Deshabhimani

സഹോദയ സംസ്ഥാന കലോത്സവം ഇന്ന് തുടങ്ങും

.
വെബ് ഡെസ്ക്

Published on Nov 12, 2026, 12:36 AM | 1 min read

മാള

സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സഹോദയ കലോത്സവം മാള ഹോളി ഗ്രേസ് അക്കാദമിയിൽ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാനത്തെ 31 സഹോദയകളിൽ നിന്നുള്ള 1400 സ്‌കൂളുകളിൽ നിന്നായി പതിനായിരത്തിലധികം വിദ്യാർഥികളാണ് 4 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കാളികളാകുന്നത്. ക്യാന്പസിനുള്ളിൽ 500 വാഹനങ്ങൾക്കും പുറത്തുള്ള ഗ്രൗണ്ടുകളിൽ രണ്ടായിരത്തിലധികം വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ട്.സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ മുഴുവൻ സമയ സേവനവും 20 പേരെ കിടത്തി ചികിത്സിക്കാവുന്ന കാഷ്വാലിറ്റി സംവിധാനവും മെഡിക്കൽ ടീമും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.ആദ്യ ദിനത്തിൽ കലാമണ്ഡലം ജയ ആനന്ദ്, ജിഷ്‌ണ ഷാജു, വെസ്റ്റേൺ ഡാൻസ് കൊറിയോഗ്രാഫർ ടി എസ് അതുൽകൃഷ്‌ണ എന്നിവർ പരിശീലിപ്പിച്ച 51 കലാകാരന്മാർ അണിനിരക്കുന്ന രംഗപൂജയോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കലോത്സവത്തിന്റെ ഒ‍ൗപചാരിക ഉദ്‌ഘാടനം വെള്ളി രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. സമാപന സമ്മേളനം ഞായറാഴ്‌ച മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 8ന് സമാപിക്കും. നാഗാലാൻഡ്, മിസോറാം, മണിപ്പൂർ വിദ്യാർഥികളുടെ പരമ്പരാഗത നൃത്താവിഷ്‌കാരങ്ങളും കലോത്സവത്തിന് മാറ്റ് കൂട്ടും.


വേദികൾ ഭിന്നശേഷി സൗഹൃദം

മാള

ഹോളി ഗ്രേസ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 32 വേദികളും സമീപത്തെ മെറ്റ്സ് എൻജിനിയറിങ് കോളേജ് ക്യാമ്പസിലെ ഒരു വേദിയുമടക്കം ആകെ 33 വേദികളിലായാണ് മത്സരം. ബാൻഡ് മേളം മത്സരങ്ങളാണ് മെറ്റ്സ് എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ നടക്കുന്നത്. ആദ്യദിനം രാവിലെ 8.30 മുതൽ തന്നെ വിവിധ വേദികളിൽ മത്സരങ്ങൾ അരങ്ങേറും. പൂർണമായും ഭിന്നശേഷി സൗഹൃദമായി രൂപകൽപ്പന ചെയ്തിരിക്കുന്ന വേദികളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ് വളന്റിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കലോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. മത്സരാർഥികൾക്കും കാണികൾക്കും സൗകര്യപ്രദമായ രീതിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഓരോ വേദികളുടെയും സ്ഥാനം, അവിടെ നടക്കുന്ന മത്സരങ്ങളുടെ വിശദാംശങ്ങൾ, സമയക്രമം, തത്സമയ ഫലങ്ങൾ എന്നിവയെല്ലാം മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ അറിയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home