print edition സ്‌ത്രീകൾക്കെതിരായ സമൂഹമാധ്യമ ആക്രമണം ആശങ്കാജനകം

സമൂഹമാധ്യമങ്ങൾ ജനാധിപത്യപരമായ ആശയവിനിമയത്തിന് വലിയ സാധ്യതകൾ തുറന്നുകൊടുത്തവയാണ്. പരമ്പരാഗത മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയങ്ങൾ ജനങ്ങളിലെത്തിക്കാനും അധികാരദുരുപയോഗങ്ങളെ തുറന്നുകാട്ടാനും സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്താനും അവ സഹായിച്ചിട്ടുണ്ട്. എന്നാൽ, അതേ വേദികളെ ആസൂത്രിതമായ നുണപ്രചാരണങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കും ഉപയോഗിക്കുന്നതും വർധിച്ചുവരുന്നു.
രാഷ്ട്രീയ എതിരാളികളെയും പ്രത്യേകിച്ച് സ്‌ത്രീകളെയും അപകീർത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യസംവാദത്തെ മലിനമാക്കുകയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമായ പി കെ ശ്രീമതിക്കെതിരെ കഴിഞ്ഞദിവസങ്ങളിൽ പ്രചരിപ്പിച്ച വ്യാജവാർത്തകൾ ഈ അപകടകരമായ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന കുടുംബപെൻഷൻ കൈപ്പറ്റുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ചില മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും വ്യാപകമായി പ്രചരിപ്പിച്ചത്. യഥാർഥത്തിൽ, പരേതനായ മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ ഭാര്യ പി കെ ശ്രീമതിക്കാണ് നിയമാനുസൃതമായി പെൻഷൻ ലഭിച്ചിരുന്നത്. 2020 ഫെബ്രുവരി 24ന് മരിക്കുംവരെ ഇവർ പെൻഷൻ വാങ്ങിയിരുന്നു. വളരെ ലളിതമായ വസ്തുതാപരിശോധനയിലൂടെതന്നെ മനസ്സിലാക്കാൻ കഴിയുന്ന കാര്യം മനഃപൂർവം വളച്ചൊടിക്കുകയായിരുന്നു.
ആർഎസ്‌എസ് ചാനലായ ജനം ടിവി, യൂട്യൂബ് ചാനലുകളായ കർമ ന്യൂസ്, ഭാരത് ലൈവ് തുടങ്ങി മാധ്യമങ്ങളും സംഘപരിവാർ ഹാൻഡിലുകളിൽനിന്നുമാണ് സിപിഐ എം നേതാവ് പി കെ ശ്രീമതിക്കെതിരെ വളരെ മോശമായ പ്രചാരണങ്ങൾ നടത്തുന്നത്. ബിജെപി മുഖപത്രമായ ജന്മഭൂമി ഉൾപ്പെടെയുള്ള മറ്റ് സംഘപരിവാർ മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്നയാളാണ് പി കെ ശ്രീമതി. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. ഇത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല. പൊതുജീവിതത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വനിതാനേതാക്കളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ്.
സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും നെറികെട്ട രീതിയിൽ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും സംഘപരിവാറും കോൺഗ്രസും മുസ്ലിംലീഗും ഉൾപ്പെടെയുള്ള വലതുപക്ഷം സമൂഹമാധ്യമങ്ങളെ ദുർവിനിയോഗിക്കുന്നു. ദേശീയതലത്തിൽ സംഘപരിവാർ നടത്തിവരുന്ന നുണകളിൽ അധിഷ്‌ഠിതമായ വിദ്വേഷപ്രചാരണത്തിന്റെ പകർപ്പുമാതൃകയാണ് ഇവർ കേരളത്തിലും പിന്തുടരുന്നത്. ആദ്യമായല്ല ഇടതുപക്ഷ നേതാക്കൾക്കെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നത്. സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജോൺ ബ്രിട്ടാസ്, ഡോ. കെ ടി ജലീൽ തുടങ്ങി നിരവധി പൊതുപ്രവർത്തകരുടെ പേരിൽ വ്യാജ ഉദ്ധരണികളും വ്യാജ വാർത്താകാർഡുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ വികസനവും ക്ഷേമവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫ് വ്യക്തിഹത്യയിലേക്കും വ്യാജ ആരോപണങ്ങളിലേക്കും പ്രചാരണത്തെ വഴിതിരിച്ചു. വിവാദങ്ങളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎയ്‌ക്കും ആറന്മുളയിലെ സ്ഥാനാർഥി മന്ത്രി വീണാ ജോർജിനുമെതിരെ വ്യക്തിപരമായ അധിക്ഷേപം ഉയർത്തിയത്. രാഷ്ട്രീയമായ വിയോജിപ്പുകളെ ആശയങ്ങൾകൊണ്ട് നേരിടുന്നതിനുപകരം, വനിതാനേതാക്കളുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിൽ പരിഹസിക്കുന്നത് സംഘപരിവാറിന്റെയും വലതുപക്ഷത്തിന്റെയും സ്ഥിരം സമീപനമാണ്. ഇത് അവരുടെ സംസ്കാരശൂന്യതയാണ് വെളിപ്പെടുത്തുന്നത്.
വനിതാനേതാക്കൾക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളും അസത്യപ്രചാരണങ്ങളും ആശങ്കാജനകമാണ്. രാഷ്ട്രീയവിയോജിപ്പുകൾ സ്ത്രീത്വത്തെ അവഹേളിക്കുന്ന ഭാഷയിലേക്കും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും മാറ്റുന്ന സമീപനം പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും പൊതുരംഗത്തെ അവരുടെ ഇടപെടലുകളും പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ശക്തമായി ചെറുക്കപ്പെടണം. സമൂഹമാധ്യമങ്ങളിലെ ജനാധിപത്യ ഇടം സംരക്ഷിക്കണമെങ്കിൽ വ്യാജവാർത്തകൾ നിർമിക്കുന്നവരെയും അവ മനഃപൂർവം പ്രചരിപ്പിക്കുന്നവരെയും നിയമത്തിന്റെ മുന്നിലെത്തിക്കണം. സൈബർ ആക്രമണപരാതികളിൽ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കേരള പൊലീസ് തയ്യാറാകണം. സംഘടിത സൈബർ ആക്രമണങ്ങൾക്കും എതിരെ നിയമപരമായും സാമൂഹികമായും ശക്തമായ പ്രതിരോധം ഉയർന്നുവരേണ്ട സമയമാണിത്.










0 comments