print edition ഡൽഹി സമരത്തിന് കർഷകത്തൊഴിലാളി ഐക്യദാർഢ്യം

പ്രതിഷേധ വെളിച്ചം... ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയർപ്പിച്ച് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകർ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്ത് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

സ്വന്തം ലേഖകൻ
Published on Jul 25, 2026, 12:52 AM | 1 min read
ആലപ്പുഴ : ഡൽഹിയിൽ സമരമുഖത്തുള്ള വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കർഷകത്തൊഴിലാളികൾ. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ ജനറൽ കൗൺസിൽ യോഗത്തിന് മുന്നോടിയായി നടന്ന ദേശീയ സെമിനാറിലാണ് ഐക്യദാർഢ്യം.
മത്സരപരീക്ഷ എഴുതിയ ലക്ഷോപലക്ഷം വിദ്യാർഥികളുടെ ചോദ്യപേപ്പർ ചോർത്തി ഭാവി തുലാസിലാക്കിയ കേന്ദ്രഭരണത്തിനെതിരെയുള്ള രോഷാഗ്‌നിയായി മുദ്രാവാക്യങ്ങൾ ഉയർന്നു. ഇതിനൊപ്പം മൊബൈൽ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് തൊഴിലാളികൾ വിദ്യാർഥികൾക്ക് അഭിവാദ്യമേകി.
"ഇന്ത്യൻ സാഹചര്യവും കർഷക തൊഴിലാളികളും’ എന്ന വിഷയത്തിൽ മങ്കൊന്പ് പി കൃഷ്‌ണപിള്ള സ്‌മാരക കൺവൻഷൻ സെന്ററിൽ നടന്ന ദേശീയ സെമിനാർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ആർ നാസർ അധ്യക്ഷനായി. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, എഐഎഡബ്ല്യുയു ജനറൽ സെക്രട്ടറി ബി വെങ്കിട്, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, ട്രഷറർ സി ബി ദേവദർശനൻ, വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ജില്ലാ പ്രസിഡന്റ് കെ രാഘവൻ, സെക്രട്ടറി എം സത്യപാലൻ, വിക്രം സിങ്, ജോസ് തോമസ്, കെ കെ ഷാജു തുടങ്ങിയവർ പങ്കെടുത്തു. വി എസ് അച്യുതാനന്ദന്റെ ചിത്രത്തിനുമുന്നിൽ പുഷ്‌പാർച്ചന നടത്തി.
കൈനകരി നവഭാവന വഞ്ചിപ്പാട്ട് സംഘം വഞ്ചിപ്പാട്ടും കാവാലം സുരഭി ആർട്‌സ് നാടൻപാട്ടും അവതരിപ്പിച്ചു. കുട്ടനാടിന്റെ സാംസ്‌കാരിക വൈവിധ്യം വിശദമാക്കുന്ന ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.










0 comments