പാലങ്ങളും ഗ്രാമങ്ങളും ഒഴുകിപ്പോകുന്നത് കണ്ടു: നടുക്കത്തിൽ ആൽബിനും ഗ്ലാഡ്‌വിനും

നേപ്പാളിൽ നിന്ന് ആൽബിനും ഗ്ലാഡ് വിനും
അജീഷ് കർക്കിടകത്ത്
Published on Aug 29, 2026, 08:14 AM | 1 min read
വേലൂർ: നേപ്പാളിലെ പ്രളയ ദുരന്തം നേരിട്ടുകണ്ടതിന്റെ ഞെട്ടലിലാണ് വേലൂർ സ്വദേശിയും വ്ലോഗറുമായ ആൽബിനും സുഹൃത്ത് ഗ്ലാഡ്‌വിനും. 21നാണ് ഇരുവരും നേപ്പാളിലെത്തിയത്. ഇവരോടൊപ്പം തൃശൂർ കൊരട്ടി സ്വദേശി സാൾമൺ ഉൾപ്പെടെ 36 പേരടങ്ങുന്ന മലയാളി സംഘമുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് ആൽബിൻ നാട്ടിലേക്ക് അറിയിച്ചു.
സംഘം കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ വഴി പോകുമ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായത്. ഇവർക്ക് മുന്നിലും പുറകിലുമുള്ള രണ്ടു പാലങ്ങൾ ഒഴുകിപ്പോയതായും റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ ഒഴുകിപ്പോകുന്നത് നേരിൽ കണ്ടതായും ആൽബിൻ പറഞ്ഞു. റോഡുകൾ വെള്ളത്തിൽ മുങ്ങിയും മണ്ണിടിച്ചിലും കാരണം പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
തുടർന്ന് ദുർഘടമായ വഴികളിലൂടെ ചിത്വാൻ നാഷണൽ പാർക്കിന് സമീപമുളള താമസ സ്ഥലത്തെത്തിയെന്നും പിന്നീട് പൊഖാറയിലെത്തിയതായും ആൽബിൻ പറഞ്ഞു. ഇന്റർനെറ്റ് ഉൾപ്പെടെ തകരാറിലായതിനാൽ നാട്ടിലുള്ളവരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ട്. അതേ സമയം ദുരന്തത്തെക്കുറിച്ച് താൻ ചെയ്ത വീഡിയോ കണ്ട് ഇന്ത്യൻ എംബസി ബന്ധപ്പെട്ടിരുന്നെന്നും സഹായങ്ങൾ വാഗ്ദാനം ചെയ്തതായും ആൽബിൻ അറിയിച്ചു. 31ന് ആൽബിനും ഗ്ലാഡ്‌വിനും നാട്ടിലെത്തും.









0 comments