ഇതാ അത്ഭുതക്കാഴ്‌ചകളുടെ കൂടാരം

കോഴിക്കോട് നഗരത്തിൽ നടക്കുന്ന ബോംബെ സർക്കസിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട്
നൃത്തച്ചുവടുകളും അഭ്യാസപ്രകടനവും കോർത്തിണക്കിയ എത്യോപ്യൻ സംഘം, നേപ്പാൾ യുവതികളുടെ അക്രോബാറ്റിക്‌സും ഫൂട്ട് ഓവർ ബാസ്‌കറ്റ് ബോളും, റഷ്യൻ യുവതികളുടെ ട്രീപ്പിസ്... കോഴിക്കോട് ടാഗോർ ഹാളിന് സമീപത്തൊരുക്കിയ തന്പിൽ വിടരുന്നത് ആരെയും അന്പരിപ്പിക്കുന്ന വിസ്‌മയക്കാഴ്‌ചകൾ. റഷ്യൻ യുവതികളുടെ ഫ്ലയിങ് ട്രബ്ലീസ്, ടവർ ബാസ്‌കറ്റ് ബോൾ, സൈക്ലിങ് അഭ്യാസം, റഷ്യൻ യുവാക്കളുടെ ഫയർ ഡാൻസ് എന്നിവ മനംനിറയ്‌ക്കും. വിഴുങ്ങിയ മത്സ്യത്തെ തിരികെ ജീവനോടെ പുറത്തെത്തിക്കുന്ന ഫിഷ് ആക്ട്, ഉടമസ്ഥന് സല്യൂട്ട് കൊടുത്ത് നടന്നുനീങ്ങുന്ന നായ... എന്നിങ്ങനെ അത്ഭുതക്കാഴ്‌ചകളുടെ കൂടാരം തുറക്കുകയാണ് ഗ്രേറ്റ് ബോംബെ സർക്കസ്. മായാപ്രകടനങ്ങളുമായി 68 കലാകാരന്മാർ ചേർന്നൊരുക്കുന്ന 32 ഇനങ്ങളാണ് കാഴ്‌ചക്കാരെ കാത്തിരിക്കുന്നത്. മണിപ്പൂരിന്റെ കലാകാരന്മാർ മുൾമുനയിൽ ശരീരം താങ്ങിനിർത്തുന്ന പ്രകടനവും നീളമേറിയ സാരിയിൽ തൂങ്ങി മനോഹരമായ നൃത്തച്ചുവടുകളോടെ പറന്നിറങ്ങുന്ന നർത്തകിയുടെ പ്രകടനങ്ങളും ആകർഷകമാണ്. നായകളുടെയും പക്ഷികളുടെയും അഭ്യാസപ്രകടനങ്ങളുമുണ്ട്. ചൈനീസ് റോളർ ഐറ്റം, അമേരിക്കൻ ലിമ്പിങ് ബോർഡ്, റഷ്യൻ സ്‌പൈഡ് റിങ്, റഷ്യൻ ക്ലൗൺ സ്‌കിപ്പിങ്, ട്രപ്പീസ് തുടങ്ങി വ്യത്യസ്‌ത ഇനങ്ങളുമുണ്ട്. പകൽ ഒന്നിനും വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്‌ക്കും തുടങ്ങുന്ന മൂന്ന് പ്രദർശനങ്ങളാണുള്ളത്. 28ന് സമാപിക്കും. തീയെ മെരുക്കുന്ന ഫയർ ഡാൻസിന്റെ മാസ്‌മരികത അനുഭവിക്കാൻ 7.30ന്റെ പ്രദർശനത്തിനെത്തണം. മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ഗ്രൂപ്പായെത്തുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് ഇളവുമുണ്ട്.









0 comments