ഗുണഭോക്താക്കളും ഏജൻസികളും പ്രതിസന്ധിയിൽ കാത്തിരിപ്പുസമയം കുറച്ചു; പക്ഷേ ഗ്യാസ് ഇല്ല

നീലേശ്വരം ഗാർഹിക ആവശ്യത്തിനുള്ള എൽപി ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം കേന്ദ്ര സർക്കാർ 45 ദിവസത്തിൽനിന്ന് 25 ദിവസമായി കുറച്ചെങ്കിലും സിലിണ്ടർ യഥാസമയം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. 45 ദിവസം കഴിഞ്ഞ് ബുക്കുചെയ്ത സിലിണ്ടർ 7 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞാലും സിലിണ്ടർ ലഭിക്കുന്നില്ല. ഇത് പലപ്പോഴും ഏജന്റുമാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റങ്ങൾക്കുവരെ കാരണമാവുന്നു. എച്ച്പി, ഭാരത് ഏജൻസികൾ വിതരണം നടത്തുമ്പോഴും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസികളിൽനിന്ന് കൃത്യമായി സിലിണ്ടർ ലഭിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. ജില്ലയിൽ കാഞ്ഞങ്ങാട്ടാണ് ഐഒസിയുടെ ഏജൻസിയുള്ളത്. ഇവിടെനിന്ന് ഏഴ് വാഹനങ്ങളാണ് ദിവസവും സിലിണ്ടർ വിതരണം നടത്തുന്നത്. ഒരു ദിവസം ആറായിരത്തോളം സിലിണ്ടർ ആവശ്യപ്പെട്ടാൽ 300-–400 സിലണ്ടറുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഏജൻസി വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കൾ കുറവായ കമ്പനികൾക്ക് വിതരണപ്രശ്‌നമില്ല. കോഴിക്കോട്ടെ ചേളാരിയിൽനിന്നും മംഗളൂരുവിലെ സ്വകാര്യ റീഫില്ലിങ് കേന്ദ്രത്തിൽനിന്നുമാണ് ജില്ലയിലേക്ക് സിലിണ്ടറുകൾ എത്തിക്കുന്നത്. മംഗളുരുവിലെ കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനാൽ ഇപ്പോൾ കോഴിക്കാട്ടുനിന്ന് മാത്രമാണ് സിലിണ്ടറുകൾ. ഇവിടെ ലഭ്യത ആവശ്യത്തിനില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. 1600ലധികം ഐഒസി ഉപഭോക്താക്കൾ മറ്റു ഏജൻസികളിലേക്ക് മാറിയതായും ജില്ലയിലെ ഐഒസി ഏജന്റായ സൺഷൈൻ ഏജൻസിയുടെ മാനേജർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെതുടർന്ന് ഗ്യാസ് ലഭ്യതയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനെന്നു പറഞ്ഞാണ് ഈ വർഷം ആദ്യം ഗ്യാസ് ബുക്കിങ്ങിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2026 മാർച്ചിൽ പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവുമായി ബുക്കിങ് ഇടവേള നിശ്ചയിച്ചു. രാജ്യത്ത് എൽപിജി ലഭ്യത വർധിച്ചതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. പൊതുമേഖലാ എണ്ണക്കമ്പനികളോട് പുതിയമാർഗനിർദേശം നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകിയെന്നു പറയുന്നതല്ലാതെ പ്രവർത്തികമാവുന്നില്ലെന്ന് ഏജൻസി അധികൃതർ പറഞ്ഞു.









0 comments