അതിജീവന കഥയുമായി സെഹർ ഹാഷ്മി ജില്ലയിൽ

കാസർകോട് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതുവഴി യുവതയ്ക്കു മുന്നിൽ പ്രത്യാശയുടെ വെളിച്ചമേകാൻ സെഹർ ഹാഷ്മിയും സംഘവും ആരംഭിച്ച ബൈക്ക് യാത്ര കേരളത്തിൽ പ്രവേശിച്ചു. ‘ബിയോണ്ട് ദ ഹൊറൈസൺ: എ റൈഡ് ഫോർ റെസിലിയൻസ്' എന്ന പേരിലുള്ള യാത്ര ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വടക്കേ ഇന്ത്യയിലെ പര്യടനം പൂർത്തിയാക്കിയാണ് ബുധൻ വൈകിട്ട് കാസർകോട് ജില്ലയിൽ പ്രവേശിച്ചത്. വ്യാഴാഴ്‌ച ജില്ലയിൽ രണ്ട് കേന്ദ്രത്തിൽ യാത്രയ്‌ക്ക് സ്വീകരണമൊരുക്കും. സെഹർ ട്രസ്റ്റിയായി, സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന, ‘ക്യാമ്പയിൻ പെർച്ചാ’ന്റെ ആഭിമുഖ്യത്തിലാണ് യാത്ര. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതിയാണ് കേരളത്തിലെ പ്രചാരണ പരിപാടിക്ക് പിന്തുണ നൽകുന്നത്. പരിഷത്ത് വളണ്ടിയർമാർ സംസ്ഥാനത്തുടനീളം ബൈക്കുകളിൽ സംഘത്തെ അനുഗമിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോഗ്യ അവബോധ സെഷനുകളും സംവാദങ്ങളും സംഘടിപ്പിക്കുകയുംചെയ്യും. യുവാക്കളുടെ മാനസികാരോഗ്യവും ഇതു സംബന്ധിച്ച സമൂഹത്തിന്റെ മനോഭാവവും മെച്ചപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഒരുകാലത്ത് വിഷാദരോഗത്തിന്റെ പിടിയിൽ അകപ്പെട്ട സെഹർ, സ്വന്തം അതിജീവന കഥയാണ് പകരുന്നത്. തെരുവിൽ നാടകാവതരണത്തിനിടെ രാഷ്ട്രീയഗുണ്ടകൾ ആക്രമിച്ച് കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്മിയുടെ അനന്തരവളാണ് സെഹർ. ആഗസ്‌ത് 20ന് ന്യൂഡൽഹിയിൽ നടി ഷർമിള ടാഗോറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 10 സംസ്ഥാനങ്ങളിൽ ഇതുവരെ സംഘം എത്തി. കേരളത്തിൽ 18 വരെ ഒമ്പത് ജില്ലകളിലെ 20 കേന്ദ്രത്തിൽ സംവാദമൊരുക്കും. 2025-ലായിരുന്നു അവരുടെ ആദ്യ യാത്ര. ഡൽഹിയിൽ നിന്ന് കശ്മീരിലേക്കും തിരിച്ചുമായി 3,000-ത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് 20 നഗരങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളോട് സംവദിച്ചു. കേരളത്തിലെ പരിപാടി കണ്ണൂർ–10, 11, കോഴിക്കോട്- 12, മലപ്പുറം–13, തൃശൂർ-14, എറണാകുളം-15, ആലപ്പുഴ- 16, കൊല്ലം-17, തിരുവനന്തപുരം-18 എന്നിങ്ങനെയാണ്. കാസർകോട് ജില്ലയിൽ വ്യാഴാഴ്‌ച രാവിലെ 10ന് മുന്നാട് പീപ്പിൾസ് കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പകൽ രണ്ടിന് പിലിക്കോട് സികെ എൻഎസ് എച്ച്‌എസ്‌എസിലും വിദ്യാർഥികളുമായി സംവദിക്കും. തുടർന്ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.









0 comments