ബാലമുരുകന്റെ ഇരട്ടജീവിതം കണ്ട് ഞെട്ടി കേരള പൊലീസ്
പൊലീസ് പൊക്കി ഗെയ്‌സ്; 51 പവൻ കവർന്ന ഇൻഫ്ലുവൻസറായ കള്ളൻ പിടിയിൽ

ബാലമുരുകൻ
പാലക്കാട്
സിനിമകളിൽ കണ്ട മോഷണതന്ത്രങ്ങൾ ജീവിതത്തിൽ പകർത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മോഷണക്കേസിൽ പിടിയിൽ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരിയുടെ 51 പവൻ സ്വർണം കവർന്ന തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശി ബാലമുരുകനെ(42)യാണ് പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെങ്ങന്നൂർ സ്വദേശിനി കുമാരി (66)യുടെ സ്വർണമാണ് കവർന്നത്. കല്യാണ ആവശ്യത്തിനായി മകളോടൊപ്പം ചെന്നൈയിൽ പോയി മടങ്ങുകയായിരുന്ന കുമാരി സ്വർണം ബാഗിലാക്കി ബെർത്തിന് താഴെ സൂക്ഷിച്ചിരുന്നു. പാലക്കാട് എത്തിയപ്പോൾ മകളോട് ബാഗ് ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഉറങ്ങിയ സമയത്താണ് പ്രതി മോഷണം നടത്തിയത്. തൃശൂരിലെത്തിയപ്പോൾ സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം പാലക്കാട് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. 600-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഡിജിറ്റൽ ഫോറൻസിക്, സോഷ്യൽ മീഡിയ, ലൊക്കേഷൻ, സാമ്പത്തിക ഇടപാട് വിവരങ്ങൾ വിശകലനം ചെയ്തുമാണ് പ്രതിയെ കണ്ടെത്തിയത്. റെയിൽവേ പൊലീസ് പാലക്കാട് ഡിവൈഎസ്‌പി മനോജ്, ആർപിഎഫ്എ ഡിഎസ്‌സി അനിൽ, ഇൻസ്‌പെക്ടർ എ പ്രതാപ്, എസ്ഐ കെ ജെ പ്രവീൺ, ആർപിഎഫ് സിഐബി, സിപിഡിഎസ് ടീമിലെ ഇൻസ്‌പെക്ടർമാരായ സി ഗിരീഷ്, എ ജെ ജിബിൻ, എസ്‌ഐ എ പി ദീപക്, എഎസ്ഐ കെ എം ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിനിമാക്കഥയെ വെല്ലുന്ന ജീവിതം
മോഷണത്തിന് ശേഷം നാട്ടിലെത്തിയ ബാലമുരുകൻ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു. നാട്ടുകാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും ആഡംബര ജീവിതം നയിച്ചും കഴിഞ്ഞ ഇയാൾ ദാനധർമങ്ങളുടെയും സ്വർണാഭരണങ്ങൾ അണിഞ്ഞുള്ള ജീവിതത്തിന്റെയും റീലുകൾ പതിവായി പങ്കുവെച്ചിരുന്നു. ഇയാളുടെ ആഡംബര ജീവിതത്തിൽ ആകൃഷ്ടയായി മറ്റൊരാളുടെ ഭാര്യ ഇയാളോടൊപ്പം ഇറങ്ങിത്തിരിച്ചതായും പൊലീസ് കണ്ടെത്തി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണം വീണ്ടെടുത്തു. പാലക്കാട്ടെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.









0 comments