ad
Deshabhimani

print edition സുഭാഷ്‌ ചന്ദ്ര കേസിലെ വിധിയും ഇരട്ടനീതിയും

editorial.
വെബ് ഡെസ്ക്

Published on Aug 29, 2026, 12:00 AM | 2 min read

കോടിക്കണക്കിന് രൂപയുടെ വായ്‌പയെടുത്ത് തിരിച്ചടയ്ക്കാതെ രക്ഷപ്പെടാൻ വൻകിട കോർപറേറ്റുകൾക്ക് വഴി തുറന്നുകൊടുക്കുമ്പോൾ, ചെറിയൊരു വായ്‌പക്കുടിശ്ശികയിൽപ്പെട്ട കർഷകന്റെയും സാധാരണക്കാരന്റെയും കിടപ്പാടംവരെ ജപ്തി ചെയ്യുന്ന സംവിധാനമാണ് രാജ്യത്ത് നിലനിൽക്കുന്നത്‌. ഒരാൾക്ക് കടം ബാധ്യതയാണെങ്കിൽ മറ്റൊരാൾക്ക് അത് തീർപ്പാക്കാവുന്ന അക്കൗണ്ട് മാത്രമാകുന്ന ഇരട്ടനീതിയാണിത്‌. മാധ്യമഭീമനും ബിജെപി മുൻ എംപിയുമായ സുഭാഷ്‌ ചന്ദ്രയുടെ 22,000 കോടി രൂപ കടം കേവലം 6.25 കോടി രൂപയായി കുറച്ച ദേശീയ കമ്പനിനിയമ ട്രിബ്യൂണൽ (എൻസിഎൽടി) വിധി ഇതിന്‌ അടിവരയിടുകയാണ്‌. വൻകിട കോർപറേറ്റുകൾക്ക്‌ വന്പൻ ഇളവ്‌ നൽകുക എന്ന നവഉദാര നയങ്ങളാണ്‌ ഇത്തരം വിധികളെ സ്വാധീനിക്കുന്നത്‌.


സീ എന്റർടെയ്‌ൻമെന്റ് എന്റർപ്രൈസസ്‌ സ്ഥാപകനും എസ്സൽ ഗ്രൂപ്പ്‌ ചെയർമാനുമായ സുഭാഷ്‌ ചന്ദ്രയ്ക്കെതിരായ പാപ്പരത്തനടപടികളുടെ ഭാഗമായ കേസിലാണ്‌ എൻസിഎൽടിയുടെ വിചിത്രവിധി. ഇതേത്തുടർന്ന്‌ വായ്‌പ നൽകിയവർക്ക്‌ 99.97 ശതമാനം തുക നഷ്‌ടപ്പെടുന്പോൾ, തിരികെപ്പിടിക്കാൻ കഴിയുക 0.03 ശതമാനം മാത്രമായിരിക്കും. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡിന്റെ (ഐ‌ബി‌സി) സെക്‌ഷൻ 114 പ്രകാരമുള്ള തിരിച്ചടവ് പദ്ധതിക്കാണ്‌ ട്രിബ്യൂണൽ അംഗീകാരം നൽകിയത്‌.


1322.39 കോടി രൂപ വായ്‌പ നൽകിയ എൽഐസി ഹ‍ൗസിങ്‌ ഫിനാൻസിന്‌ തിരികെ ലഭിക്കുക 38 ലക്ഷം രൂപമാത്രമാണ്‌. വ്യക്തിഗത ഗ്യാരന്റി കോർപറേറ്റ്‌ ഗ്യാരന്റിയായി കാണാൻ കഴിയില്ലെന്നു പറഞ്ഞാണ്‌ തിരിച്ചടയ്ക്കാനുള്ള തുക വെട്ടിക്കുറച്ചത്‌. പണം കൊടുത്ത്‌ എംഎൽഎമാരെ വശത്താക്കി ഹരിയാനയിൽനിന്ന്‌ ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായ വൻകിട മുതലാളിയാണ്‌ സുഭാഷ്‌ ചന്ദ്ര. മോദിയുടെ മാധ്യമസംഘത്തിലെ പ്രധാനിയുമായിരുന്നു.


കർഷകന്റെയും സാധാരണക്കാരന്റെയും ബാങ്ക് അക്കൗണ്ടും കിടപ്പാടവും കണ്ടുകെട്ടി ജപ്‌തി ചെയ്യുന്ന അതേനിയമം വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കണ്ണടയ്ക്കുന്നു. സർഫാസി നടപടികളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനിടെ 6,19,620 കേസുകളിലായി 3.34 ലക്ഷം കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചിട്ടുണ്ട്‌. ജപ്‌തി ചെയ്‌ത വസ്‌തുവകകൾ ലേലം ചെയ്‌ത്‌ 93,839 കോടി രൂപ തിരിച്ചുപിടിച്ചു. വീടും ഭൂമിയും ഉപജീവനവും നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളുടെ വിലയാണ്‌ ഇ‍ൗ തിരിച്ചുപിടിച്ച തുക. വൻകിടക്കാരുടെ കാര്യത്തിൽ അതേനിയമം പുനക്രമീകരണങ്ങൾക്കും ഒത്തുതീർപ്പുകൾക്കും വഴിയൊരുക്കുകയാണ്‌. ഇത്‌ സാമ്പത്തികനീതിയുടെ പ്രശ്നമായി മാറുന്നു. സുഭാഷ്‌ ചന്ദ്ര കേസിലെ വിധി ഇ‍ൗ ഇരട്ടനീതിയുടെ വ്യാപ്‌തി എത്രമാത്രം വിശാലമാണെന്ന്‌ ബോധ്യപ്പെടുത്തുന്നു. കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ കാരണം അന്വേഷിക്കാതെ സാധാരണക്കാരന്റെ സ്വത്ത് പിടിച്ചെടുക്കാൻ എളുപ്പമാണ്. ലക്ഷക്കണക്കിന് കോടികളുടെ കോർപറേറ്റ് വായ്‌പകൾ കിട്ടാക്കടമായി മാറുമ്പോൾ, അതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന ചോദ്യം ഉയരാതെ പോകുന്നു. വിജയ് മല്യയും ലളിത് മോദിയും ഉൾപ്പെടെ വൻകിട സാമ്പത്തികത്തട്ടിപ്പ് നടത്തിയ വ്യക്തികൾക്ക്‌ രാജ്യത്തിനു പുറത്തേക്ക് രക്ഷപ്പെടാൻ സർക്കാർതന്നെ അവസരമൊരുക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്‌.


പത്തുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ വൻകിട കോർപറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയതായി ധനമന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. വായ്‌പ എഴുതിത്തള്ളൽ സാങ്കേതികമായി ബാങ്കുകളുടെ അക്കൗണ്ടിങ് നടപടിയുടെ ഭാഗമാണെന്നും വിശദീകരിക്കാറുണ്ട്. എഴുതിത്തള്ളിയ വായ്‌പകളിൽ എത്രയാണ് തിരിച്ചുപിടിച്ചത്, യഥാർഥ നഷ്ടം ഒടുവിൽ ആരാണ് വഹിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ മോദിസർക്കാർ ഒരിക്കലും തയ്യാറായിട്ടില്ല. പൊതുമേഖലാ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും നിക്ഷേപിച്ചിരിക്കുന്ന പണം സാധാരണക്കാരുടേതാണ്. ആ പണം ഉപയോഗിച്ച് വൻകിട വ്യവസായികൾക്ക് വായ്‌പ നൽകുന്നു. വായ്‌പ തിരിച്ചടയ്ക്കാതെ പോയാൽ നഷ്ടം സ്ഥാപനത്തിന്റെ കണക്കിൽ വരുന്നു. എന്നാൽ, അതേ ബാങ്കിൽനിന്ന് ചെറിയ വായ്‌പയെടുത്ത കർഷകനോ ചെറുകിട വ്യാപാരിക്കോ തിരിച്ചടവിൽ വീഴ്ച സംഭവിച്ചാൽ വീടും ഭൂമിയും ലേലത്തിലാകുന്നു. കർഷകന്റെയും പാവപ്പെട്ടവരുടെയും കടം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഭാരമാണെന്നും കോർപറേറ്റുകളുടെ കടം വളർച്ചയ്‌ക്കുള്ള നിക്ഷേപമാണെന്നും വേർതിരിക്കുന്ന സമീപനം തിരുത്തപ്പെടണം. ജനാധിപത്യരാഷ്ട്രത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. അല്ലെങ്കിൽ നിയമത്തിന്റെ സമത്വത്തെക്കുറിച്ചുള്ള വിശ്വാസം തകരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home