കുടിവെള്ള പൈപ്പിടല്‍
കറുകപ്പിള്ളി റോഡ് വീണ്ടും പൊളിക്കും; തുടരും യാത്രാദുരിതം

കുടിവെള്ള പൈപ്പ് സ്ഥാപിച്ചശേഷം കലൂരിലെ ദേശാഭിമാനി-–കീർത്തി നഗർ റോഡിൽ കനത്ത മഴയിൽ കോൺക്രീറ്റ് ഇട്ടു നിരത്തുന്ന തൊഴിലാളികൾ (ഫയല്‍ ചിത്രം)
കൊച്ചി
കറുകപ്പിള്ളി കീര്‍ത്തിനഗര്‍മുതല്‍ ദേശാഭിമാനി ജങ്ഷന്‍വരെയുള്ള റോഡ് കുടിവെള്ള പൈപ്പിടാന്‍ വീണ്ടും പൊളിക്കും. മേയിൽ ആദ്യ ആഴ്ചയാണ് റോഡിന്റെ ഒരുവശംപൊളിച്ച് നാലടി ആഴത്തില്‍ കുടിവെള്ളവിതരണക്കുഴല്‍ സ്ഥാപിച്ചത്. ഇതിനുശേഷം മഴപെയ്യുമ്പോള്‍ത്തന്നെ വാട്ടര്‍ അതോറിറ്റി അധികൃതര്‍, റോഡിലെ കുഴി മൂടിയശേഷം കോണ്‍ക്രീറ്റ് ചെയ്തു. കനത്തമഴയില്‍ കോണ്‍ക്രീറ്റ് പലയിടത്തും ഒലിച്ചുപോയി. ഗതാഗതം തടയാത്തതിനാല്‍ വാഹനങ്ങള്‍ കയറിയിറങ്ങി കോണ്‍ക്രീറ്റിങ് നടത്തിയഭാഗം പൊളിഞ്ഞതോടെ റോഡ് സഞ്ചാരയോഗ്യമല്ലാതായി. മഴ മാറി വെയിൽ തെളിഞ്ഞാൽ റോഡും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും യാത്രക്കാരും കോൺക്രീറ്റ് പൊടിയില്‍ മുങ്ങുന്ന സ്ഥിതിയാണ്.
ബാനര്‍ജി റോഡിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്. പൊളിഞ്ഞ റോഡിലൂടെ ഗതാഗതം ഒരു വരിയിലേക്കൊതുങ്ങിയതോടെ ഇതുവഴിയുള്ള യാത്ര, ദുരിതം നിറഞ്ഞതായി. രണ്ടുകിലോമീറ്ററില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളക്കുഴല്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി റോഡിന്റെ മറുഭാഗം പൊളിച്ച് അടുത്തഘട്ട പൈപ്പിടല്‍ തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് രതീഷ് കുമാര്‍ പറഞ്ഞു.
ഒക്ടോബര്‍ ആദ്യവാരം റോഡിന്റെ മറുവശം പൊളിച്ചുതുടങ്ങുമെന്നാണ് സൂചന. ഈ ഘട്ടത്തിലെങ്കിലും ഗതാഗതം തിരിച്ചുവിട്ട് നിര്‍മാണപ്രവൃത്തികള്‍ നടത്തിയില്ലെങ്കില്‍ റോഡിലൂടെയുള്ള യാത്ര ദൂരിതപൂര്‍ണമാകും. പൈപ്പിടലിനുശേഷം കോര്‍പറേഷനാണ് റോഡ് ടാറിങ് നടത്തേണ്ടത്.









0 comments