എസ്‌എഫ്‌ഐ പഠിപ്പുമുടക്ക് പൂർണം
print edition പോരാളികൾക്ക് ഐക്യദാർഢ്യം

ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ മാനവീയംവീഥിയിൽ സംഘടിപ്പിച്ച സമരസംഗമം
തിരുവനന്തപുരം : ഡല്‍ഹിയില്‍ പോരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ ബന്ദ് കേരളത്തിൽ പൂർണം. ഭൂരിഭാഗം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾ പഠിപ്പ് മുടക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനവും യോഗവും ചേര്‍ന്നു.
ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയ വിദ്യാർഥികളെ നിഷ്‌ഠൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം, എൻടിഎ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളുന്നയിച്ചുമായിരുന്നു പഠിപ്പുമുടക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ കേന്ദ്രത്തിന്റെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ പ്ലക്കാർഡുയർത്തിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധമറിയിച്ചു.
വിദ്യാർഥി പോരാട്ടത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരം മാനവീയം വീഥിയിൽ വെള്ളി രാത്രി ഏഴുമുതൽ സമരസംഗമം നടന്നു. ‘എല്ലാവർക്കും ജന്തർ മന്തറിൽ എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല, നമ്മുടെ പ്രതിഷേധം കേരളത്തിൽ രേഖപ്പെടുത്താം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സംഗമം.










0 comments