ad
Deshabhimani

തീവ്രവർഗീയ 
അജൻഡകളുമായി സംഘപരിവാർ മുന്നോട്ട്‌

sanghapariwar agenda
വെബ് ഡെസ്ക്

Published on Jan 29, 2025, 12:00 AM | 2 min read


ലോക്‌സഭയിൽ കേവല ഭൂരിപക്ഷമില്ലാതെയാണ്‌ അധികാരത്തിലെങ്കിലും തങ്ങളുടെ തീവ്രവർഗീയ അജൻഡയുമായി വേഗത്തിൽത്തന്നെ മുന്നോട്ടുപോവുകയാണ്‌ കേന്ദ്രത്തിലെ ബിജെപി സർക്കാർ. വർഗീയ അജൻഡകൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും രംഗത്തുണ്ട്. രാജ്യത്തെ വഖഫ്‌ സ്വത്തുക്കൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ വഖഫ്‌ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതി നീക്കവും ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിച്ചതും വർഗീയനീക്കങ്ങളിൽനിന്ന്‌ അൽപ്പംപോലും പിന്നാക്കമില്ലെന്ന സംഘപരിവാർ പ്രഖ്യാപനമാണ്‌.


ഇസ്ലാമിക വിശ്വാസികൾ തങ്ങളുടെ സ്വത്തുക്കൾ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ദാനം ചെയ്യുന്നതാണ്‌ വഖഫ്‌. വിവിധ സംസ്ഥാനങ്ങളിലെ വഖഫ്‌ ബോർഡുകളാണ്‌ ഈ ഭൂമി കൈകാര്യം ചെയ്യുന്നത്‌. റെയിൽവേയും പ്രതിരോധവകുപ്പും കഴിഞ്ഞാൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഭൂമി വഖഫ്‌ ബോർഡുകൾക്ക്‌ കീഴിലാണ്‌. 9.4 ലക്ഷം ഏക്കർ ഭൂസ്വത്ത്‌ വിവിധ ബോർഡുകൾക്ക്‌ കീഴിലായുണ്ട്‌. ഈ സ്വത്തുക്കൾക്കാകെ 1.2 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നു. ഇതിൽ 27 ശതമാനവും ബിജെപി ഭരിക്കുന്ന യുപിയിലാണ്‌. ബംഗാളിലും പഞ്ചാബിലുമായി ഒമ്പത്‌ ശതമാനം വീതം സ്വത്തുണ്ട്‌. ലക്ഷക്കണക്കിന്‌ ഏക്കർ വഖഫ്‌ സ്വത്തായുള്ളത്‌ എക്കാലവും സംഘപരിവാറിനെ അലോസരപ്പെടുത്തിയിരുന്നു. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര വഖഫ്‌ കൗൺസിലിനെയും ബോർഡുകളെയും നിയന്ത്രണത്തിൽ കൊണ്ടുവരികയെന്ന ദീർഘകാല ലക്ഷ്യം സംഘപരിവാറിനുണ്ട്‌. കേന്ദ്ര വഖഫ്‌ കൗൺസിലിന്റെയും ബോർഡുകളുടെയും ഘടനയിലും മറ്റും വലിയ മാറ്റങ്ങൾ നിർദേശിച്ചുള്ള നിലവിലെ ഭേദഗതി ബിൽ സംഘപരിവാർ അജൻഡയുടെ ഭാഗമായാണ്‌.


വഖഫ്‌ കൗൺസിലിലും ബോർഡുകളിലും മുസ്ലിമല്ലാത്ത രണ്ടുപേരെ നിർബന്ധമായും ഉൾപ്പെടുത്താൻ ഭേദഗതി ബിൽ നിർദേശിക്കുന്നു. ഒപ്പം സിഇഒ ആയി വരുന്ന ഉദ്യോഗസ്ഥനും മുസ്ലിമാകണമെന്ന്‌ നിർബന്ധമില്ല. മുസ്ലിങ്ങളായ എംപിമാർ, എംഎൽഎമാർ, ബാർ കൗൺസിൽ അംഗങ്ങൾ, മുതവല്ലിമാർ എന്നിവരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു നിലവിൽ വഖഫ്‌ ബോർഡ്‌ അംഗങ്ങളായി നിയമിക്കപ്പെടുന്നത്‌. പുതിയ ഭേദഗതിയിൽ എല്ലാ അംഗങ്ങളെയും സർക്കാർ നാമനിർദേശം ചെയ്യും. ബിൽ നിയമമാകുന്നതോടെ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ സ്വാഭാവികമായും വഖഫ്‌ ബോർഡുകൾ അവരുടെ നിയന്ത്രണത്തിലാകും. സ്വതന്ത്രസ്വഭാവം നഷ്ടമാകും. ഇതോടെ തർക്കത്തിലുള്ള ഭൂമിയും മറ്റും പിടിച്ചെടുക്കാനുള്ള അവസരവുമൊരുങ്ങും.


കഴിഞ്ഞ ആഗസ്‌തിൽ ലോക്‌സഭയിൽ വിവാദ ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ പ്രതിപക്ഷ പാർടികൾ വലിയ എതിർപ്പുയർത്തി. ഇതോടെ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്‌ (ജെപിസി) വിട്ടു. 31 അംഗ ജെപിസിയിൽ സർക്കാർ ഭൂരിപക്ഷം ഉറപ്പുവരുത്തി. ജെപിസി യോഗങ്ങൾ പലപ്പോഴും സംഘർഷത്തിൽ കലാശിച്ചു. ചെയർമാൻ ജഗദംബികാ പാലിന്റെ ഏകപക്ഷീയ നീക്കങ്ങളോട്‌ വിയോജിച്ച പ്രതിപക്ഷ എംപിമാരെ സമിതിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങളെല്ലാം ചെയർമാൻ തള്ളി. ഭരണപക്ഷ എംപിമാർ കൊണ്ടുവന്ന 14 ഭേദഗതിമാത്രം അംഗീകരിച്ചു. ഭേദഗതി നിർദേശങ്ങളോടെയുള്ള റിപ്പോർട്ട്‌ ചെയർമാൻ വൈകാതെ സർക്കാരിന്‌ കൈമാറും. ബജറ്റ്‌ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാകും സർക്കാർ ശ്രമം.


ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിൽത്തന്നെ ബിജെപി നടത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രം, കശ്‌മീരിന്റെ പ്രത്യേക പദവി എന്നിവയ്‌ക്കൊപ്പം സംഘപരിവാറിന്റെ പ്രധാന അജൻഡയിലൊന്നാണ്‌ ഏക സിവിൽകോഡ്‌. കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയതോടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്‌ക്കുന്ന ഏക സിവിൽകോഡ്‌ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്‌ മാറി. മറ്റ്‌ ബിജെപി ഭരണ സംസ്ഥാനങ്ങളും വൈകാതെ നടപ്പാക്കും.


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും തീവ്രവർഗീയ അജൻഡകളിൽനിന്ന്‌ മാറാൻ സംഘപരിവാർ ഒരുക്കമല്ലെന്നതിന്റെ പ്രഖ്യാപനമാണ്‌ വഖഫ്‌ ഭേദഗതി നീക്കവും ഉത്തരാഖണ്ഡിലെ ഏക സിവിൽകോഡ്‌ നടപ്പാക്കലുമെല്ലാം. തെരഞ്ഞെടുപ്പിന്‌ മുമ്പായി രൂപപ്പെട്ട മതനിരപേക്ഷ പാർടികളുടെ ഐക്യം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനായാൽ മാത്രമേ സംഘപരിവാറിന്റെ വർഗീയനീക്കങ്ങൾക്ക്‌ തടയിടാനാകൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home