ad
Deshabhimani

അപകടത്തിൽ കൈയറ്റു; 18-ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങവെ സ്ഥലംമാറ്റി, ജോലിയിൽ കയറാനും ഉത്തരവ്

Transfer

സ്മിതാ ചന്ദ്രന്‍

വെബ് ഡെസ്ക്

Published on Aug 29, 2026, 09:31 AM | 2 min read

ചേർത്തല: അപകടത്തിൽ മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജീവനക്കാരിയെ സ്ഥലംമാറ്റി റവന്യൂവകുപ്പിന്റെ ക്രൂരനടപടി. പട്ടണക്കാട് വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്മിതാ ചന്ദ്രനെയാണ് ചേർത്തലയിൽ നിന്ന് പാലക്കാട്ടേക്ക് സ്ഥലംമാറ്റിയത്. സെപ്തംബർ 11 ന് ജോലിയിൽ കയറണമെന്നും ഉത്തരവിൽ പറയുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്ന് 18-ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങവെയാണ് റവന്യൂവകുപ്പിന്റെ നടപടി. ആരോഗ്യപ്രശ്നങ്ങളുള്ളവരെ അതതു സ്ഥലത്തുനിലനിർത്താൻ ‘അനുകമ്പാ’ച്ചട്ടം നിലനിൽക്കെയാണ് അതിനെ മറികടന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ് വന്നത്.


ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനായ പി ടി രാജേഷാണ് ഭർത്താവ്. കോൺഗ്രസ് അനുകൂല സംഘടനയുടെ ജില്ല പ്രസിഡന്റ് ആണ് രാജേഷ്. വിദ്യാർഥികളായ രണ്ടു പെൺമക്കളുണ്ട്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് രാജേഷ്. ഇതും ചട്ടപ്രകാരം സ്മിതയെ ജില്ലയിൽ നിലനിർത്താൻ മതിയായ കാരണമാണ്. പക്ഷേ, അതും പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ചേർത്തല മരുത്തോർവട്ടം അഭിരാമത്തിൽ സ്മിതാ ചന്ദ്രൻ (43) നിയമസഭാ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ പങ്കെടുക്കാൻ മാർച്ച് 11-ന് ഭർത്താവുമായി സ്കൂട്ടറിൽ പോകുംവഴി വളവനാട് കവലയിൽ ഗ്യാസ് ടാങ്കർ ലോറി തട്ടിയാണ് അപകടം സംഭവിച്ചത്.


ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ടാങ്കറിനടിയിൽപ്പെട്ട് പിൻചക്രം സ്മിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ചുമലിൽനിന്ന് കൈ വേർപെട്ടതിനൊപ്പം എട്ടു വാരിയെല്ലുകളൊടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു. അറ്റുപോയ വലതുകൈ തുന്നിച്ചേർക്കാനടക്കം 5 മാസത്തിനിടെ 17 ശസ്ത്രക്രിയകളാണ് നടത്തിയത്. 31നാണ് അടുത്ത ശസ്ത്രക്രിയ. ഇതിനിടെയാണ് പാലക്കാടേയ്ക്ക് സ്ഥലംമാറ്റിയും ജോലിയിൽ പ്രവേശിക്കണമെന്നും അറിയിച്ചുകൊണ്ടുള്ള ഉത്തവ് വന്നത്. സ്മിതയും കുടുംബവും തങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചിട്ടും ഫലമുണ്ടായില്ല.


കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത നിലയിലാണെന്നുകാട്ടി രേഖകൾ സഹിതമാണ് റവന്യൂ കമ്മിഷണറേറ്റിൽ അപേക്ഷ നൽകിയത്. സ്മിതയെ ചേർത്തല താലൂക്കിൽത്തന്നെ നിലനിർത്തണമെന്നും തെരഞ്ഞെടുപ്പുജോലിക്കിടെയാണ് അപകടമെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ കളക്ടർ റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ ലാൻഡ്‌ റവന്യൂ കമ്മീഷണർ ഓഫീസിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സ്മിത ചികിത്സ തേടിയത്. ആശുപത്രി മെഡിസപ്പ് പട്ടികയിൽ ഇല്ലാത്തതിനാൽ ഇൻഷുറൻസ് തുകയും ലഭിച്ചില്ല. ഇതുവരെയുള്ള ചികിത്സയ്ക്ക് 20 ലക്ഷം രൂപ ചെലവായതായി കുടുംബം പറയുന്നു. നിലവിൽ ആറുമാസം ഡിസെബിലിറ്റി അവധിയിലാണ് സ്മിത. അ‌ടുത്ത ശസ്ത്രക്രിയ തീരുമാനിച്ചതിനാൽ ആറുമാസത്തേക്കു കൂടി നീട്ടേണ്ട അവസ്ഥയിൽ നിൽക്കെയാണ് 11 ന് ജോലിയിൽ കയറണമെന്ന ഉത്തരവ് എത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home