വിഹിതം ഒൗട്ട്; ക്ഷേമവും

ബിജു കാർത്തിക്
Published on Jul 25, 2026, 02:52 AM | 1 min read
കണ്ണൂർ
സാന്പത്തിക വർഷത്തിന്റെ ഒന്നാംപാദം അവസാനിച്ചിട്ടും വികസനഫണ്ട് അനുവദിക്കാത്തതിനാൽ ക്ഷേമപദ്ധതികൾ നടപ്പാക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചതും ആദ്യഗഡുപോലും ഇതുവരെ അനുവദിക്കാത്തതുമാണ് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്. പയ്യന്നൂർ നഗരസഭയിൽമാത്രം പൊതുഫണ്ടിൽനിന്ന് 6.87കോടിരൂപ വെട്ടിക്കുറച്ചു. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് 9,78,92,000 രൂപ അനുവദിച്ചിടത്ത് യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ ലഭിക്കുക 2.91 കോടി മാത്രം. പട്ടികജാതി വിഹിതം 2.02കോടിരൂപ പുതുക്കിയപ്പോൾ 1.72കോടി രൂപയായി. ഇതോടെ പ്രഖ്യാപിച്ച പല പദ്ധതികളും ഒഴിവാക്കേണ്ടിവരും. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് തുകയുൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങളും മൂന്നുമാസമായി പൂർണമായും മുടങ്ങി. 42 ലക്ഷം രൂപയാണ് പയ്യന്നൂരിന് ഇൗയിനത്തിൽ വേണ്ടിയിരുന്നത്. അങ്കണവാടികളിലേക്ക് പോഷകാഹാരം വാങ്ങിയതിന്റെ തുകയും നൽകാനുണ്ട്. പഞ്ചായത്തുകളും വട്ടം കറങ്ങും പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. കുറുമാത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ സർക്കാർ 5.05കോടിരൂപ വികസനഫണ്ടായി അനുവദിച്ചത്, പുതുക്കിയപ്പോൾ വെട്ടിക്കുറച്ചത് 1.02കോടി രൂപയാണ്; അനുവദിച്ചതുക 4.03കോടിരൂപമാത്രം. നേരത്തെയുള്ള പദ്ധതിപ്രകാരം 20 വാർഡിലും രണ്ട് റോഡുവീതം അറ്റകുറ്റപ്പണിക്കായി ഫണ്ട് നീക്കിവച്ച് അതിനുള്ള പ്രഖ്യാപനവും നടത്തിയശേഷം തുക വെട്ടിക്കുറച്ചപ്പോൾ ഒരുവാർഡിൽ ഒരുറോഡിനുമാത്രമേ തുക നീക്കിവയ്‌ക്കാനാകൂവെന്ന അവസ്ഥയാണ്. ഇത് പ്രാദേശിക തർക്കത്തിനും കാരണമാകുന്നു. കഴിഞ്ഞ വർഷത്തെ സ്‌പിൽ ഓവറുകളുടെ തുകയും അനുവദിച്ച് കിട്ടിയിട്ടില്ല. സാന്പത്തികവർഷം അവസാനിക്കാൻ ഒന്പതുമാസംമാത്രം ബാക്കിയിരിക്കെ പദ്ധതി നടത്തിപ്പുകളുൾപ്പെടെ എല്ലാം താളംതെറ്റുന്ന അവസ്ഥയാണ്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആന്തൂർ നഗരസഭ പ്രമേയം പാസാക്കി. തദ്ദേശസ്ഥാപന പ്രതിനിധികൾ യോജിച്ച പ്രത്യക്ഷ സമരത്തിനും അരങ്ങ് ഒരുങ്ങുകയാണ് .
ഏഴ് കോടിയുടെ വികസന പ്രവർത്തനങ്ങൾ ഒരുനഗരസഭയിൽനിന്നുമാത്രം വെട്ടിച്ചുരുക്കുകയാണ്. വികസന പ്രവർത്തനങ്ങളെയാകെ താറുമാറാക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ ചെയ്‌തത്.
സരിൻ ശശി പയ്യന്നൂർ നഗരസഭാ ചെയർമാൻ
സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അനുഭവിക്കേണ്ടി വരുന്നത്. ആരോഗ്യകേന്ദ്രങ്ങളിലെ താൽക്കാലിക ജീവനക്കാർ മുതൽ പകൽവീട്ടിലെ കെയർടേക്കർമാർക്കുവരെ വേതനം നൽകാനാകുന്നില്ല.
എസ് പി രമേശൻ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ്









0 comments