ad
Deshabhimani

print edition ഹോട്ടൽ, റെസ്റ്റോറന്റ് 
വ്യവസായം അടച്ചുപൂട്ടലിലേക്ക്‌

editorial.
വെബ് ഡെസ്ക്

Published on May 07, 2026, 12:00 AM | 2 min read

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയതിനെ തുടർന്ന്‌ സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖല നേരിടുന്ന പ്രതിസന്ധി വിവരണാതീതമാണ്‌. മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായ പാചകവാതകക്ഷാമം ഇ‍ൗ മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിനുപുറമെയാണ്‌ വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുത്തനെ ഉയർത്തിയത്‌. പിടിച്ചുനിൽക്കാനാകാത്ത സാഹചര്യത്തിലാണ്‌ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്‌ച ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ലഘുഭക്ഷണശാലകൾ, മെസ്സുകൾ, തട്ടുകടകൾ എന്നിവ അടച്ചിട്ട്‌ പ്രതിഷേധസമരം നടത്തിയത്‌. ഇ‍ൗ സമരം ഫലത്തിൽ കേന്ദ്രസർക്കാരിനുള്ള താക്കീതായി.


കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ ജനങ്ങളോട്‌ ഉത്തരവാദിത്വമോ കരുണയോ ഇല്ലാതെയാണ്‌ വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുത്തനെ വർധിപ്പിച്ചത്‌. 19 കിലോ സിലിണ്ടറിന്‌ ഒറ്റയടിക്ക്‌ 993 രൂപ വർധിപ്പിച്ചതോടെ ഒന്നിന്‌ 3100 രൂപയിലധികമായി. അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിയാൻ കാത്തുനിന്ന കേന്ദ്രം, പാചകവാതകവില 50 ശതമാനമാണ്‌ കൂട്ടിയത്‌. ഇ‍ൗ വർഷമാദ്യം 1698 രൂപയായിരുന്നു ഇ‍ൗ സിലിണ്ടറിന്‌ വില. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച്‌ 62 ദിവസത്തിനുള്ളിൽത്തന്നെ 1303 രൂപയാണ്‌ സിലിണ്ടറിന്‌ കൂട്ടിയത്‌. അതിഥിത്തൊഴിലാളികളും ചെറുകുടുംബങ്ങളും ഉപയോഗിക്കുന്ന അഞ്ചു കിലോ സിലിണ്ടറിന്‌ 251.50 രൂപയും കൂട്ടി. ഇതോടെ അതിന്റെ വില 800 രൂപയിലധികമായി.


പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക, ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിൽ പൂർണമായും പരാജയപ്പെട്ട കേന്ദ്രസർക്കാർ പ്രതിസന്ധിയുടെ മുഴുവൻ ഭാരവും ജനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുന്ന അവസ്ഥയാണുള്ളത്‌. രാജ്യാന്തരവിപണിയിൽ ക്രൂഡ്‌ വില താഴുന്പോൾ നിരക്ക്‌ കുറയ്‌ക്കാൻ തയ്യാറാകാത്ത എണ്ണക്കന്പനികൾ, കൂടുന്പോൾ അത്‌ അവസരമാക്കി വില കുത്തനെ ഉയർത്തുകയാണ്‌. കേന്ദ്ര ബിജെപി സർക്കാരിന്റെ ഇഷ്‌ടക്കാരായ സ്വകാര്യ എണ്ണക്കന്പനികളുടെ സമ്മർദംകൂടിയാകുന്പോൾ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വലിയ വിലവർധനയ്‌ക്ക്‌ കേന്ദ്രം പച്ചക്കൊടി കാട്ടുന്നു. പാചകവാതക ഇറക്കുമതിക്ക്‌ ബദൽമാർഗം തേടാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. വില ഉയരുന്പോൾ തീരുവ ഇനത്തിൽ അധികവരുമാനം കൈവന്നിട്ടും നികുതി ഇളവ്‌ നൽകി ജനങ്ങളുടെ ഭാരം കുറയ്‌ക്കാനോ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും സബ്‌സിഡി നൽകാനോ തയ്യാറാകുന്നുമില്ല.


അടുത്തദിവസങ്ങളിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ, പെട്രോൾ, ഡീസൽ വിലയും വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്‌. ഇത്‌ എല്ലാ അവശ്യവസ്‌തുക്കളുടെയും വില കുത്തനെ ഉയരാനിടയാക്കും. ഇതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ബുദ്ധിമുട്ടിലാകും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ ലഭ്യത കുറഞ്ഞപ്പോൾ പല ഹോട്ടലുകളും പ്രവർത്തനസമയവും ഭക്ഷ്യവിഭവങ്ങളുടെ എണ്ണവും കുറച്ച്‌ നടത്തിക്കൊണ്ടുപോകാൻ നോക്കിയെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതായി. കരിഞ്ചന്തയിൽനിന്ന്‌ സിലിണ്ടർ വാങ്ങിയാണ്‌ പലരും ഹോട്ടലുകൾ നടത്തിയത്‌. ചെറിയ ഹോട്ടലുകൾ പലതും അടച്ചുപൂട്ടി. എന്നാൽ, ഇപ്പോൾ സിലിണ്ടറിന്‌ മൂവായിരത്തിലധികം രൂപയായതോടെ കരിഞ്ചന്തയിൽ 7000 രൂപവരെ വില ഉയർന്നതോടെ ഹോട്ടൽ നടത്താൻ കഴിയാതായി. ഭക്ഷണവില ഉയർത്താൻ ഉടമകൾ നിർബന്ധിതരായതോടെ ഭാരം ജനങ്ങൾക്കുമേലായി. കടുത്ത വേനലിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക്‌ ഭക്ഷണത്തിനും വെള്ളത്തിനും ഹോട്ടലുകളെ ആശ്രയിക്കാൻപോലും കഴിയാത്തവിധം വിലക്കയറ്റം രൂക്ഷമാകുകയാണ്‌. അതിഥിത്തൊഴിലാളികളാകട്ടെ നഗരത്തിലെ ഉയർന്ന ഭക്ഷണവില താങ്ങാനാകാതെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാൻ നിർബന്ധിതരാകുകയാണ്‌.


സംസ്ഥാനത്ത്‌ ഉദ്ദേശം 60,000 ഹോട്ടലുകളും അതിന്റെ ഇരട്ടി ലഘുഭക്ഷണശാലകളും തട്ടുകടകളുമുണ്ട്‌. 35 ലക്ഷത്തോളംപേരാണ്‌ ഇ‍ൗ മേഖലയിൽ പണിയെടുക്കുന്നത്‌. കാറ്ററിങ്‌ മേഖലയിൽ പണിയെടുക്കുന്നവരും ഹോട്ടലുകൾക്ക്‌ ഭക്ഷ്യവിഭവങ്ങൾ വീടുകളിൽ തയ്യാറാക്കി എത്തിക്കുന്നവരും ഉൾപ്പെടെ 20 ലക്ഷത്തോളംപേർ വേറെയുമുണ്ട്‌. ഇവരുടെ ഉപജീവനമാർഗമാണ്‌ ഇല്ലാതാകുന്നത്‌.

പാചകവാതക വിലവർധനയ്‌ക്കെതിരെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ ഉയർന്ന പ്രതിഷേധം വലിയ മുന്നറിയിപ്പാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനും രാജ്യത്തെ കോർപറേറ്റ്‌ താൽപ്പര്യങ്ങൾക്കും കീഴടങ്ങി ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ശക്തമായ താക്കീതാണിത്‌. സിപിഐ എം ഉൾപ്പെടെയുള്ള രാഷ്‌ട്രീയപ്രസ്ഥാനങ്ങളും പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില അടിക്കടി വർധിപ്പിച്ച്‌ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ സമൂഹമാകെ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണം. എന്നാൽമാത്രമേ ജനങ്ങളെ പട്ടിണിക്കിടുന്ന, തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന നയങ്ങൾ തിരുത്തിക്കാനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home