ad
Deshabhimani

print edition ഭൂപരിഷ്‌കരണം തകർക്കാൻ ശ്രമം: വിജയരാഘവൻ

A Vijayaraghavan.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 12:46 AM | 1 min read

ആലപ്പുഴ : ഭൂപരിഷ്‌കരണ നിയമത്തിൽ വെള്ളംചേർത്ത് പതിനായിരക്കണക്കിന് ഏക്കർ ഭൂമി സമ്പന്നവിഭാഗത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെന്ന് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ. ഇങ്ങനെ സംഭവിച്ചാൽ കൃഷിഭൂമി ഇല്ലാതാകും. കിടപ്പാടത്തിനുവേണ്ടി ഭൂമി അന്വേഷിക്കുന്നവർക്ക് കിട്ടാത്ത സ്ഥിതിവരും.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ അതേ നയമാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും പിന്തുടരുന്നത്. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ കൗൺസിലിന് മുന്നോടിയായുള്ള സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്‌ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മോശമായ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നുണ്ട്. ബിജെപിയുടെ നയങ്ങളോട് കേരള സർക്കാരിന് എതിർപ്പില്ല. ബിജെപി നിയോഗിച്ച ഗവർണർമാർ സർവകലാശാലകളിൽ വിസിമാരെയും സിൻഡിക്കറ്റ് അംഗങ്ങളെയും സെനറ്റ് അംഗങ്ങളെയും നിയമിക്കുന്നു. ബിജെപി നിർദേശിച്ച വഖഫ് നിയമം എൽഡിഎഫ് നടപ്പാക്കിയില്ല.

എന്നാൽ അത്‌ നടപ്പാക്കാമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരിക്കുന്നു. അധികാരത്തിൽ എ ത്താൻ ആർഎസ്എസുമായി ഉണ്ടാക്കിയ ധാരണയ്‌ക്ക്‌ അനുസൃതമാണ്‌ ഇ‍ൗ നടപടികൾ. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിനൊക്കെ എതിരെ പുതിയ തലമുറ സമരോത്സുകമായി തെരുവിലിറങ്ങുന്നു എന്നത് ആവേശകരമാണ്. കേരളത്തിന്റെ സാമൂഹ്യമേഖലയെ പുനർനിർമിച്ച പോരാട്ടമാണ് കർഷകത്തൊഴിലാളി സംഘടനയുടെ ചരിത്രം. 96 ശതമാനം പേർക്കും സ്വന്തമായി കിടപ്പാടമുള്ള ലോകത്തിലെ ഏകപ്രദേശം കേരളമാണ്. ഇത് പോരാടി നേടിയെടുത്തതാണ്. ഇത്തരം പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട കേരളത്തെ തിരികെപ്പിടിക്കുമെന്ന് ഉറപ്പാക്കണം. അതിന് ദാർഢ്യമുള്ള സമരങ്ങൾ ഉയർത്തി മുന്നോട്ടുപോകണമെന്ന് എ വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home