രാജ്യതലസ്ഥാനത്ത് ഭയാനക വോട്ടുവെട്ടൽ

വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) എന്ന പേരിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വോട്ടർമാരെ കൂട്ടമായി പട്ടികയിൽനിന്ന് ഒഴിവാക്കുന്ന തിരക്കിലാണ് തെരഞ്ഞെടുപ്പ് കമീഷൻ. എസ്‌ഐആർ പ്രക്രിയ വഴി തയ്യാറാക്കിയ കരടുപട്ടിക ആഗസ്‌ത് 31നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. എസ്‌ഐആറിനുമുന്പ് ഡൽഹി വോട്ടർപ്പട്ടികയിൽ 1.45 കോടിപ്പേർ ഉൾപ്പെട്ടിരുന്നു. കരടുപട്ടികയിൽ ഉൾപ്പെട്ടത് 97.53 ലക്ഷംപേർ മാത്രം. 47.56 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടു; അതായത് 33 ശതമാനം പേർ. മരിച്ചവരും സ്ഥലത്ത് ഇല്ലാത്തവരും സ്ഥിരമായി താമസംമാറി പോയവരും ഒന്നിൽ കൂടുതൽ പട്ടികയിൽ പേര് ഉൾപ്പെട്ടവരുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് കമീഷൻ വിശദീകരണം.
കരടുപട്ടികയിൽ ഉൾപ്പെട്ടവരുടെ സാധുതാപരിശോധനയുടെ തിരക്കിലാണ് കമീഷൻ. പട്ടികയിൽ ഒരുവിധം ഇടംനേടിയ 97.53 ലക്ഷംപേരിൽ 33 ലക്ഷംപേർക്ക് ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ ചൂണ്ടിക്കാട്ടി കമീഷന്റെ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. ഇവർ കമീഷന്റെ മുന്നിൽ ഹാജരായി പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള നിയമപരമായ സാധുതാ രേഖകളുംമറ്റും സമർപ്പിച്ച് സ്വമേധയാ തെളിയിക്കണം. അതിന് കഴിയാത്തവർ അന്തിമപട്ടികയിൽ ഉൾപ്പെടില്ല. 2002 പട്ടികയിൽ ഉൾപ്പെടാത്തവർ, മാതാപിതാക്കളുടെ പേരുകളിലും പ്രായത്തിലുംമറ്റും പൊരുത്തക്കേട്, മേൽവിലാസത്തിൽ സംശയം തുടങ്ങിയ കാരണങ്ങളാണ് ‘യുക്തിസഹമായ പൊരുത്തക്കേടു’കളായി കമീഷൻ ചൂണ്ടിക്കാട്ടുന്നത്. കമീഷന്റെതന്നെ സോഫ്‌റ്റ്‌വെയറാണ് ഇത്തരം പൊരുത്തക്കേടുകൾ കണ്ടെത്തി നോട്ടീസ് അയക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്.
നിലവിൽ കമീഷന്റെ നോട്ടീസ് ലഭിച്ചവരുടെ പട്ടിക ആരെയും ഞെട്ടിക്കും. മുഖ്യമന്ത്രി രേഖ ഗുപ്‌ത, ഉപമുഖ്യമന്ത്രി പർവേഷ് സാഹിങ് സിങ്, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കുടുംബാംഗങ്ങളും, മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയും മകളും മരുമകളും, വിദേശമന്ത്രി എസ് ജയ്‌ശങ്കർ, മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറും ഭാര്യയും, മുൻ സുപ്രീംകോടതി ജഡ്‌ജി മദൻ ബി ലൊക്കുർ, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ, രാജ്യസഭാംഗവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി, ചരിത്രകാരി റൊമില ഥാപ്പർ, മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, ആനന്ദ് ഗ്രോവർ, ബിജെപിയുടെ ലോക്‌സഭാംഗം ബാൻസുരി സ്വരാജ്, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, സിബിഐ ഡയറക്ടർ പ്രവീൺ സൂദ്, മുൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി എന്നിവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.
തെരഞ്ഞെടുപ്പ് കമീഷണറായ എസ് എസ് സന്ധുവിനും കമീഷന്റെ വിശദീകരണ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാനായിരുന്ന സാമ്പത്തികശാസ്‌ത്രജ്ഞൻ ബിബേക് ദേബ്‌റോയിക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. 69–ാംവയസ്സിൽ 2024 നവംബറിൽ മരിച്ചയാളാണ് ദേബ്‌റോയ്. മരിച്ചവരെയുംമറ്റും ഒഴിവാക്കിയുള്ളതാണ് ഇപ്പോൾ തയ്യാറാക്കിയ കരടുപട്ടികയെന്നാണ് കമീഷന്റെ അവകാശവാദം. അപ്പോൾ ദേബ്‌റോയിക്ക് എങ്ങനെ നോട്ടീസ് ലഭിച്ചു എന്നതിന് കമീഷന് വിശദീകരണമില്ല.
എന്തായാലും ഡൽഹിയിലെ എസ്‌ഐആർ പ്രക്രിയ വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. കരടുപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരും ഇപ്പോൾ നോട്ടീസ് ലഭിച്ചവരും ഉൾപ്പെടെ 80 ലക്ഷത്തിലേറെ പേരാണ് ഡൽഹിയിൽ പട്ടികയിൽനിന്ന് നീക്കംചെയ്യപ്പെടാമെന്ന ഭീതിയിലുള്ളത്. എസ്‌ഐആറിനു മുന്പുണ്ടായിരുന്ന പട്ടികയിലെ 50 ശതമാനത്തിലേറെപ്പേരും ഒഴിവാക്കൽ ഭീഷണിയിലാണ്. ഇപ്പോഴത്തെ നോട്ടീസ് പരിശോധനാ പ്രക്രിയയുടെ ഭാഗമാണെന്നും രേഖകളുംമറ്റും കൃത്യമായി സമർപ്പിക്കുന്ന ആരും ഒഴിവാക്കപ്പെടില്ലെന്നുമാണ് കമീഷന്റെ അവകാശവാദം.
നോട്ടീസ് ലഭിച്ചവരോട് കമീഷൻ രാഷ്ട്രീയമായി സ്വീകരിക്കുന്ന പക്ഷപാതിത്വവും വിവാദമാവുകയാണ്. മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് നോട്ടീസ് അയച്ചുവെന്ന് സ്ഥിരീകരിക്കുന്ന കമീഷൻ പരിശോധനകളെല്ലാം പൂർത്തിയായെന്നും അവരുടെ പേര് അന്തിമപട്ടികയിൽ ഉൾപ്പെടുത്താനായി മാറ്റിയെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ പരിശോധനകൾ തുടരുകയാണെന്ന നിലപാടിലാണ് കമീഷൻ.
കരടുപട്ടിക തയ്യാറാക്കിയപ്പോൾത്തന്നെ ഡൽഹിയിലെ ആകെയുള്ള 14,947 ബൂത്തുകളിൽ 99.66 ശതമാനം ബൂത്തുകളിലും രണ്ടുശതമാനത്തിലേറെ വോട്ടർമാർ ഒഴിവാക്കപ്പെട്ടിരുന്നു. 639 ബൂത്തുകളിൽ 50 ശതമാനത്തിലേറെപ്പേരെ നീക്കി. കമീഷൻ ചട്ടമനുസരിച്ച് ഒരു ബൂത്തിൽ രണ്ടുശതമാനത്തിലേറെ വോട്ടർമാർ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ നേരിട്ടുപോയി പരിശോധന നടത്തി പിഴവുകളില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഡൽഹിയിൽ അത്തരം നടപടികൾ ഉണ്ടായിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇതുവരെ നടത്തിയ എസ്‌ഐആർ പ്രക്രിയയിലൂടെ 12 കോടിക്ക് അടുത്തുപേർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ശതമാനക്കണക്കിൽ ഏറ്റവും ഉയർന്ന ഒഴിവാക്കൽ ഡൽഹിയിൽത്തന്നെയാണ്. ഇവിടെ കമീഷന്റെ നോട്ടീസ് ലഭിച്ച പ്രമുഖരോട് വിവാദങ്ങൾ ഭയന്ന് അനുഭാവപൂർവമായ സമീപനം കമീഷൻ സ്വീകരിച്ചേക്കും. എന്നാൽ, നോട്ടീസ് ലഭിച്ച സാധാരണക്കാർ രേഖകളും മറ്റുമായി ഓ-ഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാകും. ന്യൂനപക്ഷങ്ങളും പിന്നാക്ക–ദുർബല ജനവിഭാഗങ്ങളുമാകും ഏറെ പാടുപെടുക. ഗൗരവമേറിയ ഇൗ വിഷയത്തിൽ സുപ്രീംകോടതിയുടെയും പ്രതിപക്ഷപാർടികളുടെയുമെല്ലാം അടിയന്തര ഇടപെടൽ അനിവാര്യമാണ്.










0 comments