മൂന്ന് പേർക്ക് ഗുരുതര പരിക്ക്
മനിശീരിയിൽ കാർ മരത്തിലിടിച്ച് 2 പേർ മരിച്ചു

മനിശീരിയിൽ മരത്തിലിടിച്ച് തകർന്ന കാർ
ഒറ്റപ്പാലം
പാലക്കാട് –കുളപ്പുള്ളി സംസ്ഥാനപാതയിൽ മനിശീരിക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഈസ്റ്റ് മനിശീരി പാന്തലിൽ അജയ്(31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ്(32) എന്നിവരാണ് മരിച്ചത്.

കണ്ണിയംപുറം താഴത്തേതിൽ നിതിൻ മനോഹർ, ചുനങ്ങാട് പടിഞ്ഞാറേതിൽ പി ഗോവിന്ദ്, സൗത്ത് പനമണ്ണ കളത്തിൽ പറമ്പിൽ കെ പി ശ്രീജിത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വ രാത്രി 12.30ന് മനിശീരിക്കും തൃക്കങ്ങോടിനും ഇടയിലായിരുന്നു അപകടം. ബാംഗ്ലൂർ ഐടി കമ്പനിയിലെ ജീവനക്കാരനായ വൈശാഖ് അമ്മയെയും അച്ഛനെയും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറ്റി വിട്ടശേഷം സുഹൃത്തുക്കളുമായി വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്നു. അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡ് അരികിലെ കലുങ്കിലിടിച്ച ശേഷം മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഷൊർണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാസേന സംഘം എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഡോർ അടർത്തി മാറ്റിയാണ് എല്ലാവരെയും പുറത്തെടുത്തത്. അജയും വൈശാഖും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒറ്റപ്പാലം സിഐ എ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. വൈശാഖിന്റെ അച്ഛൻ: രാമദാസ്(കുട്ടൻ). അമ്മ: ജ്യോതി(സൗത്ത് പനമണ്ണ ദേശബന്ധു എൽപി സ്കൂൾ മുൻ പ്രധാനാധ്യാപിക). ഭാര്യ: സവിത. 25 ദിവസം പ്രായമുള്ള മകനുണ്ട്. സഹോദരി: ആതിര. സംസ്കാരം വ്യാഴം രാവിലെ എട്ടിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. അജയന് വിദേശത്താണ് ജോലി. അച്ഛൻ: രവീന്ദ്രൻ. അമ്മ: നിർമല. ഭാര്യ: ശാലിനി. മകൾ: സാൻവി നിഹാര. സഹോദരങ്ങൾ: അഖിൽ, നിഖിൽ. മൃതദേഹം വ്യാഴാഴ്‌ച സംസ്‌കരിക്കും.
വീടെത്താൻ ഒന്നരക്കിലോമീറ്റർ; വഴിയിൽ മരണം കവർന്നു
വീട്ടിലെത്താൻ ഇനി ഒന്നര കിലോമീറ്റർമാത്രം. പക്ഷേ, അതിനുമുമ്പേ മരണം അജയിനെ കവർന്നു. ഈസ്റ്റ് മനിശീരി പാന്തലിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജയ്. വീടിനടുത്ത് അജയിനെ ഇറക്കിയശേഷം യാത്ര തുടരാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനമെന്നാണ് വിവരം. വിദേശത്ത് ജോലി ചെയ്തിരുന്ന അജയ് കുറച്ചുകാലമായി നാട്ടിലായിരുന്നു.
മകന് പേരിടുംമുമ്പേ അച്ഛൻ യാത്രയായി
മകന്റെ പേര് വിളിക്കാൻ പോലും അവസരം നൽകാതെ വൈശാഖിന്റെ ജീവനെടുത്ത് മരണം. സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങ് നടക്കേണ്ടത് ഞായറാഴ്ചയായിരുന്നു. കുഞ്ഞിന് പേരിടാനും നൂലുകെട്ടാനുമുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് വെറും മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് അപകടത്തിന്റെ രൂപത്തിൽ മരണം വൈശാഖിനെ കവർന്നത്. ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരനായ വൈശാഖ് കുറച്ചുദിവസങ്ങളായി വർക്ക് ഫ്രം ഹോം സൗകര്യത്തിലായിരുന്നു. മകന്റെ 28 കെട്ട് കഴിഞ്ഞ് ജോലിക്കായി ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കുടുംബത്തിൽ പുതിയ സന്തോഷങ്ങൾ നിറയേണ്ട ദിനങ്ങൾക്കിടയിലാണ് അപ്രതീക്ഷിത ദുരന്തം താളംതെറ്റിച്ചത്. വൈശാഖിന്റെ വിയോഗം വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.









0 comments