ad
Deshabhimani

അമിതാധികാരത്തിന്റെ
സംഘപരിവാർ യുക്തി

editorial.
വെബ് ഡെസ്ക്

Published on Apr 18, 2026, 12:30 AM | 2 min read

രാജ്യത്ത്‌ ദീർഘകാലത്തേക്കുള്ള സമഗ്രാധിപത്യത്തിനുള്ള പദ്ധതിയുമായാണ്‌ മോദി സർക്കാർ മൂന്നു ബില്ലുകളുമായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ രംഗത്തുവന്നത്‌. 2011ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണയം നടത്തി 50 ശതമാനം സീറ്റുകൾ വർധിപ്പിച്ചശേഷം ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാസംവരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലുകളാണവ. 33 ശതമാനം വനിതാസംവരണം നടപ്പാക്കാനും ലോക്‌സഭാ സീറ്റുകൾ 543ൽനിന്ന് 816 ആയി ഉയർത്താനും ലക്ഷ്യമിടുന്ന ഭരണഘടനാ (131–ാം ഭേദഗതി) ബിൽ, മണ്ഡല പുനർനിർണയ ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചത്‌. ​ഇ‍ൗ ബില്ലുകൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ പൊടുന്നനെ 2023ലെ നാരി ശക്തി വന്ദൻ അധിനിയം എന്ന സ്‌ത്രീസംവരണ ബിൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാർ. ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാനുള്ള നീക്കം പാളുമെന്നും സഭയിൽ നാണംകെടുമെന്നും ഉറപ്പായതോടെയാണ്‌ രാജ്യത്തെ വനിതകളുടെ കണ്ണിൽ പൊടിയിടാനുള്ള വിചിത്രമായ നീക്കം. ​വനിതാസംവരണത്തിന്റെ മറവിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയപ്രാതിനിധ്യം ദുർബലമാക്കുകയും കേന്ദ്രത്തിൽ ദീർഘകാല അധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടിയുള്ള പരീക്ഷണവുമായിരുന്നു ഇ‍ൗ മൂന്നു ബില്ലുകളുടെ അവതരണവും ചർച്ചയും.

ബിൽ പാസാക്കിയെടുക്കാനാകില്ലെന്ന്‌ വന്നതോടെയാണ്‌ 543 ലോക്‌സഭാംഗങ്ങളുടെ മൂന്നിലൊന്നായ 179 സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന നാരി ശക്തി വന്ദൻ അധിനിയം പ്രാബല്യത്തിലായെന്ന ഉത്തരവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്‌. സ്‌ത്രീകൾക്കൊപ്പമാണ്‌ തങ്ങളെന്ന പ്രതീതിയുണ്ടാക്കി കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്‌ക്കാനും ബിജെപിക്ക്‌ ആധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പാർലമെന്റ്‌ അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള ശ്രമമായിരുന്നു ഭരണഘടനാ ഭേദഗതിയിലൂടെ ലക്ഷ്യമിട്ടത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സാമന്ത സംസ്ഥാനങ്ങളാക്കി മാറ്റുകയെന്ന നീചബുദ്ധിയായിരുന്നു ഇതിനുപിന്നിൽ. ഭരണഘടനാ ഭേദഗതി ബിൽ പാസായിരുന്നുവെങ്കിൽ യുപിയിലെ സീറ്റുകൾ 80ൽനിന്ന്‌ 143ലേക്കാണ്‌ വർധിക്കുക. ബിഹാറിലേത്‌ 40ൽനിന്ന്‌ 73 ആയി വർധിക്കും. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നടന്ന മണ്ഡല പുനർനിർണയപ്രക്രിയ ബിജെപിയുടെ രാഷ്ട്രീയലാഭത്തിനായി വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിൽ അതിർത്തികൾ മാറ്റിവരയ്‌ക്കുന്നതിനുവേണ്ടിയായിരുന്നു എന്ന അനുഭവം നമുക്കുമുന്നിലുള്ളപ്പോൾ വനിതാസംവരണത്തിന്റെ മുഖംമൂടിയണിഞ്ഞുള്ള മണ്ഡല പുനർനിർണയവും സീറ്റ്‌ വർധിപ്പിക്കലും നിഷ്‌കളങ്കമായ നീക്കമല്ലെന്ന്‌ മനസ്സിലാക്കാൻ പ്രയാസമില്ല. പുതിയ സെൻസസ് വിവരങ്ങൾ ഇല്ലാതെ മണ്ഡല പുനർനിർണയം നടത്തുന്നത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട സീറ്റുകളുടെ വർധന തടയുന്നതിനു തുല്യമാണ്‌. ഇത് ആ വിഭാഗങ്ങളിലെ സ്‌ത്രീകൾക്കും അർഹമായ സംവരണസീറ്റുകൾ നഷ്‌ടപ്പെടാൻ കാരണമാകും. ​ജനസംഖ്യാനിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്‌ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വലിയ മുന്നേറ്റമാണ്‌ നടത്തിയത്‌. അതിന്റെ പേരിൽ ഇ‍ൗ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിക്കൂടാ.

കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും ന്യായമായ ഫെഡറൽ ക്രമമല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇ‍ൗ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്‌. സംസ്ഥാനങ്ങൾക്ക്‌ തുല്യതയും നീതിയും നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾ ഇനിയും ബിജെപി സർക്കാരിൽനിന്ന്‌ ഉണ്ടാകുമെന്ന്‌ ഉറപ്പ്‌. ​-െഫഡറൽ മൂല്യങ്ങൾക്ക്‌ ആർഎസ്‌എസും ബിജെപിയും എന്തു മൂല്യമാണ്‌ കൽപ്പിക്കുന്നതെന്ന്‌ ഒരിക്കൽക്കൂടി തെളിയുകയാണ്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിഷേധിക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നത്‌ യാദൃച്ഛികമല്ല. അത്‌ സംഘപരിവാറിന്റെ പ്രത്യയശാസ്‌ത്രം അടിച്ചേൽപ്പിക്കുന്നതിന്റെ തുടർച്ചയാണ്‌. ​ആർഎസ്എസ് സർസംഘചാലകായിരുന്ന എം എസ് ഗോൾവാൾക്കറുടെ വിചാരധാര എന്ന പുസ്‌തകത്തിലെ ഇനി പറയുന്ന വാചകംതന്നെ അതിന്‌ തെളിവ്‌: ‘‘നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറൽ ഘടനയെക്കുറിച്ചുള്ള എല്ലാ ചർച്ചകളെയും ആഴത്തിൽ കുഴിച്ചുമൂടുക എന്നതായിരിക്കും ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ നടപടി. എന്നിട്ട് ‘ഒരു രാജ്യം, ഒരു ഭരണകൂടം, ഒരു നിയമസഭ, ഒരു ഭരണനിർവഹണ വിഭാഗം' എന്ന് പ്രഖ്യാപിക്കുക.’’



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home