാളിലെ പ്രധാന ചടങ്ങ്. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ പൂജകൾക്കുശേഷം രഥത്തിന്റെ മാതൃകയിലൊരുക്കിയ പല്ലക്കിൽ ദേവതകളുമായി ഗ്രാമപ്രദക്ഷിണം നടക്കും. നാഗസ്വരം- തകിൽ വാദനവും ചെണ്ടമേളവും അരങ്ങേറും.
ഒരുക്കങ്ങൾ പൂർത്തിയായി
രഥങ്ങൾ സഞ്ചരിക്കുന്ന ഗ്രാമ വീദികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. അഞ്ച് ചെറുരഥങ്ങൾ പ്രയാണം നടത്തേണ്ടതിനാൽ ഗ്രാമവീഥികളിൽ റോഡിനുകുറുകെ രഥ സഞ്ചാരത്തിന് തടസ്സമാകുംവിധത്തിലുള്ള സ്വകാര്യ ഇന്റർനെറ്റ്, ടെലിവിഷൻ കേബിളുകൾ പുനഃക്രമീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസ് ഉൾപ്പെടെ സൗകര്യം ഒരുക്കി. പൊലീസ് സുരക്ഷയും ഗതാഗത നിയത്രണവും ഏർപ്പെടുത്തി.
സംഗീതോത്സവം നാളെ സമാപിക്കും
സാംസ്‌കാരിക വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ഒരുക്കുന്ന സംഗീതോത്സവം വെള്ളിയാഴ്‌ച സമാപിക്കും. ബുധനാഴ്ച ശ്യാമ ശാസ്ത്രി ദിനത്തിൽ രാഘവ് കൃഷ്‌ണയുടെ മാൻഡോലിൻ കച്ചേരിയും അമൃത മുരളിയുടെ സംഗീതക്കച്ചേരിയും നടന്നു. വ്യാഴാഴ്ച ത്യാഗരാജ സ്വാമി ദിനത്തിൽ വൈകിട്ട് അഞ്ചിന് ചെമ്പൈ സംഗീത കോളേജിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും തുടർന്ന് ഡോ. വി ആർ ദിലീപ്കുമാറിന്റെ സംഗീതക്കച്ചേരിയും നടക്കും. സമാപന ദിനമായ വെള്ളിയാഴ്ച സ്വാതി തിരുനാൾ ദിനമായി ആചരിക്കും. വൈകിട്ട് നാലിന് സുഗേഷിന്റെയും അഞ്ചിന് ഡോ. സന്താല രാജുവിന്റെയും ഏഴിന് ഡോ. കശ്യപ് മഹേഷിന്റെയും സംഗീതക്കച്ചേരികൾ അരങ്ങേറും.








0 comments