കന്നാറ്റുപാടത്ത് വീടിനുനേരെ കാട്ടാന ആക്രമണം

കാട്ടനക്കൂട്ടം തെങ്ങും പ്ലാവും കുത്തിമറിച്ചിട്ട നിലയിൽ
പാലപ്പിള്ളി
പാലപ്പിള്ളി കന്നാറ്റുപാടത്ത് വീടിനുനേരെ നടന്ന കാട്ടാന ആക്രമണത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കന്നാറ്റുപാടം ഗവ. സ്കൂളിന് പുറകിൽ താമസിക്കുന്ന പുത്തിരിത്തിപ്പറമ്പിൽ തങ്കമണിയുടെ വീടിനുനേരെയാണ് ബുധനാഴ്ച പുലർച്ചെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. തങ്കമണിയുടെ മകൻ ഉണ്ണിക്കൃഷ്ണനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. പുലർച്ചെ ടാപ്പിങ്ങിന് പോകാനായി വീടിന്റെ പുറകിലേക്ക് ഇറങ്ങിയ ഉണ്ണിക്കൃഷ്ണൻ ആനകളുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആനകളെ കണ്ടയുടനെ അകത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ ആറ് ആനകളാണ് ഈ സമയത്ത് പറമ്പിലുണ്ടായിരുന്നത്. സമീപത്തുള്ള മൂർക്കാട്ടിൽ സാജന്റെ പറമ്പിലെ തെങ്ങും പ്ലാവും കവുങ്ങുകളും തങ്കമണിയുടെ പറമ്പിലേക്ക് ആനകൾ മറിച്ചിട്ടു. അതിർത്തിയിലെ കല്ലുഭിത്തി തകർത്ത ആനകൾ തങ്കമണിയുടെ മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും നശിപ്പിച്ചു. മറിച്ചിട്ട പ്ലാവ് വീണ് പട്ടിക്കൂടിനും കേടുപാടുകൾ സംഭവിച്ചു. നേരം വെളുത്ത ശേഷമാണ് ആനകൾ കാടുകയറിയത്. ജനവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.









0 comments