സംഘപരിവാർ അജൻഡ തിരിച്ചറിയണം

മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ആർഎസ്എസിനാൽ നയിക്കുന്ന കേന്ദ്ര ഭരണത്തിൽ രാജ്യം കൂടുതൽ അരക്ഷിതമാകുകയാണ്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് കലാപം സൃഷ്ടിച്ചും ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുത്ത് അവർക്കിടയിൽ ഭയം ജനിപ്പിച്ചും അധികാരം നിലനിർത്താനുള്ള ഹീന ശ്രമമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിന്റെ സ്വത്തെല്ലാം തട്ടിയെടുക്കാൻ വഖഫ് നിയമം ഭേദഗതി ചെയ്ത കേന്ദ്ര ഭരണക്കാർ അടുത്തതായി ലക്ഷ്യമിടുന്നത് ക്രൈസ്‌തവരെയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ആർഎസ്എസിന്റെ മുഖമാസികയായ ഓർഗനൈസറിൽ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചാണ് അവർ നയം പരസ്യമാക്കിയത്. ‘ഇന്ത്യയിൽ ആർക്കാണ് കൂടുതൽ ഭൂമിയുള്ളത്, വഖഫ് ബോർഡിനോ കത്തോലിക്കാ സഭക്കോ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കേണ്ടതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്.
ആർഎസ്എസ് രൂപീകരിച്ചിട്ട് 100 വർഷം തികയുന്ന 2025ൽ ഇന്ത്യയെ സമ്പൂർണ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതി അവർ മുമ്പേ പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ പത്തു വർഷമായി മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ ഈ ലക്ഷ്യത്തിലേക്കുള്ള കരുനീക്കങ്ങളാണ്. മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്നവർ ക്രൈസ്‌തവരെയും അതേ നിലയിലാണ് കാണുന്നതെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറത്തിന്റെ കണക്കുകൾതന്നെ തെളിവാണ്. ബിജെപി അധികാരത്തിൽവന്ന 2014 മുതൽ 2024 വരെയുള്ള 10 വർഷത്തിനിടയിൽ ക്രൈസ്‌തവർക്കെതിരെ 4317 ആക്രമണം നടന്നിട്ടുണ്ടെന്നാണ് അവർ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 763 ദേവാലയങ്ങൾ തകർക്കപ്പെട്ടു. എന്തിനേറെ പറയുന്നു ഈ വർഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ 120 ആക്രമണമാണ് നടന്നത്. ഗുജറാത്തിലെ വംശഹത്യപോലെ മണിപ്പുരിൽ ക്രൈസ്‌തവ വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള കലാപം തുടങ്ങിയിട്ട് രണ്ടു വർഷത്തോളം ആകാറായി.
വൈദികരെയും സന്യാസിനികളെയും വിശ്വാസികളെയും ആക്രമിക്കുക, ആരാധനാലയങ്ങൾ തകർക്കുക തുടങ്ങിയവയെല്ലാം ഇന്ത്യയിൽ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിത്യസംഭവമായിട്ടുണ്ട്. ഒഡിഷയിലെ കണ്ഡമാലിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മതനിരപേക്ഷ ഇന്ത്യയിലെ ഉണക്കാനാകാത്ത മുറിവാണ്. നിരാശ്രയരായ കന്യാസ്ത്രീകൾ ക്രൂരമായ പീഡനത്തിന് ഇരയായതിന്റെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നതാണ്. പള്ളികളെല്ലാം തകർത്തു. വൈദികരെ മർദിച്ച് ജീവച്ഛവമാക്കി. അവിടത്തെ സിപിഐ എം ഓഫീസുകളാണ് ഒടുവിൽ അവർക്ക് രക്ഷയായത്. പാർടി ഓഫീസിലാണ് കുർബാന ഉൾപ്പെടെ നടത്തിയത്. ക്രൈസ്‌തവരെ ഹിന്ദുക്കളാക്കാനുള്ള ‘ഘർ വാപസി' പദ്ധതി ആവിഷ്കരിച്ചതും നൂറുകണക്കിനു ക്രൈസ്‌തവ വിശ്വാസികളെ ബലം പ്രയോഗിച്ച് ഹിന്ദുവാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് സംരക്ഷണയിൽ സംഘപരിവാർ അക്രമികളുടെ നിരന്തര ആക്രമണത്തിന് ക്രൈസ്‌തവർ ഇരയാകുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് മധ്യപ്രദേശിലെ ജബൽപുരിലും ഒഡിഷയിലെ ജുബയിലും ഉണ്ടായത്. രണ്ടിടത്തും ആക്രമണത്തിന് ഇരയായത് മലയാളികളായ വൈദികരുൾപ്പെടെയാണ്. ജബൽപുരിൽ അമ്പതോളം വരുന്ന തീർഥാടക സംഘത്തെയാണ് സംഘപരിവാർ ആക്രമിച്ചത്. ഒടുവിൽ ഇവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയും മർദിച്ചു. സംഭവമറിഞ്ഞെത്തിയ മലയാളി വൈദികൻ ഡേവിഡ് ജോർജ് ഉൾപ്പെടെയുള്ളവരെ പൊലീസ് സ്‌റ്റേഷനിൽവച്ച് ക്രൂരമായി മർദിച്ചു. ഒഡിഷയിൽ പള്ളിയിൽ കയറിയാണ് മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരി ദയാനന്ദിനെയും സ്ത്രീകളുൾപ്പെടെയുള്ള വിശ്വാസികളെയും തല്ലിച്ചതച്ചത്.
മതപരിവർത്തനം ആരോപിച്ചാണ് പൊലീസ് സംരക്ഷണയിൽ സംഘപരിവാർ അഴിഞ്ഞാടിയത്. സഭാവസ്ത്രങ്ങളോ ചിഹ്നങ്ങളോ ധരിച്ച് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സഭാവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീകളെ ബന്ദികളാക്കി മർദിച്ചതും പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചതും അടുത്തിടെയാണ്. ഛത്തീസ്ഗഡിൽ സംഘപരിവാർ അക്രമം ഭയന്ന് ക്രൈസ്‌തവർക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു. ക്രൈസ്‌തവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇതു സംബന്ധിച്ച് വിശ്വഹിന്ദു നേതാക്കൾ പ്രതികരിച്ചത്.
മതനിരപേക്ഷ ഇന്ത്യയെ ഭിന്നിപ്പിച്ച് മതരാഷ്ട്രമാക്കാനുള്ള ആർഎസ്എസ് അജൻഡയ്ക്ക് മണ്ണൊരുക്കുകയാണ് കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി. പരസ്യമായി മത സൗഹാർദത്തിനുവേണ്ടി പറയുകയും മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ജനങ്ങളെ വർഗീയമായി വേർതിരിച്ച് കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള നിയമം നിർമിക്കുകയും അക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയുമാണ് കേന്ദ്ര ഭരണക്കാരുടെ തന്ത്രം. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ, കെ രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞ ഗതിയായിരിക്കും വരിക. ഹിറ്റ്‌ലറുടെ ഫാസിസത്തിനെതിരെ മാർട്ടിൻ നിമൊള്ളറുടെ വരികളാണ് ഉദ്ധരിച്ചത്. "കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയനിസ്റ്റുകൾ, ജൂതർ എന്നിവരെത്തേടി അവർ വന്നപ്പോൾ ഞാൻ പ്രതികരിച്ചില്ല, ഒടുവിൽ എന്നെത്തേടി വന്നപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ഉണ്ടായില്ല’. ബിജെപിയെ പിന്തുണയ്‌ക്കണമെന്നു പറയുന്ന കാസപോലുള്ള സംഘടനകളും അവരെ പിന്തുണയ്‌ക്കുന്ന പുരോഹിതന്മാരും ഈ വരികൾ ഓർമിക്കുന്നത് നല്ലതാണ്.











0 comments