നാടിന് നാണക്കേടായി ഭരണക്കാരുടെ അഴിമതിയും തല്ലും

കോൺഗ്രസ് നയിക്കുന്ന മുന്നണി പത്ത് വർഷത്തെ ഇടവേളയ്‌ക്കുശേഷം അധികാരത്തിൽ തിരിച്ചെത്തിയതോടെ സംസ്ഥാനം കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. അഴിമതിക്കാരായ രാഷ്‌ട്രീയനേതാക്കളുടെ വിളയാട്ടങ്ങൾ പ്രമേയമാക്കിയ പഴയകാല മലയാള സിനിമാരംഗങ്ങളെ വെല്ലുകയാണ് യുഡിഎഫ് ഭരണം. അഴിമതിപ്പണം പങ്കിടുന്നതിനെച്ചൊല്ലി എംഎൽഎയുടെ നേതൃത്വത്തിൽ തർക്കം, തമ്മിലടി, രാപകൽ ഭേദമില്ലാതെ കൈയാങ്കളി, അന്യായ സ്ഥലംമാറ്റങ്ങൾക്കും അനധികൃത നിയമനങ്ങൾക്കും ഭരണകക്ഷി നേതാക്കളുടെയും എംഎൽഎമാരുടെയും സമ്മർദവും ഭീഷണിയും, പണപ്പിരിവിനായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, അവിഹിത ഇടപെടലുകൾക്ക് വഴങ്ങാത്ത ഉന്നത ഉദ്യോഗസ്ഥരെ വേട്ടയാടൽ എന്നിങ്ങനെ നീളുന്നു ‘ഭരണവിസ്‌മയങ്ങൾ’. ഇതിനോടൊന്നും വസ്‌തുനിഷ്‌ഠമായി പ്രതികരിക്കാതെയും ചോദ്യം ചോദിക്കുന്നവരെ പരിഹസിച്ചും മുഖസ്‌തുതിക്കാരെ ചേർത്തണച്ചും ജനാധിപത്യകേരളത്തെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സഹപ്രവർത്തകരും.
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് പങ്കാളിയായ അതിക്രമം രാഷ്‌ട്രീയത്തിൽ ധാർമികതയും സത്യസന്ധതയും പുലരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നാടാകെ കണ്ടു. സ്വന്തം പാർടിയിൽപ്പെട്ടവരെ എംഎൽഎ മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇരനാടകം കളിക്കുകയാണ് അവർ. തെളിവുകൾ എതിരായിട്ടും എംഎൽഎയെ രക്ഷിക്കാൻ കോൺഗ്രസുകാരെത്തന്നെ കുടുക്കേണ്ട ഗതികേടിലായി പൊലീസ്. എംഎൽഎയും കൂട്ടരും ഒരുവശത്തും കോൺഗ്രസുകാരനായ ജില്ലാ പഞ്ചായത്ത് അംഗം മറുവശത്തുമായി ആരോപണപ്രത്യാരോപണങ്ങൾ ചൊരിഞ്ഞു. തർക്കത്തിനും തല്ലിനും അടിസ്ഥാനകാരണം അനധികൃത പണപ്പിരിവാണെന്ന് നാട്ടുകാർക്കെല്ലാം ബോധ്യമായി. എംഎൽഎയുടെ സന്തതസഹചാരിയായ, മണ്ഡലത്തിനും ജില്ലയ്‌ക്കും പുറത്തുള്ള കോൺഗ്രസ് നേതാവിന്റെ ചെയ്‌തികളും ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കും ഇൗ തമ്മിലടി കാരണം ദുരനുഭവങ്ങൾ നേരിടേണ്ടിവരുന്നു. ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് തന്നെ ആക്രമിച്ചതെന്നും മകളെ എംഎൽഎയും സംഘവും ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് പ്രാദേശിക നേതാവ് പരാതിപ്പെടുന്നു.
കോൺഗ്രസിന്റെ മുഖം അപ്പാടെ വികൃതമാക്കിയ സംഭവത്തിൽ അന്വേഷണകമീഷനെവച്ച് തടിയൂരാനുള്ള കെപിസിസി നേതൃത്വത്തിന്റെ തീരുമാനം അതിലേറെ പരിഹാസ്യമായി. കമീഷന്റെ മുന്നിൽ ഹാജരാകില്ലെന്ന് എംഎൽഎ പ്രഖ്യാപിച്ചത് കോൺഗ്രസിലെ അരാജകത്വം സർവസീമയും ലംഘിച്ചതിന് തെളിവാണ്. മുഖ്യഉത്തരവാദികളെ ശിക്ഷിക്കാതെ സംഭവത്തിലെ സഹവേഷക്കാരെ സസ്‌പെൻഡ് ചെയ്‌ത് അസംബന്ധം ആവർത്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇരുപക്ഷവും വെല്ലുവിളിയും ആരോപണവർഷവും തുടരുകയാണ്. എംഎൽഎയുടെ എതിർപക്ഷത്തുനിൽക്കുന്ന ജില്ലാ പഞ്ചായത്ത് അംഗത്തിന് കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായ പിന്തുണ നൽകുന്നു.
പത്ത് വർഷത്തെ അധികാരനഷ്ടത്തിന്റെ വെപ്രാളത്തിൽ ആർത്തി മൂത്ത് കണ്ടിടത്തുനിന്നെല്ലാം പണം വാരാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതാണ് ഇൗ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. കരാറുകാരിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും ഉദ്യോഗാർഥികളിൽനിന്നും പണംപിരിക്കാൻ ലജ്ജയില്ലാതെ കോൺഗ്രസ് നേതാക്കളും യുഡിഎഫിലെ ഇതരഘടകകക്ഷി നേതാക്കളും ശ്രമിക്കുന്നു. വോട്ടെണ്ണലിൽ യുഡിഎഫിന് ഭരണം കിട്ടുമെന്ന് ഉറപ്പായപ്പോൾത്തന്നെ സ്ഥലംമാറ്റങ്ങൾ വഴി വൻഅഴിമതിക്ക് ചില സംഘടനകൾ നീക്കം തുടങ്ങി. നിർണായക തസ്‌തികകളിൽ സ്ഥലംമാറ്റത്തിന് തുടക്കമിട്ട് പണപ്പിരിവിന് കളമൊരുക്കി. ഇതിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സുപ്രധാന തസ്‌തികകളിൽനിന്ന് പറപ്പിച്ചു. പല വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും യുഡിഎഫ് അനുകൂല സംഘടനകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് അഴിമതി ലക്ഷ്യമിട്ടാണ്. ഫിഷറീസ് വകുപ്പിൽ അനധികൃത നിയമനങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന് ആലപ്പുഴയിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറെ എംഎൽഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റിയത് ഭരണഹുങ്കിന്റെ മറ്റൊരു പ്രകടനം. മലപ്പുറത്തും തിരുവനന്തപുരത്തും എറണാകുളത്തും ഭരണപക്ഷ എംഎൽഎമാർ സമാന ഇടപെടലുകൾ നടത്തിയതിന്റെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഇതിനോടെല്ലാം മാധ്യമങ്ങൾ എടുക്കുന്ന സമീപനം യുഡിഎഫിന്റെയും കോൺഗ്രസിന്റെയും കൊള്ളരുതായ്‌മകൾക്ക് വളംവച്ചുകൊടുക്കുന്ന വിധത്തിലാണ്. ഭാവനാവിലാസത്തിന്റെ അടിസ്ഥാനത്തിൽ വാർത്തകൾ ചമച്ച് സിപിഐ എമ്മിനെ വേട്ടയാടാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ അഴിമതിയുടെയും ചേരിപ്പോരിന്റെയും ചെളിക്കുണ്ടിൽ വീണ കോൺഗ്രസിനെ രക്ഷിക്കാൻ നാണംകെട്ട മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇത്രയും തരംതാണ തൊഴുത്തിൽക്കുത്ത് കോൺഗ്രസിൽ നടക്കുമ്പോഴും അവരെ തലോടിയാണ് വാർത്തകൾ അവതരിപ്പിക്കുന്നത്. ജനങ്ങളെ പരിഹസിക്കുകയാണ് ഇരുകൂട്ടരും. ക്രമസമാധാനപാലന ചുമതല നീതിപൂർവം നിർവഹിക്കേണ്ട പൊലീസാകട്ടെ, ആഭ്യന്തരവകുപ്പ് കൈയാളുന്ന പാർടിയിലെ തമ്മിലടിയിൽ കാഴ്‌ചക്കാരാണ്. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളെ നിഷ്‌ഠുരം അടിച്ചമർത്താൻ ശ്രമിക്കുന്ന പൊലീസ് കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയിൽ നടപടി എടുക്കാൻ ആരുടെയോ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്.










0 comments