കെസിഎൽ ആവേശ ക്രിക്കറ്റ്: ഗെയിലാട്ടം കാണാം, യൂണിവേഴ്സൽ ബോസ് തിരുവനന്തപുരത്ത്

ക്രിസ് ഗെയ്ൽ| Photo: Screengrab
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആവേശം പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്തെത്തി. രാവിലെ 8:40 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ‘യൂണിവേഴ്‌സൽ ബോസ്’ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഗെയ്‌ലിന് അധികൃതരും ആരാധകരും ചേർന്ന് വലിയ സ്വീകരണമാണ് നൽകിയത് . അവിടെനിന്ന് നേരെ ഹോട്ടലിലേക്ക് പോയ അദ്ദേഹം, 11:30ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി സ്വന്തം ടീമിന്റെ മത്സരം കാണും. കാണികൾക്കൊപ്പം കളി ആസ്വദിക്കാനും ടീമിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഗെയ്ൽ എത്തിയത്. താരത്തിന്റെ സാന്നിധ്യം, ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാൻ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകും.
ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ എതിരാളികൾ. മത്സരത്തിനുശേഷം ഗെയ്ൽ പുതുപ്പള്ളിയിൽ നടക്കുന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കും.
പേസർ ബേസിൽ തമ്പി, ക്യാപ്റ്റൻ സലി സാംസൺ എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചി ഇത്തവണ കളത്തിലിറങ്ങുന്നത്. വിനൂപ് മനോഹരൻ, കെഎം ആസിഫ്, ഏദൻ ആപ്പിൾ ടോം, ഭിന്നശേഷി ലോകകപ്പ് ജേതാവ് അനീഷ് രാജൻ തുടങ്ങിയ പ്രമുഖ താരങ്ങളും സിഎം ദീപക് പരിശീലകനായ ടീമിലുണ്ട്. വ്യവസായി സുഭാഷ് മാനുവലാണ് ടീമുടമ.









0 comments