ad
Deshabhimani

പകർച്ചവ്യാധി പടരുന്നു; ആരോഗ്യവകുപ്പിന്റെ ഏകോപനം പാളുന്നു

editorial today
വെബ് ഡെസ്ക്

Published on Jun 13, 2026, 12:01 AM | 2 min read

​നിപാ, ഷിഗല്ല, എച്ച്‌1 എൻ1, ഡെങ്കിപ്പനി തുടങ്ങി വിവിധ പകർച്ചവ്യാധികൾ കേരളത്തെ ആശങ്കയുടെ നിഴലിലാഴ്‌ത്തുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആരോഗ്യസംവിധാനങ്ങളെ ജാഗ്രതയുടെ പരമാവധി തലത്തിലെത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. എന്നാൽ, ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ തുടക്കത്തിലേ യുഡിഎഫ്‌ സർക്കാർ പരാജയപ്പെടുകയാണ്‌. കോഴിക്കോട്ട്‌ വീണ്ടും നിപാ സ്ഥിരീകരിച്ചത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അപകടകാരിയായ ഈ വൈറസ് രോഗത്തെ നേരിടുന്നതിൽ കേരളത്തിന് മുൻകാലങ്ങളിൽ മികച്ച അനുഭവസമ്പത്തുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മരുന്നുലഭ്യത, സമ്പർക്കപ്പട്ടികയുടെ സമഗ്രനിരീക്ഷണം, ആരോഗ്യവകുപ്പിന്റെ ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.


​അതോടൊപ്പം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഷിഗല്ല രോഗബാധ ഉയരുന്നതും ആശങ്കാജനകമാണ്. സ്‌കൂൾ വിദ്യാർഥികളിലും കുട്ടികളിലും രോഗം കണ്ടെത്തുന്നത് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശങ്ങളും ആശങ്കകളും സർക്കാർ ഗൗരവമായി കാണണം. ആരോഗ്യവകുപ്പിന്റെ എല്ലാ തലങ്ങളിലുമുള്ള ഏകോപനം ഉറപ്പാക്കുകയും ആവശ്യമായ മരുന്നുകളും ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കുകയും വേണം. എന്നാൽ, കഴിഞ്ഞദിവസം കോഴിക്കോട്ട്‌ നിപാ സ്ഥിരീകരിച്ചപ്പോൾ ഏകോപനത്തിൽ വലിയ അലംഭാവമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം നിപായെന്ന് ആദ്യം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ ദിവസം ആരോഗ്യമന്ത്രി കോഴിക്കോട്ടുണ്ടായിരുന്നു. അവിടെ നിന്നുകൊണ്ട്‌ പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുപകരം തിരുവനന്തപുരത്തെത്തി അവലോകനയോഗം ചേരുകയായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്നതിലും ജാഗ്രത കാട്ടിയില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിപോലും കോഴിക്കോട്ടെത്തി സ്ഥിതി വിലയിരുത്താൻ തയ്യാറായില്ല.


മുമ്പ്‌ നിപായെ ഫലപ്രദമായി പ്രതിരോധിച്ച അനുഭവമാണ് കേരളത്തിനുള്ളത്. 2018ലും 2019ലും 2021ലും രോഗം ചില മേഖലകളിൽ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, തുടക്കത്തിൽത്തന്നെ നിയന്ത്രിക്കാൻ സാധിച്ചു. രോഗലക്ഷണം അറിഞ്ഞപ്പോൾത്തന്നെ അന്നത്തെ ആരോഗ്യമന്ത്രിമാർ നേരിട്ട് സ്ഥലത്തെത്തി കൂടെനിന്ന് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആരോഗ്യവകുപ്പിലെ ജീവനക്കാർക്കും നാടിനുതന്നെയും നൽകിയ ആശ്വാസം ചെറുതല്ല. ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, മെഡിക്കൽ വിദഗ്ധർ, ആരോഗ്യപ്രവർത്തകർ എന്നിവർ നടത്തിയ ഏകോപിത ഇടപെടൽ രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയിരുന്നു. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവരാണ് ഇന്ന് അധികാരം കൈയാളുന്നത്. അന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരെ നടത്തിയ ജൽപ്പനങ്ങളെല്ലാം ഇന്ന് അവർക്കെതിരെ തിരിഞ്ഞുകുത്തുന്നു. അന്നത്തെ ആരോഗ്യമന്ത്രിയെയടക്കം അവഹേളിക്കുന്ന നിലപാടാണ് ഇന്നത്തെ ആരോഗ്യമന്ത്രി സ്വീകരിച്ചിരുന്നത്.


​ഇതിനുപുറമെയാണ്‌ സംസ്ഥാനത്താകെ പനി വ്യാപിക്കുന്നത്‌. പനി ബാധിച്ച്‌ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും അതിവേഗം കൂടുന്നു. പനിബാധിതർക്ക്‌ ആവശ്യമായ ചികിത്സ ഉറപ്പുവരുത്താൻ സർക്കാർ ആശുപത്രികളിൽ മതിയായ സംവിധാനങ്ങളുമില്ല. വെള്ളിയാഴ്‌ച പെരുന്പാവൂർ താലൂക്ക്‌ ആശുപത്രിയിലെത്തിയ നിരവധി രോഗികളെ ചികിത്സ നൽകാതെ തിരിച്ചയക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ തിരുവനന്തപുരം, കോഴിക്കോട്‌, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ഗുരുതരമായ ചികിത്സാപിഴവുകളും റിപ്പോർട്ട്‌ ചെയ്‌തു.


​മഴക്കാലത്ത് രോഗം പടരുന്നത് തടയാൻ മഴക്കാലപൂർവ ശുചീകരണപ്രവർത്തനം ഫലപ്രദമായി നടത്തുന്നതിലും ഇത്തവണ സർക്കാരിന് വീഴ്‌ച സംഭവിച്ചു. സ്‌കൂളുകളിലടക്കം ശുചിത്വം ഉറപ്പാക്കാൻ അധ്യയനവർഷത്തിന്റെ തുടക്കത്തിൽത്തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതുപോലെയല്ല ഭരണരംഗത്ത് കൈക്കൊള്ളേണ്ട നടപടികളെന്ന് അധികാരത്തിലുള്ളവർക്ക് ഇപ്പോഴെങ്കിലും ബോധ്യമാകേണ്ടതാണ്. ശാസ്‌ത്രീയസമീപനവും സർക്കാർസംവിധാനങ്ങളുടെ ഉണർവുമാണ് കേരള മോഡൽ ആരോഗ്യപ്രവർത്തനത്തിന്റെ അടിത്തറയായത്. അതുകൊണ്ടുതന്നെ ഇന്നത്തെ വെല്ലുവിളികളെയും അതേ ഗൗരവത്തോടെയും കാര്യക്ഷമതയോടെയും നേരിടേണ്ട ഉത്തരവാദിത്വം നിലവിലെ ഭരണസംവിധാനത്തിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home