ദേശീയ ഗുണമേന്മാ അംഗീകാരം ഹാട്രിക്ക് നേട്ടവുമായി കിനാനൂർ–കരിന്തളം കുടുംബാരോഗ്യകേന്ദ്രം

കരിന്തളം ദേശീയ ആരോഗ്യ ഗുണമേന്മാ നിലവാരത്തിൽ മികവിന്റെ തുടർച്ചയായ മാതൃകയായി കരിന്തളം കുടുംബാരോഗ്യ കേന്ദ്രം. ദേശീയ ഗുണമേന്മാ ഉറപ്പ് മാനദണ്ഡമായ ദേശീയ ഗുണമേന്മാ അംഗീകാരം (എൻക്യൂഎഎസ്) പ്രകാരമുള്ള ദേശീയതല അംഗീകാരം 95.6 ശതമാനം മാർക്കോടെയാണ് മൂന്നാം തവണയും കരിന്തളം കുടുംബാരോഗ്യകേന്ദ്രം ശ്രദ്ധേയനേട്ടം കൈവരിക്കുന്നത്. കിനാനൂർ-–കരിന്തളം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ അംഗീകാരം, ഗുണമേന്മയുള്ള ആരോഗ്യസേവനം, രോഗീസൗഹൃദ അന്തരീക്ഷം, ശുചിത്വം, സുരക്ഷ, രോഗി പരിചരണം, രേഖാസൂക്ഷിപ്പ്, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, സേവനങ്ങളുടെ കാര്യക്ഷമത എന്നിവയിൽ സ്ഥാപനം പുലർത്തുന്ന ഉയർന്ന നിലവാരത്തിനുള്ള ദേശീയ അംഗീകാരമാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിലുള്ള ചോയംകോട്, ബിരിക്കുളം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളും ദേശീയതല ഗുണമേന്മാ അംഗീകാരങ്ങളും കായകൽപ് പുരസ്കാരങ്ങളും ഉൾപ്പെടെ വിവിധ നേട്ടങ്ങൾ കൈവരിച്ചതോടെ കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ ആരോഗ്യ മേഖലയിലെ മികവിന് ഇത് കൂടുതൽ തിളക്കം പകരുകയാണ്. തുടർച്ചയായ മികവിന്റെ നേട്ടങ്ങൾ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ചോയംകോട് ഹെൽത്ത് സെന്റർ കഴിഞ്ഞ വർഷങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അതിന്റെ കീഴിലുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെയും ഗുണമേന്മാ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയാണ് അംഗീകാരം. ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് അംഗീകാരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.









0 comments