അക്ഷരമുറ്റത്ത് അറിവിന്റെ ആഘോഷം

ചായ്യോത്ത് കുഞ്ഞുമനസ്സുകളിൽ അറിവിന്റെ പൂത്തിരി കത്തിച്ച് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ– 15ന് തുടക്കം. മത്സര പരീക്ഷ എന്നതിനപ്പുറം അറിവിന്റെ ആകാശത്തേക്ക് കുട്ടികളെ നയിക്കുന്ന അറിവുത്സവത്തിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ 550 ഓളം വിദ്യാലയങ്ങളിൽനിന്നായി കാൽലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കാളികളായി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗത്തിലായിരുന്നു ക്വിസ് മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രസംഗ മത്സരവുമുണ്ടായി. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന ജനനേതാവ് ആരെന്നതായിരുന്നു എൽപി വിഭാഗത്തിലെ ഒരു ചോദ്യം. മിക്ക വിദ്യാർഥികൾക്ക് ഇതിന്റെ ഉത്തരം കണ്ടെത്താൻ പ്രയാസപ്പെടേണ്ടിവന്നില്ല. ഇൗ വർഷം നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്‌പെയിൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത് എന്ന ചോദ്യത്തിന് മിക്കവരും ശരിയുത്തരമെഴുതി. ഇക്കഴിഞ്ഞ ആഗസ്‌ത് 31ന് ഒരു ലോകകപ്പ് ഫുട്‌ബോൾ താരം അന്താരാഷ്‌ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ആരാണെന്ന ചോദ്യം കുട്ടികളെ കുഴക്കിയില്ല. ബഹിരാകാശത്തേക്ക് ആദ്യമായി ഒരു മലയാളി പോയത് ഇൗ വർഷം ജൂലൈയിലാണ്. ആരെന്നത് ഹൈസ്‌കൂൾ വിഭാഗത്തിലെ ഒരു ചോദ്യമായിരുന്നു. പതിനാറാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം എത്രയെന്നായിരുന്നു ഹയർസെക്കൻഡറിയിലെ ഒരു ചോദ്യം. ഇവയ്‌ക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ ഏറെയൊന്നും ബുദ്ധിമുട്ടിയില്ല. ചരിത്രവും സാഹിത്യവും കലയും ശാസ്‌ത്രവും ആനുകാലിക സംഭവങ്ങളും എല്ലാം കോർത്തിണക്കിയായിരുന്നു ചോദ്യങ്ങൾ. ‘വായന നമ്മെ നവീകരിക്കുന്നു’ എന്നതായിരുന്നു ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിന്റെ വിഷയം. ഹയർസെക്കൻഡറിയിൽ ‘സമൂഹ മാധ്യമങ്ങൾ : സാധ്യതകളും പരിമിതികളും’ എന്നതായിരുന്നു വിഷയം. ക്വിസ് മത്സരത്തിലെ സ്‌കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഒക്‌ടോബർ 10ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ മാറ്റുരക്കും. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് ഉപജില്ലയിൽ പങ്കെടുക്കുക. സ്‌കൂൾതല മത്സരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ചായ്യോത്ത് ജിഎച്ച്‌എസ്‌എസിൽ സിനിമാ –സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി. ചായ്യോത്ത് ജിഎച്ച്‌എസ്‌എസ് പ്രധാനാധ്യാപകൻ എം സുനിൽകുമാർ മത്സര പരിപാടി വിശദീകരിച്ചു. പ്രിൻസിപ്പൽ കെ ടി സീമ, സിപിഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, പിടിഎ പ്രസിഡന്റ് പി മനോഹരൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ കുമാരൻ, കിനാനൂർ ലോക്കൽ സെക്രട്ടറി കെ രാജൻ, മദർ പിടിഎ പ്രസിഡന്റ് പി ധന്യ, സി സുരേശൻ, കെ ജയരാജൻ, കെ കെ രാജൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ പി വി നാരായണൻ സ്വാഗതവും കാസർകോട് ബ്യൂറോ ചീഫ് പി പ്രകാശൻ നന്ദിയും പറഞ്ഞു.









0 comments