Deshabhimani

print edition ഇറാൻ–സ‍ൗദി സഹകരണം സമാധാനത്തിന്‌ 
അനിവാര്യം

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 2 min read

ഇസ്രയേൽ ഗാസയിൽ മൂന്നുവർഷമായി തുടരുന്ന വംശഹത്യയും ഇറാനെതിരെ എട്ടുമാസത്തോളമായി അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണവും ലോകമെങ്ങും തുടർപ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുന്നതിനിടെയാണ്‌ പശ്ചിമേഷ്യയിലെ സ‍ൗദി–ഹൂതി സംഘർഷം പുതിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്‌. ഒരു വ്യാഴവട്ടമായി യമന്റെ തലസ്ഥാനമായ സനാ അടക്കം ഭരിക്കുന്ന ഹൂതി സായുധസേന, ഇറാനെതിരെ യാങ്കി–സയണിസ്റ്റ്‌ സഖ്യം ആക്രമണം ആരംഭിച്ചതുമുതൽതന്നെ, ഇറാന്റെ സഹായത്തിന്‌ രംഗത്തുണ്ട്‌.


അമേരിക്കൻ ആക്രമണത്തിന്‌ മറുപടിയായി ഇറാൻ ഹോർമുസ്‌ കടലിടുക്ക്‌ അടച്ചതിനെ തുടർന്ന്‌ ചെങ്കടലിലെ ബദൽമാർഗത്തിലൂടെ പെട്രോളിയം കയറ്റുമതി തുടരാൻ സ‍ൗദി അറേബ്യ നടത്തിയ ശ്രമം വിഫലമാക്കിയത്‌ ഹൂതികളാണ്‌. നവംബറിൽ അമേരിക്കൻ കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ തൽക്കാലം ഹൂതികൾക്കെതിരെ സ‍ൗദിക്ക്‌ യുഎസിന്റെ സഹായം ലഭിക്കില്ല.


രണ്ടുമാസംമുന്പ്‌ പാകിസ്ഥാനും തുർക്കിയയുമായി ചേർന്ന്‌ സ‍ൗദി, മെക്ക സംയുക്ത പ്രതിരോധ ഉടന്പടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതനുസരിച്ച്‌ സഹായം ലഭിക്കുമോ എന്നും ഉറപ്പില്ല. ഇ‍ൗ സാഹചര്യത്തിൽ സ‍ൗദി അറേബ്യക്കും ഹൂതികൾക്കുമിടയിൽ മധ്യസ്ഥതയ്ക്ക്‌ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതാണ്‌ പ്രതീക്ഷ.

​

പശ്ചിമേഷ്യയിലെ പല സംഘർഷങ്ങളിലുമെന്നപോലെ സ‍ൗദി–ഹൂതി പ്രശ്‌നത്തിലും മതപരവും രാഷ്‌ട്രീയവും സാന്പത്തികവുമായ തലങ്ങളുണ്ട്‌. ഇസ്ലാമിലെ ഷിയാ–സുന്നി ഭിന്നതയിലാണ്‌ അതിന്റെ വേരുകളെന്നു കാണാം. ലോകത്തെ മുസ്ലിങ്ങളിൽ 90 ശതമാനംവരുന്ന സുന്നികളുടെ നേതൃസ്ഥാനം ഇസ്ലാമിന്റെ പ്രധാന വിശുദ്ധകേന്ദ്രങ്ങളുടെ ഉടമസ്ഥതയുള്ള സ‍ൗദിക്കാണ്‌. ഷിയാകളായ ഹൂതികൾക്ക്‌ ആ വിശ്വാസത്തിന്‌ ആധിപത്യമുള്ള ഇറാനുമായാണ്‌ അടുപ്പം. മേഖലയിലെ സുന്നി രാജവാഴ്‌ചകൾ പലതും അമേരിക്കയോട്‌ കൂറുപുലർത്തി ആ രാജ്യത്തിന്‌ വിധേയമായാണ്‌ വർത്തിക്കുന്നത്‌.


എന്നാൽ, 47 വർഷംമുന്പ്‌ രാജവാഴ്‌ച അവസാനിപ്പിച്ച്‌ റിപ്പബ്ലിക്കായ ഇറാനാകട്ടെ അന്നുമുതൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്‌ എതിരായ നിലപാടാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌. അറബ്‌ ജനതകളുടെ ജനാധിപത്യ അഭിലാഷങ്ങൾമുതൽ പലസ്‌തീൻ ജനതയുടെ വിമോചനപോരാട്ടംവരെയുള്ള വിഷയങ്ങളിൽ ഇ‍ൗ വ്യത്യാസം പ്രകടമാണ്‌.


​പലസ്‌തീൻ ജനതയുടെ ന്യായമായ ആവശ്യത്തിനൊപ്പം അറബ്‌ രാജ്യങ്ങൾ ആത്മാർഥമായി നിന്നാൽ സ്വതന്ത്ര പരമാധികാര പലസ്‌തീൻ യാഥാർഥ്യമാകുമെന്ന്‌ അറബ്‌ രാജ്യങ്ങളിലെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌. ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച്‌ നിലപാടെടുക്കാതെ അറബ്‌ സർക്കാരുകൾ പാശ്ചാത്യരാഷ്‌ട്രങ്ങളോട്‌ വിധേയത്വം കാണിക്കുന്നതാണ്‌ അവിടങ്ങളിൽ തീവ്രവാദം വളരുന്നതിന്‌ പ്രധാന കാരണം. 15 വർഷംമുന്പ്‌ മധ്യപ‍ൗരസ്‌ത്യ നാടുകളിലുണ്ടായ അറബ്‌വസന്തം അട്ടിമറിക്കപ്പെട്ടതും ജനങ്ങളെ നിരാശരാക്കി.


അറബ്‌വസന്തത്തിൽ ഭരണനേതൃമാറ്റമുണ്ടായ രാജ്യങ്ങളെല്ലാം വൈകാതെ പഴയ അധികാരശക്തികളുടെ കൈയിൽ തിരിച്ചെത്തി. അറബ്‌വസന്തത്തിന്‌ തുടക്കമിട്ട തുണിഷ്യയിലും പിന്നാലെ സ്വേച്ഛാധിപതികൾ വീഴ്‌ത്തപ്പെട്ട ഇ‍ൗജിപ്ത്‌, യമൻ തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇതാണുണ്ടായത്‌. യമനടക്കം ചില രാജ്യങ്ങൾ അന്നുമുതൽ ആഭ്യന്തരക്കുഴപ്പങ്ങളിലുമാണ്‌. മേഖലയിൽ ജനാധിപത്യം പുലരാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. ഇതാണ്‌ പ്രതിലോമശക്തികളുടെ സ്വേച്ഛാധിപത്യത്തിന്‌ സഹായകമായത്‌.

​

ഇവിടെയാണ്‌ അമേരിക്കൻ ‘ജനാധിപത്യ’ത്തേക്കാൾ മികവ്‌ അവകാശപ്പെടാവുന്ന ഇറാന്റെ നിലപാട്‌ വ്യത്യസ്‌തമാകുന്നത്‌. പലസ്‌തീൻ അറബ്‌ മുസ്ലിങ്ങളിൽ 99 ശതമാനത്തോളവും സുന്നികളാണെങ്കിലും അവരുടെ പോരാട്ടത്തെ സഹായിക്കുന്നത്‌ അറബ്‌ രാജ്യമല്ലാത്ത, ഷിയാ ഭൂരിപക്ഷ ഇറാനാണ്‌. അതിനാലാണ്‌ ആ രാജ്യത്തെ തകർക്കാൻ ഇസ്രയേൽ ശ്രമിച്ചുവരുന്നത്‌. രണ്ടുപതിറ്റാണ്ടുമുന്പ്‌ പലസ്‌തീൻ പാർലമെന്റിലേക്ക്‌ ജനാധിപത്യപരമായി നടന്ന അവസാന തെരഞ്ഞെടുപ്പിൽ ഹമാസ്‌ വിജയിച്ചപ്പോൾ ജനവിധി അംഗീകരിക്കാതെ പലസ്‌തീൻ ജനതയെ ശിക്ഷിക്കാൻ ഇസ്രയേലിനും പാശ്ചാത്യരാജ്യങ്ങൾക്കും കൂട്ടുനിൽക്കുകയായിരുന്നു ഇ‍ൗജിപ്‌തടക്കം അറബ്‌ രാജ്യങ്ങൾ. എന്നാൽ ലെബനനിലെ ഹിസ്‌ബുള്ള, യമനിലെ ഹൂതികൾ തുടങ്ങിയ ഷിയാ സായുധപ്രസ്ഥാനങ്ങളെ ചേർത്ത്‌ ഇറാനാണ്‌ പലസ്‌തീൻ ജനതയ്ക്കൊപ്പം നിന്നത്‌.


2014ൽ ഇറാന്റെ പിന്തുണയോടെയാണ്‌ ഹൂതികൾ യമൻ തലസ്ഥാനമടക്കം പിടിച്ചത്‌. അന്നുമുതൽ അവരെ പുറത്താക്കാൻ സ‍ൗദി സഖ്യസേന നടത്തിവന്ന ആക്രമണം വിജയംകാണാതെ 2022ൽ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഇ‍ൗ സാഹചര്യത്തിൽ സമാധാനത്തിന്‌ ഇറാനുമായി സഹകരിക്കാൻ സ‍ൗദി തയ്യാറായാൽ അത്‌ മേഖലയിൽമാത്രമല്ല പുറത്തും ഗുണപരമായ മാറ്റമുണ്ടാക്കും. മേഖലയിൽ തൊഴിലെടുക്കുന്ന മലയാളികളടക്കം പ്രവാസികളും അതാണ്‌ ആഗ്രഹിക്കുന്നത്‌. മേഖലയിൽ സമാധാനം പുലരേണ്ടത്‌ ലോകജനതയുടെ ആവശ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home