print edition തണലാകേണ്ട നീതിപീഠം തൊഴിലാളികളെ വെയിലത്ത് നിർത്തുന്നു

ഭരണഘടനാ ശിൽപ്പികൾ സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായ നിർവഹണ സംവിധാനത്തെ വിഭാവനം ചെയ്തത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ ഉതകണമെന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവും പൗരാവകാശങ്ങളും തൊഴിലാളികളുടെ മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിൽ രാജ്യത്തെ നീതിന്യായ നിർവഹണ സംവിധാനം വലിയ പങ്കാണ് വഹിച്ചുവന്നത്.
ഇതിൽനിന്നുള്ള വ്യതിയാനം ഒട്ടും അഭികാമ്യമല്ല. എന്നാൽ അടുത്തകാലത്തായി ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി ഉന്നത നീതിപീഠം മാറുകയാണെന്ന് വ്യക്തമായ സൂചന നൽകുന്ന പല വിധിന്യായങ്ങളും പുറത്തുവന്നു.
അരനൂറ്റാണ്ട് രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുസംരക്ഷിച്ച ചരിത്രപരമായ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പൊളിച്ചെഴുതിയത് ഒടുവിലത്തെ ഉദാഹരണം.
മനുഷ്യസ്നേഹിയായ നിയമപണ്ഡിതനായിരുന്ന ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ എഴുതി, 1978ൽ ഏഴംഗ ഭരണഘടനാബെഞ്ച് ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരുന്ന ‘വ്യവസായം’ എന്ന വാക്കിന്റെ നിർവചനമാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പൊളിച്ചെഴുതിയത്. രാജ്യത്തിന്റെ സമ്പത്താകെ ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന തർക്കങ്ങളുടെയും കേസുകളുടെയും തീർപ്പിനായി ഇക്കാലമത്രയും ആശ്രയിക്കപ്പെട്ട വിധി ശാക്തീകരിക്കാനെന്ന പേരിൽ നടത്തിയ പൊളിച്ചെഴുത്ത് യഥാർഥത്തിൽ ചൂഷണം അതിതീവ്രമാക്കാൻ മാത്രമാണ് ഉപകരിക്കുക. കേന്ദ്രസർക്കാർ കൊണ്ടുവന്ന 2020ലെ വ്യവസായബന്ധ കോഡ് കോടിക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയുമാണ്.
‘വ്യവസായ’ത്തെ നിർവചിക്കുന്നതിന് കൃഷ്‌ണയ്യർ വികസിപ്പിച്ച ട്രിപ്പിൾ ടെസ്റ്റ് മാനദണ്ഡം പുതിയ വിധിയിൽ അട്ടിമറിക്കപ്പെട്ടു. വ്യവസ്ഥാപിത പ്രവർത്തനം, തൊഴിലുടമ– തൊഴിലാളി സഹകരണം, ജനങ്ങളുടെ ആവശ്യത്തിനായുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവും വിതരണവും എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുത്തിയുള്ള ‘ട്രിപ്പിൾ ടെസ്റ്റ്’ ആണ് കൃഷ്‌ണയ്യർ വ്യവസായത്തെ നിർവചിക്കാൻ വികസിപ്പിച്ചത്. മൂന്ന് കാര്യം ബാധകമാകുന്ന ഏതൊരു സ്ഥാപനവും ‘വ്യവസായ’ത്തിന്റെ പരിധിയിൽ വരുമെന്ന് 1947-ലെ വ്യാവസായിക തർക്ക നിയമത്തിലെ സെക്‌ഷൻ 2(ജെ) പ്രകാരം അതിസമഗ്രവും വിശാലവുമായ വിധിന്യായത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യറി, പ്രതിരോധം, നിയമപാലനം/ പൊലീസ്, സർക്കാരിന്റെ മറ്റ് അടിസ്ഥാന പരമാധികാര പ്രവർത്തനങ്ങൾ തുടങ്ങി അപൂർവം മേഖലകളെമാത്രം ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ മേഖലകളും വ്യവസായങ്ങളായി പരിഗണിക്കാൻ സാധിച്ചു. തൊഴിൽ തർക്കങ്ങളിലും കേസുകളിലും ഇൗ വിധി തൊഴിലാളികളെ ചൂഷണത്തിൽനിന്ന് സംരക്ഷിച്ചു. തൊഴിലാളി സംഘടനകളും ഉടമകളും ഉൾപ്പെടുന്ന ത്രികക്ഷി ചർച്ചയിലൂടെ പരിഹാരം കണ്ടുവന്നു. സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ, മുനിസിപ്പൽ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം വ്യവസായത്തിന്റെ പരിധിയിൽ വരികയും തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കാൻ കഴിയുകയും ചെയ്‌തു. ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ സ്ഥാപനംപോലും തൊഴിലുടമ– തൊഴിലാളി ബന്ധത്തിന്റെയും തൊഴിൽ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ വ്യവസായമായി മാറി.
കഴിഞ്ഞ 20ന് ഒന്പതംഗ ഭരണഘടനാ ബെഞ്ച് പുറത്തിറക്കിയ വിധിന്യായം ഇവയെല്ലാം കീഴ്‌മേൽ മറിക്കുകയും തൊഴിൽ സുരക്ഷയിൽ അരാജകത്വം സൃഷ്‌ടിക്കുകയും ചെയ്‌തിരിക്കുകയാണ്. ഒന്നാമതായി, സൃഷ്ടിപരമായ മനുഷ്യാധ്വാനം വിൽക്കുന്ന തൊഴിലാളിയെ അവന്റെ തൊഴിൽ സുരക്ഷ ഇല്ലാതാക്കി ചൂഷണത്തിന് എറിഞ്ഞുകൊടുത്ത ‘2020ലെ വ്യവസായബന്ധ കോഡ് പ്രകാരമുള്ള വ്യവസായത്തെ’ നിർവചിക്കാനോ അതിന്റെ ഭരണഘടനാസാധുത സ്വയംപരിശോധിക്കാനോ ഒന്പതംഗ ബെഞ്ച് തയ്യാറായില്ല.
പരിഗണനയിലില്ലാത്ത വിഷയമെന്ന സാങ്കേതിക ന്യായത്തിനപ്പുറം കോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയത്തിൽ കാട്ടേണ്ടിയിരുന്ന ഉത്തരവാദിത്വം സുപ്രീംകോടതിയിൽനിന്ന് ഉണ്ടായില്ലെന്നത് തികച്ചും ദൗർഭാഗ്യകരമാണ്. 2020ലെ വ്യവസായബന്ധ കോഡ് "സ്വതന്ത്ര നിയമനിർമാണ ചട്ടമാണെന്നും' കൃഷ്‌ണയ്യരുടെ വിധി അതിന്റെ ഭരണഘടനാസാധുത നിർണയിക്കാനുള്ള മുഖ്യ ആധാരമാകരുതെന്നുമുള്ള ഭൂരിപക്ഷ വിധിയിലെ പരാമർശം തൊഴിലാളിവിരുദ്ധ നയങ്ങൾക്കുള്ള പൂർണ പിന്തുണയായി വ്യാഖ്യാനിക്കപ്പെടുന്നു. രണ്ടാമതായി, കൃഷ്‌ണയ്യരുടെ നിർവചനത്തെ പൊളിച്ചെഴുതി അതിൽ ‘വാണിജ്യ/ബിസിനസ് ഘടകം’ പുതുതായി ഉൾപ്പെടുത്തി 1978ലെ വിധി ദുർബലമാക്കി.
അതേസമയം ചീഫ് ജസ്റ്റിസിന്റെ വിധിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് നാഗരത്-നയാകട്ടെ കൃഷ്‌ണയ്യരുടെ ‘ബാംഗ്ലൂർ വാട്ടർ സപ്ലൈ’ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന അതിശക്തമായ വിയോജന വിധിയാണ് എഴുതിയത്. ഫലത്തിൽ തൊഴിലാളിദ്രോഹ കോഡിനെ തൊടാതെയും നിലവിലുള്ള തൊഴിൽസുരക്ഷ ഇല്ലാതാക്കിയുമുള്ള വിധി തൊഴിലാളികളോടുള്ള വഞ്ചനയാണ്.










0 comments